‘നിനക്ക് യാത്രാ മൊഴി നൽകാൻ എന്നെക്കൊണ്ട് പറ്റുന്നില്ലടാ’
Mail This Article
അന്തരിച്ച സംവിധായകനും നടനും തിരക്കഥാകൃത്തുമായ ജിബിറ്റ് ജോജിന്‍റെ ഓര്‍മകളിൽ തേങ്ങി നടൻ നവജിത്ത് നാരായണൻ. ജിബിറ്റ് തിരക്കഥയൊരുക്കി ജിബിറ്റും ജിനോയും ചേര്‍ന്ന് സംവിധാനം ചെയ്ത കോഴിപ്പോര് എന്ന സിനിമയിൽ നായകനായിരുന്നത് നവജിത്ത് ആയിരുന്നു.
നവജിത്തിന്റെ കുറിപ്പ് വായിക്കാം:
ഇതിനു വേണ്ടിയാണോ ജിബിറ്റെ ഇത്രയും സ്വപ്നങ്ങൾ നീ നെയ്തു കൂട്ടിയത്. ഒരു നോക്ക് അവസാനമായി കാണാൻ പറ്റിയില്ലല്ലോടാ. കോഴിപ്പോര് എന്ന സിനിമയുണ്ടാക്കാൻ നീ ആദ്യം എന്നെ വന്ന് കണ്ട നാളുകൾ അതിനുശേഷം ഒരുമിച്ച് ഒരേ ബെഡിൽ കഴിഞ്ഞുകൂടിയ മാസങ്ങൾ , കോഴിപ്പോര് എന്ന നമ്മുടെ സിനിമയുടെ പ്രീ പ്രൊഡക്‌ഷൻ,ഒരുമിച്ച് നടത്തിയ യാത്രകൾ, തമാശകൾ ചെറുതും വലുതുമായ ചെറിയ ചെറിയ വഴക്കുകൾ ഒടുവിൽ നീ എന്നെ വിളിച്ചപ്പോഴും കരുതിയിരുന്നില്ല നീ പോകുന്ന യാത്ര ഒരുപാട്
ദൂരേക്കാണെന്ന്.
എന്തു പ്രശ്നം വന്നാലും തന്റേടത്തോട് കൂടി നിന്ന് നേരിട്ട നിനക്ക് ഇതിനെ ചെറുത്തു നിൽക്കാൻ പറ്റിയില്ലല്ലോടാ. പെട്ടെന്ന് പൊട്ടിത്തെറിക്കുകയും പെട്ടെന്ന് സങ്കടപ്പെടുകയും ചെയ്യുന്ന നിന്നെ തിരിച്ചറിഞ്ഞത് കോഴിപ്പോരിന്റെ പ്രമോഷൻ സമയത്തായിരുന്നു. ആര് എന്ത് കാര്യം പറഞ്ഞാലും അത് പറ്റില്ല എന്ന് പറയാൻ നിനക്ക് ആവില്ല എന്ന് മനസ്സിലാക്കിയ കുറേയേറെ നാളുകൾ മറക്കാൻ പറ്റാത്ത ഒരുപാട് നിമിഷങ്ങൾ.
നമ്മുടെ കോഴിപ്പോരിൽ നീ അഭിനയിച്ച സീൻ കണ്ടപ്പോഴേ നീ എന്ന നടൻ മലയാള സിനിമയിൽ ഉണ്ടാകും എന്ന് വിചാരിച്ചതാണ് എല്ലാം ബാക്കിവെച്ചാണ് നിന്റെ യാത്ര. സങ്കടവും ദേഷ്യവും ആഗ്രഹവും ലക്ഷ്യവും സ്വപ്നവും എല്ലാം മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഉള്ള കുറച്ചു നിമിഷങ്ങൾ മാത്രമാണ് എന്ന് നിന്നിലൂടെ മനസ്സിലായി....... നിന്നെ ഓർമിക്കാൻ എനിക്ക് സാധിക്കില്ല, കാരണം മറക്കാൻ പറ്റുമെങ്കിൽ മാത്രമല്ലേ ഓർമ എന്ന വാക്കിന് അർത്ഥമുള്ളൂ.....നിനക്ക് യാത്രാ മൊഴി നൽകാൻ എന്നെക്കൊണ്ട് പറ്റുന്നില്ലടാാ.....