ADVERTISEMENT

മലയാള സിനിമയിൽ ക്യാപ്റ്റൻ എന്ന വിശേഷണത്തോടെ അറിയപ്പെട്ടിരുന്ന ഒരേ ഒരു നടനെ നമുക്കുണ്ടായിരുന്നുള്ളൂ.  ഇൻഡ്യൻ ആർമിയിൽ ക്യാപ്റ്റൻ പദവി അലങ്കരിച്ചിരുന്ന പത്തനംതിട്ട ഓമല്ലൂർ സ്വദേശിയായ ആറടി രണ്ടിഞ്ച് ഉയരവും കാണാൻ സുമുഖനുമായ രാജു ഡാനിയലായിരുന്നു ആ നടനസ്വരൂപം. ആർമിയിൽ ക്യാപ്റ്റനായി കഴിയുമ്പോഴും രാജുവിന്റെ മനസ്സു നിറയെ സിനിമയായിരുന്നു. അമിതാഭ് ബച്ചന്റെ ഉയരവും, അദ്ദേഹത്തെക്കാൾ സുന്ദരനുമായ തനിക്കെന്തു കൊണ്ട് ഒരു സിനിമാ നടനായിക്കൂടാ എന്ന ചിന്തയായിരുന്നു അന്നു രാജുവിന്. ബോംബെയിലായിരുന്നതു കൊണ്ട് പട്ടാള സേവനത്തോടൊപ്പം തന്നെ സിനിമകളിലും അഭിനയിക്കാമല്ലോ എന്ന അതിമോഹവുമായി പല ശ്രമങ്ങളും നടത്തിനോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. 

 

ഇതിനിടയിലാണ് 1981 ൽ ജോഷിയും ഞാനും കൂടി ചെയ്യുന്ന ‘രക്ത’ത്തിന്റെ ജോലികളും നടന്നു കൊണ്ടിരുന്നത്. നസീർ, മധു, സോമൻ, ശ്രീവിദ്യ, ചെമ്പരത്തി ശോഭ തുടങ്ങിയ വൻ താരനിരയുള്ള ഒരു മൾട്ടിസ്റ്റാർ ചിത്രമാണത്. അതിൽ പ്രത്യേക സ്വഭാവമുള്ള ഒരു സുന്ദരവില്ലന്റെ വേഷമുണ്ട്. ഇപ്പോൾ നിലവിലുള്ള വില്ലന്മാരൊന്നും ചെയ്താൽ ആ വേഷം നന്നാവില്ല. ആ ക്യാരക്ടറിനു വേണ്ടിയുള്ള അന്വേഷണത്തിനിടയിലാണ് നിർമാതാവായ ജഗൻ പിക്ചേഴ്സ് അപ്പച്ചൻ ഒരു ചെറുപ്പക്കാരന്റെ കാര്യം പറഞ്ഞത്. 

 

captain-wife

"ബോംബെയിൽ നിന്നും ഒരു ചെറുപ്പക്കാരൻ ചാന്‍സ് ചോദിച്ച് എന്നെ ഇടക്ക് വിളിക്കാറുണ്ട്. ആർമിയിലെ ക്യാപ്റ്റനാണ്. ഒന്നു രണ്ട് ഫോട്ടോസും അയച്ചു തന്നിട്ടുണ്ട്. ആൾക്ക് നല്ല ഉയരവുമുണ്ട്. കാണാനും കൊള്ളാം. വേണമെങ്കിൽ നമുക്ക് അയാളെ വിളിച്ചു ഒന്നു കണ്ടാലോ? "

 

അപ്പച്ചൻ പറഞ്ഞതു പോലെ തന്നെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ കക്ഷി എറണാകുളത്തെത്തി. അപ്പോൾ ഞാനും ജോഷിയും എറണാകുളം ബിടിഎച്ചിൽ ഡിസ്കഷനിലായിരുന്നു. അപ്പച്ചൻ വിളിച്ചു പറഞ്ഞതു പ്രകാരം ഉടനെ തന്നെ അയാൾ ബിടിഎച്ചിലെത്തി. 

captain-raju-roles-4

 

കോളിംഗ് ബെൽ ശബ്ദം കേട്ട് ഞാനാണ് ചെന്ന് ഡോർ തുറന്നത്. വാതിലിന്റെ പുറത്ത് ഒരു ഹിന്ദി നടന്റെ രൂപ സാദൃശ്യമുള്ള നല്ല ഉയരമുള്ള ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു.  ആദ്യ കാഴ്ചയിൽ തന്നെ അയാൾ എന്റെ മനസ്സിൽ കൊളുത്തി.  അയാൾ എന്നെ വിഷ് ചെയ്തു കൊണ്ട് പറഞ്ഞു  "അയാം ക്യാപ്റ്റൻ രാജു, അപ്പച്ചൻ സാറു പറഞ്ഞിട്ട് വരികയാണ്. "

 

ഞാൻ അയാളെ അകത്തേക്ക് ക്ഷണിച്ചു. അപ്പച്ചൻ നേരത്തെതന്നെ എല്ലാ വിവരങ്ങളും പറഞ്ഞിരുന്നതു കൊണ്ട് കൂടുതൽ ആമുഖത്തിന്റെയൊന്നും ആവശ്യം വന്നില്ല. ജോഷി അയാളോട് ഒന്നു രണ്ടു ചോദ്യങ്ങളെ ചോദിച്ചുള്ളൂ. എല്ലാത്തിനും അയാൾ വളരെ മാന്യമായ മറുപടിയും നൽകി. ജോഷിക്കും ആളെ വളരെ ഇഷ്ടപ്പെട്ടു. പ്രേംനസീറിനോടും മധുവിനോടും ഏറ്റുമുട്ടാൻ പറ്റുന്ന വില്ലൻ കഥാപാത്രത്തിന് ഇണങ്ങുന്ന അനുയോജ്യമായ ഒരു  രൂപം.  അപ്പോൾ തന്നെ ആ ചെറുപ്പക്കാരനെ ‍ഞങ്ങൾ ഫിക്സ് ചെയ്തു അങ്ങനെയാണ് ക്യാപ്റ്റൻ രാജു എന്ന നടന്റെ ഉത്ഭവം. 

 

‘രക്തം’ ഇറങ്ങിയപ്പോൾ ക്യാപ്റ്റൻ രാജു എന്ന നടനെ ജനം രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. അന്നേവരെ നാം കണ്ടുവന്നിട്ടുള്ള സാമ്പ്രദായിക വില്ലന്മാരുടെ കണ്ണുരുട്ടലോ ഗോഷ്ഠിയോ ഒന്നുമില്ലാത്ത സ്മാർട്ടു വില്ലന്റെ വരവറിയിപ്പായിരുന്നു അത്.  ക്യാപ്റ്റൻ പോലും വിചാരിക്കാത്ത ഒരു പ്രത്യേക താരപരിവേഷമാണ് ആ ചിത്രത്തിലൂടെ അദ്ദേഹത്തിന് ലഭിച്ചത്.  അതോടെ തമിഴില്‍ നിന്നും െതലുങ്കിൽ നിന്നും ഒത്തിരി ഓഫറുകളാണ് ക്യാപ്റ്റനെ തേടിയെത്തിയത്.  രജനികാന്തിന്റെയും കമലാഹാസന്റെയും ചിരഞ്ജീവിയുടെയുമൊക്കെ സുന്ദര വില്ലനായി ഒരു വ്യാഴവട്ടക്കാലം മുഴുവൻ ക്യാപ്റ്റൻ വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിക്കുകയായിരുന്നു. 

 

ഞാൻ തിരക്കഥ എഴുതിയ  പ്രത്യേകം ശ്രദ്ധിക്കുക, ഇനിയും കഥ തുടരും, മിസ്സ് പമീല, ബോക്സർ, മിനിമോൾ വത്തിക്കാനിൽ, ഉപ്പുകണ്ടം ബ്രദേഴ്സ്, എഴുപുന്നതരകൻ തുടങ്ങിയ ഒരു ഡസനോളം ചിത്രങ്ങളിൽ ക്യാപ്റ്റന്റെ സാന്നിധ്യമുണ്ടായിരുന്നു.  ഉപ്പുകണ്ടം ബ്രദേഴ്സിലും, എഴുപുന്നതരകനിലും പോസിറ്റീവ് റോളുകളായിരുന്നു ഞാൻ കൊടുത്തത്.  കൂടാതെ ആഗസ്റ്റ് ഒന്ന്, സാമ്രാജ്യം, ഒരു വടക്കൻ വീരഗാഥ, ആവനാഴി, കാബൂളിവാല എന്നീ ചിത്രങ്ങളിലും ക്യാപ്റ്റന്റെ പ്രകടനം വളരെ പ്രശംസനീയമായിരുന്നു. 

 

അധികം താമസിയാതെ തമിഴ്, തെലുങ്ക് സിനിമയിലെ തിരക്കു കാരണം ക്യാപ്റ്റൻ മദ്രാസിൽ സ്വന്തമായി ഒരു വീടു വാങ്ങി നാട്ടിൽ നിന്നും താമസം അങ്ങോട്ടേക്ക് മാറ്റിയിരുന്നു. 

 

ഈ സമയത്താണ് കോട്ടയത്തു നിന്നും എന്റെയും രാജുച്ചായന്റെയും സുഹൃത്തായ അലക്സാണ്ടറുടെ ഫോൺ വരുന്നത്. 

 

‘‘ഡെന്നിച്ചായനറിഞ്ഞില്ലേ നമ്മുെട ക്യാപ്റ്റൻ രാജുച്ചായൻ അഭിനയം നിർത്താന്‍ പോകുന്നത്രേ’’

 

പെട്ടെന്നു കേട്ടപ്പോൾ അലക്സാണ്ടർ തമാശ പറയുന്നതായിട്ടാണ് എനിക്കു തോന്നിയത്. 

 

ഞാൻ ആ വാർത്തയെ നിസ്സാരവൽക്കരിക്കുന്നതു കണ്ടപ്പോൾ അവൻ വീണ്ടും തുടർന്നു. 

 

‘‘ഞാൻ വെറുതെ പറയുന്നതൊന്നുമല്ല. ഇവിടെ എല്ലാവരും പറയുന്നതു കേട്ടതാണ്.  ഡെന്നിസച്ചായന്റെ ഏറ്റവും ഡിയറസ്റ്റ് ഫ്രണ്ടായതു കൊണ്ടാണ് ഞാൻ കേട്ടപാടെ തന്നെ വിളിച്ചു പറഞ്ഞത്.’’‌‌

 

അവൻ അത്രയും കൂടി പറഞ്ഞപ്പോൾ ഞാൻ ഉടനെ രാജുച്ചായനെ വിളിച്ചു. രണ്ടാമത്തെ ബെല്ലിനു തന്നെ രാജുച്ചായൻ ഫോണെടുത്തു.  പതിവുപോലുള്ള രാജുച്ചായന്റെ പ്രസന്നതയുള്ള ശബ്ദവും കുസൃതിയുള്ള സംസാരവും കേട്ടപ്പോൾ അലക്സാണ്ടർ പറഞ്ഞ വാർത്ത ഏതോ ശത്രുക്കൾ പടച്ചുണ്ടാക്കിയ വ്യാജ വാര്‍ത്തയായിരിക്കുമെന്ന് എനിക്കു തോന്നി. അതുകൊണ്ടു ഞാൻ രാജുച്ചായനോട് കൂടുതലൊന്നും ചോദിക്കാൻ പോയില്ല.  പിറ്റേന്നും ഈ വാർത്ത എറണാകുളത്തും കേൾക്കാൻ തുടങ്ങിയപ്പോൾ ഞാൻ അപ്പോൾ തന്നെ അദ്ദേഹത്തെ വിളിച്ചു വിവരം തിരക്കിയപ്പോൾ കക്ഷിയുടെ വാക്കുകൾ ഇങ്ങിനെയായിരുന്നു. 

 

"ഞാൻ അഭിനയമൊന്നും നിർത്തുന്നില്ല ഡെന്നിച്ചായാ. ഇനി മുതൽ വില്ലൻ വേഷങ്ങളില്‍ അഭിനയിക്കുകയില്ലെന്നു തീരുമാനിച്ചിരിക്കുകയാണ്."

 

പെട്ടെന്ന് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ഇതുപോലെ തന്നെയായിരുന്നു ഒരു സമയത്ത് ലാലു അലക്സും. വില്ലനായി അഭിനയിക്കുന്നത്  എന്തോ ഒരു വലിയ പാപമാണെന്ന വിശ്വാസം ഇടയ്ക്കൊക്കെ ഇവരുടെ തലയിൽ കയറി വരും.  ഇതിന് പ്രത്യേക ഒരു കാരണവുമുണ്ടെന്ന് എനിക്ക് തോന്നി.  ആത്മീയത മനസ്സിൽ വളരുമ്പോഴുണ്ടാകുന്ന ഒരു തരം കുറ്റബോധമാണത്. 

 

രാജുച്ചായൻ അപ്പോൾ ഷൂട്ടിംഗ് ലൊക്കേഷനിലായതു കൊണ്ട് അതേക്കുറിച്ച് വിശദമായിട്ടൊന്നും ചോദിക്കാൻ കഴിഞ്ഞില്ല. അടുത്ത ആഴ്ച മദ്രാസിൽ പോകുമ്പോൾ രാജുച്ചായന്റെ വീട്ടിൽ പോയി നേരിട്ടു കാണാമെന്നു കരുതി ഞാൻ വേഗംതന്നെ ഫോൺ വയ്ക്കുകയായിരുന്നു. 

 

നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് മദ്രാസിൽ പോകേണ്ട ഒരു കാര്യം  വന്നപ്പോൾ ഞാൻ രാജുച്ചായനെ വിളിച്ച് വരുന്ന വിവരം അറിച്ച പ്രകാരം പിറ്റേന്നുതന്നെ ഞാൻ മദ്രാസിലെത്തി. എന്നെ കണ്ടപ്പോൾ ആ പഴയ സ്നേഹപ്രകടനങ്ങളും എളിമയും വിനയവും ആതിഥ്യമര്യാദയും കൊണ്ട് എന്നെ വലയം ചെയ്യുകയായിരുന്നു. 

 

അൽപനേരമിരുന്ന് കുശലം പറഞ്ഞ ശേഷം ‍ഞാൻ വിഷയം അവതരിപ്പിച്ചപ്പോൾ രാജുച്ചായൻ സാത്വികഭാവത്തോടെ ഇങ്ങനെ പറഞ്ഞു തുടങ്ങി. 

 

"ഡെന്നിസിച്ചായാ ഞാൻ വളരെ ആലോചിച്ചെടുത്ത ഒരു തീരുമാനമാണിത്.  വർഷങ്ങളായി കൊലപാതകിയും സ്ത്രീ പീഡകനുമൊക്കെയായി ഞാൻ വേഷം കെട്ടാൻ തുടങ്ങിയിട്ട്.  ഇതൊക്കെ ചെയ്തു ചെയ്തു ഞാൻ മടുത്തു.  അതുമാത്രമല്ല ഞാൻ ഒന്നു പുറത്തിറങ്ങിയാൽ കൊച്ചു കുട്ടികളും സ്ത്രീകളുമെല്ലാം എന്നെ കാണുമ്പോൾ ഒരു ഭീകരനെപ്പോലെ ഭയത്തോടും പുച്ഛത്തോടും കൂടിയാണ് നോക്കുന്നത്.  ചില സ്ത്രീകൾ പിടിച്ചു നിർത്തി പറയുന്ന കമന്റുകൾ കൂടി കേട്ടപ്പോൾ എന്റെ മനസ്സ് നന്നായിട്ട് നൊന്തു. "

 

അതുകേട്ടപ്പോൾ എനിക്ക് പുച്ഛമാണ് തോന്നിയത്. 

 

"മനസ്സ് നൊന്തെന്നോ? രാജുച്ചായനെന്താ കൊച്ചു കുട്ടികളെപ്പോലെ സംസാരിക്കുന്നത്?  ഇത് സിനിമയല്ലേ. ജീവിതമല്ലല്ലോ. വില്ലന്മാരായിട്ടഭിനയിക്കുന്നവരൊക്കെ ഇങ്ങനെയുള്ള ആളുകളാണെന്ന് ധരിക്കുന്നവരുടെ തലയ്ക്കാണ് വട്ട്. "  ഞാനല്പം കടുപ്പിച്ചു തന്നെ പറഞ്ഞു. 

 

"ഇത്രയൊക്കെ ദൈവം എനിക്കു തന്നില്ലേ? അതുമതി. ഇനി നല്ല റോളുകൾ െചയ്ത് ജനങ്ങളുടെ അംഗീകാരം നേടണം." 

 

അദ്ദേഹം പിന്നെയും ഇരുന്ന് ഫിലോസഫിയും ദൈവവചനങ്ങളുമൊക്കെ പറഞ്ഞുകൊണ്ടിരുന്നു. എന്തു പറഞ്ഞു തുടങ്ങിയാലും അവസാനം സ്വന്തം അമ്മയെ കുറിച്ചു പറയാതെ രാജുച്ചായൻ വാക്കുകൾ അവസാനിപ്പിക്കില്ല. 

 

അതിൽ അമ്മയെക്കുറിച്ച് പറഞ്ഞ മഹത്തരമായ ഒരു പദമൊഴിയുണ്ട്. 

 

‘‘ദൈവത്തിന് എല്ലായിടത്തും ഓടിയെത്താൻ പറ്റാത്തതു കൊണ്ടാണ് തമ്പുരാൻ തന്റെ പ്രതിനിധിയായി അമ്മമാരെ സൃഷ്ടിച്ചിരിക്കുന്നത്. " 

 

ക്യാപ്റ്റൻ വില്ലൻ വേഷങ്ങൾ ചെയ്യുന്നില്ലെന്ന് വാശിപിടിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ അവസരങ്ങൾ വളരെ കുറയാൻ തുടങ്ങി. എന്നാൽ തന്റെ തീരുമാനത്തിൽ നിന്നും അണുവിട പോലും വ്യതിചലിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പോസിറ്റീവായ വേഷങ്ങൾ വന്നാൽ മാത്രമേ അദ്ദേഹം പടം കമ്മിറ്റു ചെയ്യുമായിരുന്നുള്ളൂ. 

 

സാധാരണ നടന്മാരിൽ നിന്നും തികച്ചും വ്യത്യസ്തനായ ഒരു നല്ല മനസ്സിന്റെ ഉടമയായിരുന്നു ക്യാപ്റ്റൻ. അങ്ങനെ ആരെക്കുറിച്ചും പരദൂഷണമോ പാരവയ്പോ ഒന്നുമില്ലാതെ ജീവിത മൂല്യങ്ങൾ ഉയർത്തി പിടിച്ചു കൊണ്ട് ഈശ്വരചിന്തയുമായി കാലം കഴിച്ചിരുന്ന ആളായിരുന്നു അദ്ദേഹം.  

 

എന്നെ എപ്പോൾ കണ്ടാലും താൻ വന്ന വഴികളെക്കുറിച്ചും കടപ്പാടുകളെക്കുറിച്ചുമൊക്കെ സൂചിപ്പിക്കാതിരിക്കില്ല.

 

‌‌‘‘ സാഗാ അപ്പച്ചനോടും ജോഷി സാറിനോടും ഡെന്നിച്ചായനോടുമാണ് എനിക്ക് ഏറ്റവും കൂടുതൽ കടപ്പാടുള്ളത്."

 

"എന്തിനാ രാജുച്ചായാ പറഞ്ഞ വാചകങ്ങൾ എന്നും വീണ്ടും ആവർത്തിക്കുന്നത്. ആവർത്തനം എപ്പോഴും വിരസമാണ്." 

 

ഞാൻ ഇങ്ങനെ തമാശ പറയുമ്പോൾ രാജുച്ചായന്റെ മറുപടി ഒരു ഫിലോസഫിയായിരിക്കും. 

 

"നമുക്ക് അഭയം തന്നവരെയും വഴികാട്ടിയവരെയും എന്നും മനസ്സിൽ കുടിയിരുത്തുന്നവനാണ് യഥാർഥ്യ മനുഷ്യൻ. " എന്നുപറഞ്ഞു അദ്ദേഹം ഉച്ചത്തിൽ ചിരിക്കും.  

 

ആർമിയിലെ സേവനം കൊണ്ട് കിട്ടിയതോ ബാല്യത്തിൽ അമ്മയിൽ നിന്നും കിട്ടിയ സാരോപദേശം കൊണ്ടൊക്കെയായിരിക്കാം രാജുച്ചായൻ ഇടക്കിങ്ങനെ തത്വങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. 

 

ഇതിനിടയിലാണ് അദ്ദേഹത്തിന് ഒരു കാർ ആക്സിഡന്റുണ്ടാകുന്നത്.  പാലക്കാട്ടു നിന്നും പാതിരാത്രിയിൽ എറണാകുളത്തേക്കു വരുന്നതു വഴി വടക്കാഞ്ചേരിയിൽ വച്ച് കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. 

 

ആ വാർത്ത കേട്ടപ്പോൾ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടു മാത്രമാണ് ജീവാപായമൊന്നുമുണ്ടാകാതെ അദ്ദേഹം അദ്ഭുതകരമായി രക്ഷപ്പെട്ടതെന്ന് ഞാൻ വിളിച്ചു പറഞ്ഞു.  കാലിനാണു ഗുരുതരമായ പരിക്കേറ്റിരിക്കുന്നത്.

 

ഈ സംഭവത്തിന് ശേഷം കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ കാലു മുറിച്ചു ഞാൻ അമൃതാ ആശുപത്രിയിൽ കിടക്കുമ്പോൾ രാജുച്ചായൻ വയ്യാത്ത ആ കാലുമായി എന്നെ കാണാൻ വന്ന കാഴ്ച ഇപ്പോഴും എന്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്.  ഈ അവസ്ഥയിൽ വേറെ ആരാണെങ്കിലും വരില്ല. 

 

"എന്തിനാ രാജുച്ചായാ ഈ അവസ്ഥയിൽ എന്നെ കാണാൻ വന്നത്?  എന്നെക്കാള്‍ മോശം അവസ്ഥയിലാണല്ലോ രാജുച്ചായൻ. " 

 

" ഡെന്നിസിച്ചായന്റെ കാലു മുറിച്ചു എന്നു കേട്ടപ്പോൾ ഞാൻ വല്ലാതെ ഷോക്കായിപ്പോയി. എനിക്ക് അപ്പോൾത്തന്നെ ഡെന്നിസിച്ചായനെ കാണണമെന്ന് തോന്നി. പിന്നെ ഞാൻ ഒന്നും നോക്കാൻ പോയില്ല."  

 

അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോൾ ഞാൻ ആ കൈകളിൽ പിടിച്ചു എന്തു പറയേണ്ടതെന്നറിയാതെ വിങ്ങിപ്പൊട്ടിക്കിടന്നു. 

 

ഒരു മണിക്കൂറോളം എന്റെ ബെഡ്ഡിനടുത്തിരുന്ന് ഓരോ കാര്യങ്ങൾ പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയായിരുന്നു അദ്ദേഹം. 

 

അപ്പോൾ എന്റെ മനസ്സ് അറിയാതെ ഇങ്ങനെ പറഞ്ഞു പോയി.

 

_ സൗഹൃദം എന്ന് പറയുന്നത് വലിയൊരു ബലവും ആശ്വാസവുമാണ്.  

 

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com