ഞങ്ങൾ സുരക്ഷിതർ: ആരോപണങ്ങളിൽ പ്രതികരണവുമായി പ്രിയാമണി
Mail This Article
മുസ്തഫയുമായുള്ള ദാമ്പത്യബന്ധത്തിൽ സുരക്ഷിതയാണെന്ന് നടി പ്രിയാമണി. പരസ്പരമുള്ള ആശയവിനിമയമാണ് ബന്ധത്തിന്റെ താക്കോലെന്നും നടി ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന ആരോപണവുമായി മുസ്തഫയുടെ മുന്ഭാര്യ ആയിഷ രംഗത്ത് വന്നതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.
‘ആശയവിനിമയമാണ് ബന്ധത്തിന്റെ താക്കോൽ. ഞാനും മുസ്തഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിങ്ങൾ ചോദിക്കുകയാണെങ്കിൽ, ഇതുവരെ, ഞങ്ങളുടെ ബന്ധത്തിൽ ഞങ്ങൾ വളരെയേറെ സുരക്ഷിതരാണ്, ഇപ്പോഴും അതേ. അദ്ദേഹം ഇപ്പോൾ യുഎസിലാണ്. അവിടെ ജോലി ചെയ്യുകയാണ്. എല്ലാ ദിവസവും ഞങ്ങൾ പരസ്പരം സംസാരിക്കുമെന്നത് തീർച്ചപ്പെടുത്തിയതാണ്.’
‘എത്ര ജോലി തിരക്കായാലും സുഖമായിരിക്കുന്നവല്ലോ എന്ന് അന്വേഷിക്കാനെങ്കിലും ശ്രദ്ധിക്കും. അദ്ദേഹവും ഫ്രീ ആകുമ്പോൾ എന്നെ വിളിക്കും അല്ലെങ്കിൽ സന്ദേശങ്ങൾ അയയ്ക്കും. ഷൂട്ടിങ്ങ് തിരക്കുകൾ ഒഴിയുമ്പോൾ ഞാനും. ബന്ധങ്ങളിൽ ആശയവിനിമയം വളരെ പ്രധാനമാണ്. ഒരാൾ ക്ഷീണിതനാണെങ്കിൽ അയാളെക്കുറിച്ച് അന്വേഷിക്കാൻ ഒരാളുണ്ടാവുക എന്നത് വലിയ കാര്യമാണ്. ഞങ്ങൾ വളരെ സുരക്ഷിതരാണ്, പരസ്പരം സംസാരിക്കുന്നത് ഞങ്ങൾ ഒരു ദിനചര്യയാക്കി മാറ്റുന്നു, അതാണ് എല്ലാ ബന്ധങ്ങളുടെയും താക്കോൽ.’–പ്രിയാമണി പറയുന്നു.
അതേസമയം വിവാദങ്ങളോട് കൂടുതൽ പ്രതികരിക്കാൻ നടി തയാറായില്ല. ആദ്യവിവാഹം മുസ്തഫ നിയമപരമായി വേർപെടുത്തിയിട്ടില്ലെന്നും അതിനാൽ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണെന്നുമാണ് മുസ്തഫയുടെ മുൻഭാര്യ ആയിഷ പറയുന്നത്. പ്രിയാമണിക്കും മുസ്തഫയ്ക്കും എതിരെ ക്രിമിനൽ കേസാണ് ആയിഷ നൽകിയിരിക്കുന്നത്. മുസ്തഫക്കെതിരായി ഗാർഹികപീഡനക്കേസും ആയിഷ ഫയൽ ചെയ്തിട്ടുണ്ട്. അതേസമയം ആയിഷയുടെ ആരോപണങ്ങൾ നിഷേധിച്ച് മുസ്തഫ രംഗത്തുവന്നു. പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് കേസിനു പിന്നിലെന്ന് മുസ്തഫ പറയുന്നു.
പ്രിയാമണിയും മുസ്തഫയും 2017 ഓഗസ്റ്റിലാണ് വിവാഹിതരായത്. പ്രിയാമണിയെ വിവാഹം കഴിക്കുമ്പോൾ മുസ്തഫയ്ക്ക് ആയിഷയുമായുള്ള ബന്ധത്തിൽ രണ്ടു കുട്ടികളുമുണ്ട്.