ആ 65 കോടി വിജയ്‌യുടെ പണമല്ല; തെളിവുനിരത്തി ആരാധകർ
Mail This Article
തമിഴ് നടന്‍ വിജയ്‌യിൽ നിന്നും 65 കോടി പിടിച്ചെടുത്തെന്ന വാർത്ത വ്യാജമാണെന്ന് കാണിച്ച് താരത്തിന്റെ ആരാധകർ. ദേശീയവാർത്താ ഏജൻസിയിലാണ് വിജയ്‌യുടെ വസതിയിൽ നിന്നും കണക്കിൽപെടാത്ത 65 കോടി പിടിച്ചെടുത്തതായി വാർത്ത വന്നത്. വലിയ ബാഗുകളിൽ അടുക്കിവച്ചിരിക്കുന്ന പണത്തിന്റെ ചിത്രങ്ങളും വാര്‍ത്തയുടെ കൂടെ നൽകിയിരുന്നു.
എന്നാൽ ഈ തുക സിനിമാ നിർമാണത്തിനു ഫണ്ട് നൽകുന്ന അൻപു ചെഴിയന്റെ മധുരയിലെ ഓഫിസിൽ നിന്നും പിടിച്ചെടുത്തതാണ്. താരത്തെ താറടിക്കാൻ മനഃപൂർവം ചിലർ കളിക്കുന്നതാണെന്നും ഇത് പകപോക്കലാണെന്നും വിജയ് ആരാധകര്‍ പറയുന്നു.
സിനിമാ നിർമാതാക്കളുടെയും രാഷ്ട്രീയക്കാരുടെയും ബിനാമി ഇടപാടുകാരനാണ് അൻപു ചെഴിയൻ. ബിഗില്‍ നിര്‍മാതാക്കളായ എജിഎസ് ഫിലിംസിന് സാമ്പത്തിക സഹായം നൽകിയതും വ്യവസായി അൻപു ചെഴിയനാണ്. ചെന്നൈയിലെ ഓഫിസിൽ നിന്ന് 50 കോടിയും മധുരയിൽ നിന്ന് 15 കോടിയും പിടിച്ചെടുത്തു. ബിഗിൽ നിർമ്മാതാക്കളായ എജിഎസ് ഫിലിംസിന്റെ ഓഫിസിൽ നിന്ന് ഇന്നലെ 24 കോടി പിടിച്ചെടുത്തിരുന്നു.
അതേസമയം നടൻ വിജയ്‌യുടെ വീട്ടിലെ പരിശോധന തുടരുകയാണ്. ചെന്നൈ നീലങ്കരയിലെ വീട്ടിലാണ് പരിശോധന. ഇന്നലെ വൈകിട്ട് ആരംഭിച്ച നടപടികള്‍ ഇപ്പോഴും തുടരുകയാണ്. ബിഗിൽ സിനിമയുടെ പ്രതിഫലം സംബന്ധിച്ച് നിർമാണ കമ്പനിയും വിജയും നൽകിയ കണക്കുകളിലെ വൈരുദ്ധ്യമാണ് പരിശോധനയ്ക്ക് കാരണമായി പറയുന്നത്