‘ബിരിയാണി’; കനി കുസൃതിയെ തേടി വീണ്ടും രാജ്യാന്തര പുരസ്കാരം
Mail This Article
ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് മലയാളിയായ ചലച്ചിത്ര താരം കനി കുസൃതിക്ക് രാജ്യാന്തര പുരസ്കാരം. 42ാമത് മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്‌സ് മത്സര വിഭാഗത്തിലാണ് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്ത റഷ്യൻ എഴുത്തുകാരനും, സംവിധായകനുമായ സെർജി മോർക്രിസ്റ്റ്സ്‌കി ജൂറി അധ്യക്ഷനായ സമിതിയാണ് അവാർഡ് നിർണയിച്ചത്. നേരത്തേ സ്‌പെയിന്‍ ഇമാജിന്‍ രാജ്യാന്തര ഫെസ്റ്റിവലില്‍ കനി കുസൃതിക്ക് രണ്ടാമത്തെ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.
ബ്രിക്‌സ് മത്സര വിഭാഗത്തില്‍ പ്രദർശിപ്പിച്ച രണ്ട് ഇന്ത്യന്‍ സിനിമകളില്‍ ഒന്നാണ് ബിരിയാണി. മികച്ച നടന്‍, മികച്ച നടി, സിനിമ, സംവിധാനം, ജൂറി പ്രൈസ് എന്നീ അവാര്‍ഡുകളാണ് ഈ വിഭാഗത്തിൽ ജൂറി പ്രഖ്യാപിച്ചത്. 1935 ൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും മികച്ച ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നു കൂടിയായ മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ഒരു മലയാള സിനിമക്ക് അവാർഡ് ലഭിക്കുന്നത് ആദ്യമായാണ്.
യു.എ.എൻ ഫിലിം ഹൗസിന്റെ ബാനറിൽ നിർമിച്ചിരിക്കുന്ന ബിരിയാണിയുടെ രചനയും സംവിധാനവും സജിൻ ബാബുവാണ്. കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം നാട് വിടേണ്ടി വരികയും, അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും, അഭിനയിക്കുന്നു.
കൂടാതെ സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു. യുഎഎൻ ഫിലിം ഹൗസിന്റെ ബാനറിൽ നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും, സംവിധാനവും സജിൻ ബാബുവും, ക്യാമറ കാർത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആർട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിർവഹിക്കുന്നു. പിആര്‍ഒ-എ എസ് ദിനേശ്.