ജല്ലിക്കെട്ട് കാളകൾക്കൊപ്പം പാഞ്ഞ് അപ്പാനി ശരത്; ചിത്രങ്ങള്
Mail This Article
ശരത് അപ്പാനിയെ നായകനാക്കി വിനോദ് ഗുരുവായൂർ ഒരുക്കുന്ന തമിഴ് ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കം. ജല്ലിക്കെട്ടിന്റെ പിന്നാമ്പുറങ്ങൾ പ്രമേയമായ സിനിമയുടെ ചിത്രീകരണത്തിന് മുന്നോടിയായായുള്ള പരിശീലന ക്യാംപ് പഴനി സുരഭീ തപോവത്തിലാരംഭിച്ചു. യഥാർഥ ജല്ലിക്കെട്ട് കാളകൾക്കൊപ്പമാണ് സാഹസികമായ പരിശീലനം നടക്കുന്നത്. വളരെ അക്രമാസക്തരായ ഈ കാളകളുടെ അടുത്ത് ചെല്ലുക എന്നതു ശ്രമകരമാണ്. ഏകദേശം മൂന്നു ദിവസത്തെ ശ്രമഫലമായാണ് അപ്പാനി ശരത്തിന് കാളയെ അഴിക്കാനും നടത്താനും സാധിച്ചത്.
ഈ സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും പരിശീലനം നിർബന്ധമാണ്. കാരണം ക്രൂവിലുള്ള ഓരോരുത്തരുടേയും ഗന്ധവും ചലനവും കാളക്ക് പരിചിതമായില്ലെങ്കിൽ അവൻ അക്രമാസക്തനാവും. ജല്ലിക്കെട്ടു മത്സരങ്ങൾക്കായി കാങ്കേയം എന്ന ഇനം കാളകളെയാണ് സാധാരണ ഉപയോഗിക്കാറുളളത്.വളരെ വന്യമായ ഇണങ്ങാത്ത പ്രകൃതിയും ശക്തിയും ശരീര വലിപ്പവും ഈ ഇനത്തിന്റെ പ്രത്യേകതയാണ്. പ്രത്യുൽപാദനത്തിനായി ഉപയോഗിക്കുന്ന പ്രത്യേകയിനം വിത്തുകാളകളാണ് ഈ കാളകൾ. വളരെ ഇറുകിയ കഴുത്തും കരുത്തുറ്റ കുറിയ കാലുകളുമാണ് കാങ്കേയം കാളകളുടെ പ്രത്യേകത.
തനിക്കു നേരേ പാഞ്ഞടുക്കുന്നവരെ കുത്തിയും കടിച്ചും തൊഴിച്ചും തുരത്താൻ പ്രത്യേക പരിശീലനം ലഭിച്ച കാളകളെയാണ് ജല്ലിക്കെട്ടിനുപയോഗിക്കുന്നത്. സാധാരണ ഗതിയിൽ ഭക്ഷണം നൽകുന്ന ആളിനെ മാത്രമെ ഉപദ്രവിക്കാതിരിക്കു. ജല്ലിക്കെട്ടിനുപയോഗിക്കുന്ന കാളകൾ രണ്ട് മുതൽ 4 ടൺ വരെ തൂക്കം വലിക്കാൻ ശക്തിയുള്ളവയാണ്.
മൽസരത്തിന് തുറന്നു വിടുന്ന കാളയുടെ കൊമ്പു നനയ്‌ക്കുകയും ശരീരത്തിൽ എണ്ണ പുരട്ടുകയും ചെയ്യാറുണ്ട്. കാളയുമായി മൽപ്പിടിത്തത്തിനിറങ്ങുന്ന പോരാളിക്ക് കാളയുടെ കൊമ്പിൽ പിടിച്ച് മണ്ണിൽ മുട്ടിക്കാനായാൽ അയാളെ വിജയിയായി പ്രഖ്യാപിക്കുന്നു. വെറും കൈയോടെ വേണം കൂറ്റനെ കീഴ്‌പെടുത്താൻ. പുരുഷന്മാർ മാത്രമേ ജല്ലിക്കെട്ടിൽ പങ്കെടുക്കാറുള്ളൂ. പലപ്പോഴും ജല്ലിക്കെട്ടിൽ പങ്കെടുക്കുന്നവർക്ക് മാരകമായ പരിക്കുകളോ ജീവഹാനിയോ സംഭവിക്കാറുണ്ട്. എല്ലാവർഷവും പത്തോളം മരണങ്ങളും ഇരുനൂറിലധികം അംഗവൈകല്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജയറാം ശിവറാമാണ് ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം. റിച്ച് മൾട്ടി മീഡിയയുടെ ബാനറിൽ ജയറാം ശിവറാം ആണ് നിർമാണം. ക്യാമറാ സുശാന്ത് ശ്രീനി.