ഇർഫാൻ ഖാനും അന്‍വർ റഷീദും തമ്മിലെന്ത്?
Mail This Article
‘ കടൽ എന്റെ വീടിനുള്ളിലേക്ക് കയറി വന്നിരിക്കുന്നു’
‘ കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുന്നു.’
മഖ്ബൂൽ എന്ന സിനിമയിൽ ഇർഫാൻ ഖാൻ അവതരിപ്പിച്ചു കഥാപാത്രം എഴുപതാം സീനിലും എഴുപത്തൊന്നാം സീനിലുമായി പറഞ്ഞ വാചകങ്ങൾ.
‘ദരിയാ ഘുസ് ആയാ ഹൈ മേരേ ഘർ മേം.'
'നാവ് ഡൂബ് ഗയി ബാവു’
മഖ്ബൂലിനു ജീവൻ നൽകിയ നടൻ ജീവിതത്തിന്റെ തിരശ്ശീലയില്‍ നിന്നു മറഞ്ഞു കഴിഞ്ഞിരിക്കുന്ന ഇൗ സന്ദർഭത്തിൽ ഒരു ഷേക്സ്പിയർ നാടകത്തിന്റെ ദുരന്താത്മകമായ പ്രവചനശേഷിയോടെ ആ വാക്കുകൾ വീണ്ടും ഇരച്ചു കുത്തിയൊഴുകി വരുന്നു. മനസ്സിനെ ഒാര്‍മ്മകളുടെ കടലെടുക്കുന്നു. തിരയൊന്നൊതുങ്ങുമ്പോൾ ഒരു ചങ്ങാതിയുടെ മുഖം തെളിഞ്ഞു തെളിഞ്ഞു വരുന്നു. അന്‍വർ റഷീദ് എന്ന സംവിധായകന്റെ മുഖം. ഇർഫാൻ ഖാനും അൻവർ റഷീദും തമ്മിലെന്ത്? ‘സ്ത്രീയേ എനിക്കും നിനക്കും തമ്മിലെന്ത്?’ എന്ന് പണ്ട് കർത്താവ് ചോദിച്ചതു പോലുള്ള ചോദ്യമൊന്നും അല്ലിത്. പ്രകടമായൊന്നുമില്ല എന്നതാണതിന്റെ ഉത്തരം . എന്നാൽ ലാലു അലക്സിനെ അനുകരിക്കുന്ന മിമിക്രിക്കാരുടെ ഭാഷയിൽ ‘പേഴ്സണലായി’ നോക്കിയാൽ അവരെ തമ്മിൽ കൂട്ടിയിണക്കുന്ന ഒരു കണ്ണിയെക്കുറിച്ചു പറയാൻ ചിലതുണ്ട് താനും.
രണ്ട് ദശാബ്ദങ്ങള്‍ക്ക് മുൻപൊരു സായാഹ്നം മഹാരാജാസ് കോളജിലെ മെയ്ൻ ഹാളാണ് രംഗം. മുട്ട ബൾബുകൾ പടർത്തുന്ന മഞ്ഞ വെളിച്ചത്തിൽ ആറാടി നിൽക്കുന്ന അന്തരീക്ഷം .യൂണിവേഴ്സിറ്റി നാടക മത്സരത്തിനു കോളജ് ടീമിനെ ഒരുക്കാൻ വന്നിരിക്കുന്ന ഒരാൾക്കു ചുറ്റും അഭിനയതല്പരരായ ചെറുപ്പക്കാരുടെ ഒരു സംഘം വട്ടത്തിലിരിക്കുകയാണ്. ഒരാഴ്ച നീണ്ട കാസ്റ്റിങ്ങ് സെഷൻ കഴിഞ്ഞ് ഏതൊക്കെ കഥാപാത്രങ്ങളെ ഏതൊക്കെ ആൾക്കാർ അവതരിപ്പിക്കണമെന്ന് നാടക സംവിധായകൻ ദീപൻ ശിവരാമൻ അറിയിക്കാനൊരുങ്ങി. അതെ, ഖസാക്കിന്റെ ഇതിഹാസവും സ്പൈനൽ കോഡും ക്യാബിനറ്റ് ഒാഫ് ഡോക്ടർ കാലിഗരിയും ഒക്കെ അരങ്ങിലെത്തിച്ച അതേ ദീപൻ ശിവരാമൻ തന്നെ . സ്വന്തം സംസ്ഥാനത്ത് മാത്രമല്ല വിദേശ രാജ്യങ്ങളിലടക്കം അരങ്ങവതരണങ്ങളുടെ പെരുമ പടർത്തിയ നാടക ജീനിയസ്. ടീമിൽ കയറിക്കൂടുമോ എന്ന് ആശങ്കപ്പെട്ടിരുന്ന മുഖങ്ങളെ നോക്കി ദീപൻ ഒരു ചോദ്യമെറിഞ്ഞു.
‘ദി റൈസ് ആന്റ് ഫോള്‍ ഒാഫ് കിങ്ങ് മാക്ബെത്ത് എന്ന നാടകത്തിലെ കഥാപാത്രങ്ങൾ ആരൊക്കെയാകണം എന്നാണ് നിങ്ങളുടെ ഒാരോരുത്തരുടേയും അഭിപ്രായം?’
ക്യാമ്പംഗങ്ങളുടെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷം അദ്ദേഹം ഒരു ലിസ്റ്റ് പറഞ്ഞു.
ലേഡി മാക്ബെത്ത്– അമ്പിളി ഗോപാലകൃഷ്ണൻ
ഡങ്കൻ പ്രഭു– ആഷിഖ് അബു
ബാങ്കോ–ബിപിൻ ചന്ദ്രൻ
മാക്ഡഫ്– സന്തോഷ് മുട്ടൻ
നരകകാവൽക്കാരൻ– നിശാന്ത് സാറ്റു
ലെനക്സ്– സേതു .ജി
റോസ്–റിയാസ് .വി.എം
യോദ്ധാവ്–സിജീഷ് ദാസ്
കേന്ദ്രകഥാപാത്രമായ മാക്ബെത്തിന്റെ കാര്യം മാത്രം ദീപന് നിർദേശിക്കേണ്ടതായി വന്നില്ല. കാരണം ക്യാമ്പംഗങ്ങളിൽ ഒന്നൊഴിയാതെ എല്ലാവരും മുൻപേ തന്നെ ആ പേര് നിര്‍ദ്ദേശിച്ചു കഴിഞ്ഞിരുന്നു. അന്‍വർ റഷീദ് എന്നായിരുന്നു ആ അഭിനേതാവിന്റെ പേര്. മഹാരാജാസിലെ മാക്ബെത്ത് സംഘത്തിലെ മുക്കാലേൽ മുണ്ടാണിയും ഇന്ന് സിനിമാക്കാരാണ്. അതിൽ എല്ലാവരെയും തന്നെ ഒന്നര മാസത്തോളം നീണ്ടുനിന്ന ആ നാടക പരിശീലനക്കാലം ഏറിയും കുറഞ്ഞുമുള്ള അളവുകളിൽ സ്വാധീനിച്ചിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല
പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ റിഹേഴ്സലുകൾ കഴിഞ്ഞ് അൻവറുമൊത്ത് തളർന്നു കുത്തി നടന്ന് ചെന്ന് ഹോസ്റ്റലിലെ മൂട്ടക്കട്ടിലിലേക്ക് വാഴത്തട വെട്ടിയിട്ട പോലെ മറിഞ്ഞു വീണു കിടന്നുറങ്ങിയിരുന്ന ആ ദിനങ്ങൾ ഇന്നലെയെന്നതു പോലെ സജീവമായി സ്മരണയുടെ സെല്ലുലോയ്ഡിൽ നിറം മങ്ങാതെ നില്‍ക്കുന്നുണ്ട്. ആഷിഖ് അബു , അജയ് ദേവ് എന്നിവർ യാഥാക്രമം എഡിറ്റ് ചെയ്ത മഹാരാജാസ് കോളജ് മാഗസിനുകള്‍ക്കായിരുന്നു 1998, 1999 വർഷങ്ങളിലെ മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി തുടർച്ചയായി ലഭിച്ചത്. അന്‍വറുമായുള്ള ചങ്ങാത്തത്തിന്റെ മിനുസമുള്ള സുവനീറായി കൈയിലിപ്പോഴും കരുതിവച്ചിട്ടുണ്ട് ഞങ്ങൾ മാക്ബൗത്തിന്റെയും ബാങ്കോയുടെയും വേഷത്തിൽ യോദ്ധാക്കളായി നിൽക്കുന്ന കവർചിത്രമുള്ള മഹാരാജാസ് 99 മാഗസിൻ.
മഹാരാജാസിന്റെ ഹോസ്റ്റൽ മുറിയിൽ നിന്നു തന്നെയാണ് കൊച്ചിൻ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച കുറോസാവ ഫിലിം ഫെസ്റ്റിവലിനു പോയതും. തന്റെ അഭിനയ പാടവം കൊണ്ട് അന്‍വർ റഷീദ് വിവർത്തനം ചെയ്തു തന്ന മാക്ബെത്തിന്റെ സാധ്യതകളെ ‘ത്രോൺ ഒാഫ് ബ്ലഡിലെ തോഷിറോ മിഫ്യൂൺ പതിന്മടങ്ങ് വിപുലീകരിച്ചു തന്നു. അമ്പരപ്പോടെയേ ആ മനുഷ്യാദ്ഭുതത്തിന്റെ പ്രകടനങ്ങളെ ഒാര്‍ത്തെടുക്കാൻ കഴിയൂ. ഏത് കൃതിയും അതിന്റെ വ്യഖ്യാതാക്കളിലൂടെയാണ് വളരുകയും പടരുകയും ചെയ്യുക. ഏത് മികച്ച നടന്റെയും അത്യന്തികമായ ധർമ്മം അതു തന്നെയാണ്.
കഥകളെ തന്റെ ഉടൽ നിലകളാലും പ്രകടനങ്ങളാലും കാണികൾക്ക് വ്യാഖ്യാനിച്ചും വിശദീകരിച്ചും കൊടുക്കുക. അരങ്ങിലെയും തിരയിലെയും മികച്ച വ്യാഖ്യാതാക്കളെയാണ് നാം മഹാനടന്മാരെന്നു വിളിക്കുക. അത്തരമൊരു മഹാനടനായിരുന്നു അടുത്തിടെ അരങ്ങും തിരയുമൊഴിഞ്ഞു പോയ ഇർഫാൻ ഖാൻ.
അങ്ങനെയൊരു നടനെക്കുറിച്ച് ആദ്യം പറഞ്ഞു തന്നത് അന്‍വർ റഷീദ് തന്നെയായിരുന്നു. അവൻ നിർദേശിച്ചിരുന്നില്ലെങ്കിൽ ബോക്സ് ഒാഫീസിൽ വലിയ ചലനങ്ങളൊന്നുമുണ്ടാക്കാഞ്ഞ മഖ്ബൂൽ എന്ന ഹിന്ദി ചിത്രം കാണാൻ തുനിയുമായിരുന്നോ എന്ന് സംശയമാണ്. മാക്ബെത്തിന്റെ മനോഹരമായ അഡാപ്റ്റേഷനായിരുന്നു ആ ചിത്രം. പൂർണമായും കറുപ്പോ വെളുപ്പോ ആയ മനുഷ്യരില്ല. ഇരുളും വെളിച്ചവും ചേര്‍ന്ന് അനുക്ഷണം മാറ്റി മറിക്കുന്നൊരു വിചിത്ര മിശ്രിതമാണ് മനുഷ്യമനസ്സ്. ഷേക്സ്പ്പിയർ നാടകത്തിലെ മന്ത്രവാദിനികള്‍ പറയും പോലെ നല്ലതു കെട്ടതും കെട്ടതു നല്ലതുമാകുന്നു.
Fair is foul and foul is fair
മനുഷ്യാന്തരംഗങ്ങളിൽ നിരന്തരം അരങ്ങേറുന്ന നിഴൽ നാടകങ്ങളെ എത്ര വിദഗ്ദ്ധമായാണ് ഇർഫാൻ മഖ്ബൂലിൽ ആവിഷ്ക്കരിച്ചത്. അതിനു ശേഷം ചില ഹിന്ദി സിനിമകൾ കാണണോ വേണ്ടയോ എന്ന തീരുമാനത്തെത്തന്നെ സ്വാധീനിക്കുന്ന ഘടകമായിത്തീർന്നു ആ നടന്റെ സാന്നിധ്യം . മഖ്ബൂലിന്റെ സംവിധായകൻ വിശാൽ ഭരദ്വാജ് ഒരിക്കൽ പറഞ്ഞു.
‘സിനിമയ്ക്കു വേണ്ടി പണം മുടക്കാന്‍ തയാറായ ഒരാളെ കണ്ടെത്താൻ എനിക്ക് രണ്ട് വർഷത്തോളം വേണ്ടി വന്നിരുന്നു. അപ്പോഴേക്കും ഒന്നല്ലെങ്കിൽ മറ്റൊരു കാരണം കൊണ്ട് മിക്ക താരങ്ങളും നിർമാതാക്കളുമൊക്കെ അത് നിരസിച്ചിരുന്നു. അവർ അങ്ങനെ ചെയ്തതിനു ദൈവത്തിനു നന്ദി . കാരണം ഇര്‍ഫാൻ ഖാനു മാത്രമേ എന്റെ മഖ്ബൂൽ ആകാന്‍ കഴിയുമായിരുന്നുള്ളൂ.’
അതിനെ ശരി വയ്ക്കുന്ന ഇർഫാൻ പ്രകടനങ്ങള്‍ എത്രയോ സിനിമകളിൽ പ്രേക്ഷകർ പിന്നീട് കണ്ടു. ലൈഫ് ഇന്‍ ദി മെട്രോയിൽ, ബില്ലു ബാർബറിൽ,ലൈഫ് ഒാഫ് പൈയിൽ,സ്ലം ഡോഗ് മില്യണറിൽ, പീക്കുവിൽ, ഹൈദറിൽ,ലഞ്ച് ബോക്സില്‍.... അങ്ങനെ എത്രയെത്ര ചിത്രങ്ങളില്‍........... 2012 ൽ പുറത്തിറങ്ങിയ പാൻ സിങ്ങ് തോമറിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരവും ഇര്‍ഫാനെ തേടിയെത്തി. ദുല്‍ഖര്‍ സൽമാനൊപ്പം കാരവാനിലും പാര്‍വതി തിരുവോത്തിനൊപ്പം കരീബ് കരീബ് സിംഗിളിലും അദ്ദേഹം അഭിനയിച്ചപ്പോൾ അത് മലയാള സിനിമയ്ക്കും മലയാളികൾക്കും സന്തോഷമേകിയ വാര്‍ത്തയായി. ചില വ്യക്തികളുടെ ഇടപെടലുകളിലൂടെയാണല്ലോ വേർതിരിവുകളുടെ വേലിക്കെട്ടുകൾ പൊളിഞ്ഞു പൊളിഞ്ഞു തുടങ്ങുക. വ്യക്തി ജീവിതത്തിലെ പ്രകടനപരതയിൽ തീരെ വിശ്വസിക്കാതിരുന്ന ആളായിരുന്നു ഇർഫാന്‍. മഹാനായ ആ അഭിനേതാവിനെ അടുത്തറിയാൻ താല്‍പര്യമുള്ളവർക്ക് ഉപകാരപ്രദമായൊരു പുസ്തകമായിരിക്കും അസിം ഛാബ്ര തയ്യാറാക്കിയ ‘ഇർഫാൻ ഖാൻ : ദി മാൻ, ദി ഡ്രീമർ, ദി സ്റ്റാർ'.
ന്യൂറോ എൻഡോക്രൈൻ ട്രൂമർ എന്ന അപൂര്‍വ്വ ഇനം അർബുദത്തോടുള്ള പോരാട്ടത്തിലായിരുന്നു അവസാന നാളുകളിൽ അദ്ദേഹം. മരണമെന്ന പ്രതിഭാസത്തിനു മുമ്പിൽ ഏതൊരാള്‍ക്കും തലകുനിക്കേണ്ടിവരും . അത് നടനാകട്ടെ ഭടനാകട്ടെ പാപിയാകട്ടെ പാതിരിയാകട്ടെ നല്ലവനാകട്ടെ കെട്ടവനാകട്ടെ . അനിവാര്യമായി ആ ദുരവസ്ഥയെക്കുറിച്ച് ഷേക്സ്പിയർ മാക്ബൈത്തിൽ എഴുതി.
" Out out brief candle !
Life is but a walking Shadow; a poor player
Thar struts and frets his hour
upon the stage,
And then is heard no more:
it is a tale
Told by an idiot,
full of sound and fury,
Signifying nothing.”
പക്ഷേ ഇര്‍ഫാൻ ഖാനെ അടയാളപ്പെടുത്താൻ ഇൗ വരികൾ യോജിക്കാതെ വരും. അനിവാര്യമായ ദുരന്തവിധി ഏറ്റുവാങ്ങുമെന്ന് ഉറപ്പായപ്പോഴും തോറ്റു കൊടുക്കാൻ തയ്യാറാകാതെ ഉറച്ചു നിന്നു പൊരുതാൻ തുനിഞ്ഞ മാക്ബെത്തിനു വേണ്ടി ഷേക്സ്പിയർ വീരോചിതമായ ഒരു വാചകം എഴുതി വച്ചിരുന്നു. പ്രിയപ്പെട്ട ഇർഫാൻ ഖാൻ അവസാനം വരെ കർമ്മ മാർഗ്ഗത്തിൽ ഉറച്ചു നിന്ന നിങ്ങൾക്കു വേണ്ടി ആ സംഭാഷണം കടമെടുത്തുപയോഗിക്കട്ടെ.
‘എന്നെ നിയന്ത്രിക്കുന്ന മനസ്സും ഞാൻ വഹിക്കുന്ന ഹൃദയവും ഒരിക്കലും ആശങ്ക കൊണ്ടു തളരുകയില്ല, ഭയം കൊണ്ടു വിറയ്ക്കുകയുമില്ല.’
മഹാനായ ആ നടനെ പരിചയപ്പെടുത്തിത്തന്ന അൻവർ, നിനക്കു നന്ദി. കഴിവുറ്റ എത്രയോ അഭിനേതാക്കളെ നീ ഇനിയും സിനിമയ്ക്കു പരിചയപ്പെടുത്തിക്കൊടുക്കാനിരിക്കുന്നു. അസ്ഥികളിൽ നിന്നും മാസം പറിച്ചെടുക്കും വരെ പൊരുതുമെന്നു പ്രഖ്യാപിച്ച മാക്ബെത്തിനെപ്പോലെ ഇച്ഛാശക്തിയോടെ നിന്ന ഇര്‍ഫാൻ, നിങ്ങള്‍ക്ക് യാത്രമൊഴി പറയട്ടെ.