ADVERTISEMENT

മഞ്ജു വാരിയരും സൗബിന്‍ ഷാഹിറും ഒരുമിക്കുന്ന സിനിമ വരുന്നു. 'വെള്ളരിക്കാപട്ടണം' എന്ന് പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് വെട്ടിയാറാണ്. ആദ്യമായാണ് മഞ്ജുവും സൗബിനും പ്രധാനവേഷങ്ങളില്‍ ഒരുമിക്കുന്നത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് നിര്‍മാണം.

 

ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. കുടുംബപശ്ചാത്തലത്തിലുള്ള കഥയില്‍ മഞ്ജുവും സൗബിനും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം മലയാളത്തിലെ പ്രധാന താരങ്ങളും വേഷമിടുന്നു.

 

'എന്റെ എല്ലാ പുതിയ കഥാപാത്രങ്ങളെയും ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. ഇതില്‍ സൗബിനൊപ്പം അഭിനയിക്കുന്നു എന്ന ഒരു പ്രത്യേകതയുണ്ട്. ഈ സിനിമയുടെ സംവിധായകനെയും തിരക്കഥാകൃത്തിനെയും വര്‍ഷങ്ങളായി പരിചയമുണ്ട്. രസകരമായ കഥയും മുഹൂര്‍ത്തങ്ങളുമാണ് അവര്‍ സൃഷ്ടിച്ചിരിക്കുന്നത്'-മഞ്ജുവാരിയര്‍ പറയുന്നു.

 

 'ഒരു കാര്‍ യാത്രക്കിടെയാണ് ഈ സിനിമയുടെ കഥകേള്‍ക്കുന്നത്. പെട്ടെന്ന് തന്നെ ഇഷ്ടമായി. ഞാന്‍ ഇതുവരെ ചെയ്തവയില്‍ നിന്നെല്ലാം വ്യത്യസ്തനാണ് ഇതിലെ കഥാപാത്രം. മൊത്തത്തില്‍ രസമുള്ള ഒരു ഐറ്റമാണ്'-സൗബിന്‍ പറഞ്ഞു.

 

ആനിമേഷനിലും പരസ്യസംവിധാനരംഗത്തും വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള മഹേഷിന്റെ ആദ്യ സിനിമയാണിത്. ജയേഷ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജുന്‍ ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. വിനായക് ശശികുമാറിന്റേതാണ് ഗാനങ്ങള്‍. എ.ആര്‍.റഹ്മാനോടൊപ്പം പ്രവര്‍ത്തിക്കുന്ന സച്ചിന്‍ ശങ്കര്‍ മന്നത്ത് ആണ് സംഗീതം. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്‌ഷന്‍ ഡിസൈനര്‍. പ്രൊഡക്‌ഷൻ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സിനിമാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന മുറയ്ക്ക് ചിത്രീകരണം തുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com