ജയറാം, അഞ്ജലി മേനോൻ എന്നിവരുമായി കലഹം: തിരിച്ചു വരവിലെ വിവാദങ്ങൾ
Mail This Article
വിവാദങ്ങൾ വിടാതെ പിന്തുടർന്നിരുന്നയാളായിരുന്നു പ്രതാപ് പോത്തൻ. ഫെയ്സ്ബുക്കിലെ ചില കുറിപ്പുകൾ കാണുമ്പോൾ വിവാദങ്ങൾ അദ്ദേഹത്തെയാണോ അതോ അദ്ദേഹം വിവാദങ്ങളെയാണോ പിന്തുടർന്നിരുന്നതെന്ന് തോന്നിപ്പോകുമായിരുന്നു. തിരിച്ചുവരവിന്റെ കാലത്ത് ജയറാം, അഞ്ജലി മേനോൻ എന്നിവരുമായി സിനിമയുടെ പേരിൽ കലഹിക്കുകയും വിവാദങ്ങളിൽ പെടുകയും ചെയ്തിരുന്നു പോത്തൻ.
ജയറാമിന്റെ മകൻ കാളിദാസനെ താൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിപ്പിക്കാനായി പ്രതാപ് പോത്തൻ സമീപിച്ചതിൽ നിന്നാണ് വിവാദങ്ങളുടെ തുടക്കം. ഇക്കാര്യത്തിൽ കാളിദാസനു താൽപര്യമില്ലെന്നു ജയറാം അറിയിച്ചതിനെത്തുടർന്നായിരുന്നു ജയറാമിനെതിരെ പ്രതാപ് പോത്തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ജയറാമിന്റെ പേരു പറഞ്ഞില്ലെങ്കിലും വ്യക്തമായ സൂചനകൾ നൽകിയുള്ള പോസ്റ്റ് വിവാദമായതോടെ പ്രതാപ് പോത്തൻ അതു പിൻവലിക്കുകയും ചെയ്തു. വിഷയത്തിൽ ജയറാം പരസ്യ പ്രതികരണം നടത്തിയിരുന്നില്ല. തുടർന്ന് അദ്ദേഹം താരസംഘടനയായ ‘അമ്മ’യിൽ പരാതി നൽകി. പ്രശ്നം പരിഹരിക്കാൻ ‘അമ്മ’ നടൻ നെടുമുടി വേണുവിനെ ചുമതലപ്പെടുത്തി. അനാവശ്യമായി തനിക്കെതിരെ പോസ്റ്റ് ഇട്ട പ്രതാപ് പോത്തനെതിരെ സംഘടനാതലത്തിൽ നടപടി സ്വീകരിക്കണമെന്നായിരുന്നു ജയറാമിന്റെ ആവശ്യം.
രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം സംവിധാനത്തിലേക്ക് മടങ്ങി വരാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് മറ്റൊരു വിവാദം ഉണ്ടാകുന്നത്. ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിലൂടെ ജനപ്രിയ സംവിധായിക ആയി മാറിയ അഞ്ജലി മേനോൻ ആയിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കാനിരുന്നത്. ബാംഗ്ലൂർ ഡെയ്സിൽ നിത്യാമേനോന്‍റെ അച്ഛന്‍റെ വേഷമായിരുന്നു പ്രതാപ് പോത്തന്. ചിത്രത്തിൽ ദുൽക്കർ സൽമാൻ നായകനാകുമെന്നായിരുന്നു ആദ്യ വാർത്തകൾ. എന്നാൽ താൻ ആഗ്രഹിച്ച പോലൊരു ഒരു തിരക്കഥയല്ലാത്തതിനാൽ പിൻമാറുന്നുവെന്ന സംവിധായകൻ പ്രതാപ് പോത്തന്റെ പ്രഖ്യാപനം വിവാദത്തിന് വഴി തുറന്നു.
‘മൂന്നോ നാലോ ദിവസമാണു ചിത്രത്തെക്കുറിച്ചു ചർച്ച ചെയ്തത്. ഓരോ ഘട്ടത്തിലും എന്താണ് എനിക്കു േവണ്ടതെന്നു വ്യക്തമായി അഞ്ജലി മേനോനെ അറിയിച്ചിരുന്നു. എന്നാൽ അവ ഉൾക്കൊള്ളാനോ തിരക്കഥയിൽ ഉൾപ്പെടുത്താനോ തയാറായില്ല. ക്ലൈമാക്സിലും മാറ്റങ്ങൾ നിർദേശിച്ചിരുന്നെങ്കിലും സാധ്യമല്ലെന്ന നിലപാടിലായിരുന്നു. അത്തരമൊരു തിരക്കഥ വെച്ചു സിനിമയെടുക്കുന്നതിൽ അർഥമില്ല. എനിക്കു നഷ്ടമായത് ഒരു വർഷവും നാലു സിനിമകളുമാണ്. സിനിമ ചെയ്തു സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാൻ. എനിക്ക് ഒന്നും തെളിയിക്കാനില്ല. മാജിക്കൽ റിയലിസത്തിന്റെ ടച്ചുകളുള്ള ഒരു കഥയാണ് ഉദ്ദേശിച്ചിരുന്നത്. നമ്മൾ ഉദ്ദേശിച്ച രീതിയിലുള്ള കഥയല്ലാത്തതിനാൽ ചെയ്യുന്നില്ല അത്രമാത്രം. ദുൽഖറുമായി സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. നമ്മൾ തീരുമാനിക്കുന്നതു നടക്കണമെന്നില്ലല്ലോ. അഞ്‍ജലി മേനോൻ നല്ല വ്യക്തിയാണ്. എന്നാൽ അവർ എന്നോടു ചെയ്തതു ശരിയായില്ല.’ അന്ന് അദ്ദേഹം പറഞ്ഞതിങ്ങനെ.