‘മുഖ്യമന്ത്രി അല്ല അവരുടെ മകന്റെ ഭാര്യയാണ് സംവിധായിക’
Mail This Article
ഹാസ്യതാരം നിർമൽ പാലാഴി തമിഴിലേക്ക്. തമിഴ്നടൻ ഉദയനിധി സ്റ്റാലിന്റെ ഭാര്യയായ കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ‘പേപ്പർ റോക്കറ്റ്’ എന്ന വെബ്സീരീസിലൂടെയാണ് നിർമലിന്റെ തമിഴ് അരങ്ങേറ്റം. കാളിദാസ് ജയറാമാണ് സീരീസിലെ നായകവേഷത്തിൽ എത്തുന്നത്. നേരിട്ട് ഇതുവരെ കാണുകപോലും ചെയ്യാത്ത കാളിദാസ് ആണ് തന്റെ പേര് ടീമിനോട് നിർദേശിച്ചതെന്നും അതറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നും നിർമൽ പറയുന്നു.
നിർമൽ പാലാഴിയുടെ വാക്കുകൾ:
ഒരുപാട് സന്തോഷത്തോടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു. ഈ ലോക്ഡൗണിൽ ജോലി ഒന്നും ഇല്ലാതെ ഇരിക്കുമ്പോൾ സിനിമാ പ്രോമോഷൻ വർക്ക് എല്ലാം ചെയ്യുന്ന പ്രിയ സുഹൃത്ത് സംഗീത വിളിച്ചിട്ട് ഒരു തമിഴ് വർക്കിൽ വേഷം കിട്ടിയാൽ പോവുമോ എന്ന് ചോദിച്ചു.
മലയാളം അല്ലാതെ വേറെ ഒന്നും അറിയാത്ത എന്നോടൊ ബാലാ...?
അതൊന്നും ഇങ്ങള് പ്രശ്നമാക്കേണ്ട കിട്ടിയാൽ വലിയ വർക്കാ, വല്യ ടീമാ..
ഏതാ ഇത്ര വല്യ ടീം, അവിടുത്തെ മുഖ്യമന്ത്രി ഒന്നും അല്ലല്ലോ..?
മുഖ്യമന്ത്രി അല്ല അവരുടെ മകന്റെ ഭാര്യയാണ് ഡയറക്ടർ..
ഹേ..?
ഹാ.. ന്ന് ...അവിടുത്തെ മുഖ്യമന്ത്രി സ്റ്റാലിൻ സാറിന്റെ മകനായ ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക മാഡം ഡയറക്ട് ചെയ്യുന്ന വെബ്‌സീരിസിലേക്ക് ആണ്.
ഭാഷയോ ദേശമോ ഒന്നും അറിയില്ല. പണിയാണല്ലോ മുഖ്യം നേരെ വിട്ടു ചെന്നെയിലേക്ക്. എന്റെ ഡയലോഗ് തങ്ലിഷിൽ എഴുതി തന്നു. അതെല്ലാം പാലാഴിയിലെ ചെറുപ്പം മുതൽ ഉള്ള സൗഹൃദം രജി ചേച്ചിക്ക് അയച്ചു കൊടുത്തു. രജി ചേച്ചിയും സതീഷ് ഏട്ടനും അതിന്റെ അർഥം തിരിച്ചു അയച്ചു തന്നു. പിന്നെ ഷൂട്ടിങ്ങ് സമയത്തു പ്രിയ സുഹൃത്തായ പ്രിയ ചേച്ചിയുടെ മകനായ ചിക്കു തുടക്കം മുതൽ അവസാനം വരെ അവന്റെ ജോലിയെല്ലാം നിർത്തിവച്ചു എന്റെ കൂടെ നിന്നു, എല്ലാവരോടും നിറഞ്ഞ സ്നേഹം.
പിന്നെ ഇതിൽ ഞാൻ എത്താൻ കാരണക്കാരൻ മലയാളത്തിന്റെ അഭിമാനം ജയറാം ഏട്ടന്റെ മകനായ കാളിദാസ് ജയറാം(കണ്ണൻ). അതിശയവും സ്നേഹവും തീർത്താൽ തീരാത്ത നന്ദിയും തോന്നി കാരണം. അതുവരെയും നേരിട്ട് കാണുകപോലും ചെയ്യാത്ത കണ്ണനാണ് ഈ കഥാപാത്രത്തിന് എന്റെ പേര് പറഞ്ഞത് എന്നറിഞ്ഞപ്പോൾ. സീരീസിലെ ആദ്യ സോങ്ങ് റിലീസ് ആയി നിങ്ങളിലേക്ക് എത്തിക്കുന്നു.