രാജീവ്നാഥിന്റെ ‘ഹെഡ് മാസ്റ്റർ’ ഏപ്രിലിൽ
Mail This Article
മലയാള സിനിമയിലെ എക്കാലത്തെയും ആക്‌ഷൻ ഹീറോ ബാബു ആന്റണിയും അദ്ദേഹത്തിന്റെ മൂത്തസഹോദരനും മലയാള ചെറുകഥാകൃത്തുമായ തമ്പി ആന്റണിയും ഒരുമിക്കുന്ന സിനിമയാണ് ഹെഡ്മാസ്റ്റർ. കാരൂർ നീലകണ്ഠൻ പിള്ളയുടെ പ്രശസ്തകഥയായ പൊതിച്ചോറിനെ അടിസ്ഥാനമാക്കി രാജീവ്നാഥ് സംവിധാനം നിർവഹിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം തിരുപനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി പൂർത്തീകരിച്ചു.
ഒരു കുടുംബത്തിൽ നിന്ന് രണ്ട് നായകന്മാർ അതും സഹോദരങ്ങൾ ഒരുമിച്ചഭിനയിക്കുന്നുവെന്നത് മലയാള സിനിമ ചരിത്രത്തിലാദ്യമാണ്.ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണത്.. സിനിമാനടനെന്ന നിലയിൽ ബാബു ആന്റണിയെ അറിയപ്പെടുന്നതു പോലെ തന്നെ സാഹിത്യ ലോകത്തിന് തമ്പി ആന്റണിയും പരിചിതനാണ്.അദ്ദേഹത്തിന്റേതായി ഈ അടുത്ത കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട അതിപ്രധാന കഥകളാണ് ആൽക്കട്രാസും, അ.പു.ക. യും. അതിലൂടെ അദ്ദേഹത്തിന്റെ നിലപാടുകൾ ശക്തമായി രേഖപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ പല എഴുത്തുകാർക്കുമില്ലാത്ത ഒരു പുരോഗമന ജനാധിപത്യ മുഖം അദ്ദേഹത്തിന്റെ എഴുത്തിൽ ദർശിക്കാൻ കഴിഞ്ഞതാണ് എന്നെ അദ്ദേഹത്തിന്റെ എഴുത്തിലേക്കാകർഷിച്ച മുഖ്യ ഘടകമെന്നു കൂടി ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു.
അദ്ദേഹത്തിന്റെ കഥകളിലെ നർമ്മബോധത്തെ ബഷീറിയൻ നർമ്മവുമായി ബന്ധപ്പെടുത്തി കാണാനാണ് എനിക്ക് താല്പര്യം കാരണം രണ്ടും പേരും കോട്ടയം ജില്ലക്കാരാണ്. കോട്ടയത്തിന്റെ സാംസ്കാരിക അടിത്തട്ടിലെ ഭാഷാവിന്യാസങ്ങളിൽ ഒരു തരം ഹാസ്യം പതിയിരിക്കുന്നതായി ബഷീറിന്റെയും തമ്പി ആന്റണിയുടെയും കഥകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് കണ്ടെടുക്കാനാവുമെന്നതാണ് യഥാർത്ഥ്യം. ബഷീറും തമ്പി ആന്റണിയും കോട്ടയത്തിന്റെ തനത് ജീവിതവ്യവസ്ഥകളിൽ ഇടപ്പെടുന്നത് വ്യത്യസ്ഥ രീതികളിലാണെങ്കിലും പൊതുവായുള്ള ഹാസ്യത്തെ രണ്ടു പേരുടെയും കൃതികളിൽ സമൃദ്ധമായി നമ്മുക്ക് കാണാൻ കഴിയും.
ബ്ലെസിയുടെ പളുങ്ക് എന്ന സിനിമയിലെ അരാജക കവിയിലൂടെയാണ് തമ്പി ആന്റണി മലയാള സിനിമയിൽ ശ്രദ്ധേയനായത്. ഈ അടുത്ത കാലത്ത് ഇറങ്ങിയ ഈലം എന്ന സിനിമയിൽ വ്യത്യസ്ഥമായ ഏഴ് വേഷങ്ങളാണ് അദ്ദേഹംകൈകാര്യം ചെയ്തിരിക്കുന്നത്. വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈ സിനിമ മലയാളത്തിലെ ആദ്യ സർറിയലിസ്റ്റിക് സിനിമയായാണ് സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടത്.മലയാളത്തിലും ഹോളിവുഡിലുമായി നാൽപ്പതോളം ചിത്രങ്ങളിൽ ഇതിനോടകം അദ്ദേഹം അഭിനയിച്ച് കഴിഞ്ഞിരിക്കുന്നു. അമേരിക്കൻ ഹോണോലുലു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ബിയോണ്ട് ദ് സോൾ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ഏറ്റവും മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.കൂടാതെ പ്രിയനന്ദനന്റെ സൂഫി പറഞ്ഞ കഥയിലും എം.ജി ശശിയുടെ ജാനകിയിലും പി ബാലചന്ദ്രന്റെ ഇവൻ മേഘരൂപനിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.
ഹെഡ്മാസ്റ്റർ എന്ന സിനിമ വ്യത്യസ്ഥമായിരിക്കുന്നത് അത് മലയാള ചെറുകഥാ ചരിത്രത്തിലെ അതിപ്രധാന കഥകളിലൊന്നായ പൊതിച്ചോറിനെ ആസ്പദമാക്കിയുള്ള സ്വതന്ത്രാവിഷ്ക്കാരമാണെന്നതാണ്. വിദ്യാർത്ഥിയുടെ ചോറു മോഷ്ടിച്ച് കഴിക്കുന്ന അധ്യാപകനെ കഴിഞ്ഞ തലമുറയിലെ വായനക്കാർ മറന്നിരിക്കാൻ തരമില്ല... കൂടാതെ പുതിയ തലമുറ വായനക്കാർക്ക് കാരൂരിനെ വായിക്കാതെ നവീന ഭാവുകത്വത്തിലേക്കെത്താനും ഒരിക്കലും കഴിയുകയില്ല!കൂടാതെ അധ്യാപക ശമ്പളപരിഷ്കരണ നിയമരൂപീകരണത്തെ പോലും സ്വാധീനിച്ച മലയാളത്തിലെ എക്കാലത്തെയും സ്വദ്ദേശ കഥകളിൽ പ്രമുഖസ്ഥാനമാണ് പൊതിച്ചോറിനുള്ളത്. അത്തരത്തിൽ മലയാളവായാനാസമൂഹത്തെ സമൂലം സ്വാധിനിച്ച ഒരു കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഹെഡ്മാസ്റ്റർ.
തൊണ്ണൂറുകളിൽ മലയാളി യുവാക്കളിൽ സാഹസികതയുടെ ലഹരിപിടിപ്പിച്ച നടനും മാർഷൽ ആർട്ട്സ് ഇൻസ്ട്രക്ടറുമായ ബാബു ആൻറണിയുടെ ശക്തമായ സാന്നിധ്യവും ഈ സിനിമയെ ഇതിനോടകം ശ്രദ്ധേയമാക്കിയിട്ടുണ്ട്. സിനിമ തിരഞ്ഞെടുക്കുന്നതിൽ അതീവസൂക്ഷമത പുലർത്തിയിട്ടുള്ള നടന്മാരിൽ ഒരാളാണ് ബാബു ആൻ്റണി.അപരാഹ്നം, ശയനം, വൈശാലി തുടങ്ങിയ ക്ലാസിക് സിനിമകളിലെ അദ്ദേഹത്തിൻ്റെ അഭിനയ മികവിനെ മലയാള പ്രേക്ഷകർ ഇരുകൈയ്യും നീട്ട സ്വീകരിച്ചതാണല്ലോ! അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരുന്ന സ്ഥിരം വേഷങ്ങളിൽ മനംമടുത്തായിരിക്കണം കുറച്ചുകാലത്തേക്ക് അദ്ദേഹം മലയാള സിനിമയിൽ നിന്ന് ഒഴിഞ്ഞു നിന്നതെന്നാണ് തോന്നുന്നത്.ഈ സമയങ്ങളിൽ ഇംഗ്ലീഷുൾപ്പെടെയുള്ള മറ്റ് ഭാഷകളിൽ അദ്ദേഹം സജീവമായിരുന്നുവെന്നതും സ്മരണീയമാണ്.
ഹെഡ്മാസ്റ്ററിലൂടെ ബാബു ആൻറണി എന്ന അതുല്യപ്രതിഭയെ വീണ്ടും മലയാളത്തിലേക്ക് രാജീവ് നാഥ് വിളിച്ചു കൊണ്ടു വന്നിരിക്കുകയാണ്.അദ്ദേഹത്തിൻ്റെ ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ഹെഡ്മാസ്റ്ററിലേതെന്ന് അദ്ദേഹം തന്നെ ഒരഭിമുഖത്തിൽ പറഞ്ഞത് നമ്മൾ കേട്ടതുമാണ്.
ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിക്കുന്ന ഈ സിനിമയുടെ മറ്റൊരാകർഷണം മലയാള ദു:ഖഭാവനായിക ജലജയുടെ മകൾ ദേവി ഒരു പ്രധാന വേഷം ചെയ്തു കൊണ്ട് മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നുവെന്നതാണ്.കൂടാതെ ഗാന രചയിതാവ് രാജീവ് ആലുങ്കലിന്റെ മകനും പ്രശസ്ത വ്ലോഗർ ആയ ആകാശ് രാജുവും അഭിനയത്തിന്റെ മേഖലയിലേക്ക് കടക്കുന്നുവെന്നതും ഈ സിനിമയെ ഇതിനോടകം ശ്രദ്ധേയമാക്കിയിരിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരായ മധുപാലും, ജഗദീഷും അതിഥി വേഷത്തിലെത്തുന്നുവെന്നതും മഞ്ജു പിള്ള അഭിനയിക്കുന്നുവെന്നതും പ്രാധാന്യത്തോടെ കാണേണ്ടിയിരിക്കുന്നു.
പ്രഭാവർമ്മ രചിച്ച വരികൾക്ക് ഈണം പകർന്നിരിക്കുന്നത് മലയാള നാടകകുലപതി കാവാലം നാരായണപണിക്കരുടെ മകനും പ്രശസ്ത സംഗീതജ്ഞനുമായ കാവാലം ശ്രീകുമാറാണ്. ആലാപനം പി ജയചന്ദ്രൻ്റെതും, നിത്യാമാമ്മൻ്റെതുമാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബു ഗംഗാധരനും, പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നുമാണ്. കല ആർ.കെ യും ,ചമയം ബിനുകരുമവും, കോസ്റ്റ്യൂം തമ്പി ആര്യനാടും,സ്റ്റിൽസ് വി.വി.എസ് ബാബുവും, പി.ആർ.ഒ അജയ് തുണ്ടത്തിലും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാജൻ മണക്കാടുമാണ്. ചിത്രത്തിന്റെ തിരക്കഥാരചന വേണുവും ചായാഗ്രഹണം പ്രവീൺ പണിക്കരും എഡിറ്റിങ്ങ് ബീനാ പോളുമാണ് നിർവ്വഹിക്കുന്നത്.പ്രശസ്തരും തങ്ങളുടെ മേഖലകളിൽ കഴിവുതെളിച്ചിട്ടുള്ളവരുമായ ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ പരിശ്രമത്തിനൊടുവിൽ ഏപ്രിലോടെ ഈ ചിത്രം തിയേറ്ററുകളിലെത്തും.