ADVERTISEMENT

ധനുഷ്–ഐശ്വര്യ രജനികാന്ത് വിവാഹ മോചനം ആരാധകരെ മാത്രമല്ല തമിഴ് സിനിമാലോകത്തെയാണ് ഒന്നടങ്കം ഞെട്ടിച്ചത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ധനുഷും ഐശ്വര്യയും വിരാമമിട്ടത്. ഗോസിപ്പുകോളങ്ങളില്‍ പോലും വാർത്തകളെത്തിക്കാതെ സന്തോഷത്തോടെ മുന്നോട്ടുപോയ ദാമ്പത്യജീവിതത്തിൽ പെട്ടെന്നൊരു വിള്ളൽ വീഴാൻ കാരണമെന്തെന്ന് അന്വേഷിക്കുകയാണ് ആരാധകർ. എന്തുകൊണ്ടാണു തങ്ങള്‍ പിരിയുന്നതെന്ന് ധനുഷും ഐശ്വര്യയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

എന്റെ സ്വന്തമെന്നു പറഞ്ഞ ഐശ്വര്യ

ദ് ഗ്രേ മാന്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ധനുഷ് ലണ്ടനിലേക്കു പോയപ്പോള്‍, കൂടെ ഐശ്വര്യയും മക്കളും ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരത്തിന് ധനുഷ് അര്‍ഹനായപ്പോള്‍ ഐശ്വര്യ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായിരുന്നു. മൂന്നു മാസം മുന്‍പാണു ദേശീയപുരസ്കാര വിതരണം നടന്നത്. അന്ന് രജനികാന്തിന് ദാദ സാഹെബ് ഫാല്‍കെ പുരസ്‌കാരവും ലഭിച്ചിരുന്നു. ആ സന്തോഷത്തിലായിരുന്നു ഐശ്വര്യയുടെ പോസ്റ്റ്.

‘ഇവര്‍ എന്റെ സ്വന്തം, ഇത് ചരിത്രം’.– രജനികാന്തും ധനുഷും പുരസ്‌കാരവുമായി നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം ഐശ്വര്യ കുറിച്ചു. അഭിമാനത്തോടെ മകള്‍, അഭിമാനത്തോടെ ഭാര്യ എന്നിങ്ങനെയാണ് ഹാഷ്ടാഗ് നല്‍കിയത്. ഒക്ടോബര്‍ 25 ന് ‘എന്റെ സ്വന്തം’ എന്ന അടിക്കുറിപ്പോടെ ധനുഷിനൊപ്പം നിൽക്കുന്നൊരു ചിത്രവും ഐശ്വര്യ പങ്കുവച്ചിരുന്നു. എന്നാൽ ഈ ചിത്രങ്ങളെല്ലാം തന്റെ പേജിൽനിന്നു താൽക്കാലികമായി നീക്കം ചെയ്തിരിക്കുകയാണ് ഐശ്വര്യ. ഇൻസ്റ്റഗ്രാമിലെ പേര് ഇപ്പോഴും ഐശ്വര്യ ആർ. ധനുഷ് എന്നുതന്നെയാണ്.

വിവാഹ മോചനം ഒട്ടും അപ്രതീക്ഷിതമല്ല

അതേസമയം താരങ്ങളുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത് ഐശ്വര്യയുടെയും ധനുഷിന്റെയും വിവാഹ മോചനം ഒട്ടും അപ്രതീക്ഷിതമല്ല എന്നാണ്. ധനുഷിന്റെ ജോലിത്തിരക്കാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നത്തിന്റെ കാരണമെന്നും കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും വിവാഹമോചനത്തിനായി തയാറെടുക്കുകയായിരുന്നുവെന്നുമാണ് ഒരു കുടുംബസുഹൃത്തിനെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തത്.

‘ധനുഷ് വര്‍ക്ക്‌ഹോളിക് ആണ്. അദ്ദേഹത്തെ അറിയുന്നവര്‍ക്ക് അറിയാം തന്റെ ജോലിക്കാണ് മറ്റെന്തിനേക്കാളും ധനുഷ് പ്രാധാന്യം നല്‍കുന്നത്. ധനുഷിന്റെ ജോലിത്തിരക്കും യാത്രകളും അവരുടെ ദാമ്പത്യ ബന്ധത്തെ പലപ്പോഴും ബാധിച്ചിട്ടുണ്ട്.’–സുഹൃത്ത് പറയുന്നു.

ധനുഷും ഐശ്വര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോഴെല്ലാം ധനുഷ് പുതിയ സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതായിരുന്നു പതിവെന്നും സുഹൃത്ത് പറയുന്നു. തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മറക്കാനായിരുന്നു ധനുഷ് ജോലിയില്‍ മുഴുകിയിരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

ആറു മാസം മുമ്പേ പ്രശ്നങ്ങൾ

‘ധനുഷിനെ അറിയുന്നവര്‍ക്കെല്ലാം അറിയാം അദ്ദേഹം വളരെയധികം സ്വകാര്യത സൂക്ഷിക്കുന്ന വ്യക്തിയാണെന്നത്. ചുരുക്കം ചില അടുത്ത സുഹൃത്തുക്കളോടു പോലും ധനുഷ് വ്യക്തിപരമായ കാര്യങ്ങള്‍ പറയാറില്ല. അദ്ദേഹത്തിന്റെ മനസ്സില്‍ എന്താണെന്ന് ആര്‍ക്കും പറയാനാകില്ല. ഐശ്വര്യയുമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ധനുഷ് പുതിയ സിനിമ ചെയ്യാന്‍ തീരുമാനിക്കുകയാണ് പതിവ്. തകരുന്ന ദാമ്പത്യ ജീവിതത്തില്‍നിന്നു രക്ഷപ്പെടാനായിരുന്നു അദ്ദേഹമങ്ങനെ ചെയ്തിരുന്നത്. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ ഇരുവരെയും വളരെയധികം ബാധിച്ചിരുന്നുവെന്നതും വ്യക്തമാണ്.’– സുഹൃത്ത് പറയുന്നു.

aishwarya-insta

കഴിഞ്ഞ ആറു മാസം അവർ കടന്നു പോയത് വളരെയധികം പ്രശ്‌നങ്ങളിലൂടെയായിരുന്നു. കുറച്ചു നാളുകളായി വിവാഹ മോചനം എന്നത് ധനുഷിന്റേയും ഐശ്വര്യയുടേയും ചിന്തകളിലുണ്ടായിരുന്നു. പരസ്പര സമ്മതത്തോടെ തങ്ങള്‍ പിരിയുകയാണെന്ന് മറ്റുള്ളവരെ അറിയിക്കുന്നതിന് മുമ്പ് ദീര്‍ഘനേരം പരസ്പരം സംസാരിച്ച ശേഷമാണ് ധനുഷും ഐശ്വര്യയും ആ കുറിപ്പ് തയാറാക്കിയതെന്നും സുഹൃത്ത് പറയുന്നു.

ഐശ്വര്യയുടെ പ്രധാന ആശങ്ക കുട്ടികളായിരുന്നു. മക്കളുടെ കാര്യത്തില്‍ കോ പാരന്റിങ്ങിനാണ് ധനുഷും ഐശ്വര്യയും തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ധനുഷിനും ഐശ്വര്യയ്ക്കും ഇപ്പോൾ പരസ്പരം ദേഷ്യമില്ലെന്നും ഇരുവരും നല്ല സുഹൃത്തുക്കളായിത്തന്നെ തുടരുമെന്നും ഇരുവരെയും ഒരുമിച്ചുതന്നെ പൊതു വേദികളില്‍ കാണാനാവുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com