ADVERTISEMENT

കാസ്റ്റിങ് കൗച്ച് റജിസ്ട്രേഷൻ എന്ന പേരിൽ നടക്കുന്ന തട്ടിപ്പ് ഒരു രീതിയിലും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. ഇതുമായി ബന്ധപ്പെട്ട് ഫെഫ്ക സംഘടനയ്ക്കെതിരെയും ബൈജു വിമർശനങ്ങൾ ഉയർത്തുന്നുണ്ട്. ഒരു നടിയെ ബലമായി കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ച നടനെതിരെ ഫെഫ്കയ്ക്ക് പരാതി നൽകിയിട്ട് നടപടി ഉണ്ടായില്ലെന്ന് ബൈജു കൊട്ടാരക്കര പറയുന്നു.

 

ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ:

 

മലയാള സിനിമാലോകത്ത് ഏറ്റവും കൂടുതൽ അനിഷ്ടസംഭവങ്ങൾ നടന്നിട്ടുള്ളതും അക്രമസംഭവങ്ങൾ നടന്നിട്ടുള്ളതും കാസ്റ്റിങ് കൗച്ച് പേരിലാണ്. എന്തിന്റെ പേരിലായാലും അവരെ വെള്ളപൂശാനുള്ള ഒരു മറയായി ഫെഫ്ക്ക എന്ന സംഘടനയ്ക്ക് ലക്ഷങ്ങൾ റജിസ്ട്രേഷൻ ഫീസായി വാങ്ങാനുള്ള ഒരു തന്ത്രമാണ് ഇത്. കാസ്റ്റിങ് കൗച്ചിനെ ലൊക്കേഷനിൽ എവിടെ കണ്ടാലും കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് മാക്ട ഫെഡറേഷൻ ആണ്. അത് ഇനിയും തുടരും. 

 

പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജയിലിൽ കഴിയുന്നവരും പുറത്തുള്ളവരും ആയ രണ്ടുമൂന്നു പേർ ഫെഫ്കയുടെ അംഗങ്ങളാണ്. ചാലക്കുടിയിൽ ഒരു സ്ത്രീയെ പട്ടാപ്പകൽ മണ്ണെണ്ണയൊഴിച്ച് കത്തിച്ച കേസിലെ ഒന്നാംപ്രതി ഫെഫ്ക്ക ഡ്രൈവേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് ആണ്. സിനീഷ് എന്ന മുത്തു ആണ് അതിലെ പ്രതി. വാഗമണ്ണിൽ സിനിമ ചിത്രീകരണത്തിനിടെ ഒരു മേക്കപ്പ് ലേഡിയേ മുറിയിലിട്ട് പൂട്ടിയത് ഫെഫ്ക്ക എന്ന യൂണിയനിലെ പ്രമുഖ പ്രൊഡക്‌ഷൻ കൺട്രോളർ ആണ്. ഒരു നടിയെ ബലമായി കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ച നടനെതിരെ ഫെഫ്കയ്ക്ക് പരാതി കൊടുത്തു എന്നറിയുന്നു. ഇത്രയും നാളായിട്ട് എന്തെങ്കിലും നടപടി ഉണ്ടായോ?

 

കുട്ടനാടൻ മാർപാപ്പ എന്ന സിനിമയുടെ ലൊക്കേഷനിൽ ഒരു ജൂനിയർ ആർട്ടിസ്റ്റിനെ അപമാനിക്കാൻ ശ്രമിച്ചു, ഫെഫ്ക എക്സിക്യൂട്ടീവ് യൂണിയനിലെ ഒരു പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്. എന്നിട്ട് എന്താണ് നടപടി ഉണ്ടായത്. സ്ത്രീകൾക്ക് അപമാനം നേരിടുന്നു എന്ന് തോന്നിയാൽ അറിയിക്കേണ്ടത് പൊലീസിനെയാണ്. അല്ലാതെ പെരും കള്ളന്മാരെ അല്ല. മാക്ട ഫെഡറേഷൻ, കാസ്റ്റിങ് കൗച്ച് എന്നപേരിൽ പറയപ്പെടുന്ന മൂന്നാംകിട മാമാ പണി ചെയ്യുന്നവരെ അംഗീകരിക്കുന്ന പ്രശ്നമേയില്ല. 

 

ഞങ്ങളുമായി ബന്ധപ്പെടുന്ന ലൊക്കേഷനുകളിൽ ഇവർ അതിക്രമം കാട്ടിയാൽ കൈകാര്യം ചെയ്യുമെന്ന് ഉറപ്പാണ്. നിർമാതാക്കളും, ഫിലിം ചേംബറും, അമ്മ അംഗങ്ങളും ഇതിനെ ശക്തമായി എതിർക്കണം. നിർമാതാക്കൾക്ക് വീണ്ടും അധിക ബാധ്യതയാകുന്ന ഈ കൊള്ളയ്ക്കെതിരെ പ്രതികരിക്കണം. 

സാമൂഹ്യവിരുദ്ധരെ ഒരു സംഘടനയിലും വച്ച് പൊറുപ്പിക്കരുത് 5.7.2020–ൽ മാക് ഓഫീസിൽ ചേർന്ന അവൈലബിൾ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്. അതോടൊപ്പം നിർമ്മാതാക്കളുടെയും ഫിലിം ചേംബറിന്റെയും സിനിമയിൽ ശമ്പളം കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങളെ മാക്ട ഫെഡറേഷൻ സ്വാഗതം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com