ADVERTISEMENT

അകാലത്തിൽ വിട പറഞ്ഞ മകളോടുള്ള ഇഷ്ടവും വാത്സല്യവും അൽപം പോലും കുറയാതെ, ആ നൊമ്പരം ഹൃദയത്തിൽ പേറുന്ന സുരേഷ് ഗോപിയോടുള്ള ആദരവ് തുറന്നു പറഞ്ഞ് കവിയും അധ്യാപികയുമായ ശ്രുതി കെ.എസ്. മകളുടെ മരണത്തിനു ശേഷം, കാണുന്ന പെൺകുട്ടികളിലെല്ലാം തന്റെ നഷ്ടപ്പെട്ടുപോയ മകളെ തിരയാറുണ്ടെന്ന് മനോരമ ഓൺലൈന് അനുവദിച്ച അഭിമുഖത്തിൽ സുരേഷ് ഗോപി വെളിപ്പെടുത്തിയത് വൈറലായിരുന്നു. അത്തരത്തിലൊരു അനുഭവം തുറന്നു പറയുകയാണ് ശ്രുതി. 

 

ശ്രുതിയുടെ വാക്കുകൾ: 

 

ഈ മനുഷ്യനോടുള്ള സ്നേഹം എന്ന് മുതലാണ് തുടങ്ങിയത് എന്നോർമയില്ല. കുട്ടിക്കാലത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ പോയി വരുമ്പോൾ നടയിൽ നിന്ന് അമ്മ എനിക്കും അനിയനും എന്തെങ്കിലുമൊക്കെ വാങ്ങിത്തരും. സത്യത്തിൽ അമ്പലത്തിൽ പോകാനുള്ള ഇഷ്ടത്തിന് കാരണം തന്നെ സമ്മാനം കിട്ടുമെന്നതായിരുന്നു. വളകൾ, മാല, കളിപ്പാട്ടം അങ്ങനെ എന്തെങ്കിലും.

 

ഒരിക്കൽ പോയി വരുമ്പോൾ ഞങ്ങളുടെ ആരാധനാ കഥാപാത്രങ്ങളുടെ ഫോട്ടോ വാങ്ങാൻ ഞാനും അനിയനും തീരുമാനിച്ചു. വീട്ടിൽ ഹാളിന്റെ ചുവരിൽ ഒട്ടിച്ചു വയ്ക്കുക എന്നതായിരുന്നു ഉദ്ദേശം. ചിത്രങ്ങൾ വിൽക്കുന്ന ആളുടെ അടുത്ത് ചെന്ന് അനിയൻ സച്ചിൻ തെൻഡുൽക്കറിന്റെ ഫോട്ടോയും ഞാൻ സുരേഷ് ഗോപിയുടെ ഫോട്ടോയും ചോദിച്ചു. സച്ചിനെ കിട്ടി, എന്റെ കരച്ചിലും വാശിയും കാരണം നട മുഴുവൻ തിരഞ്ഞിട്ടും സുരേഷ് ഗോപിയുടെ ചിത്രം കിട്ടിയില്ല. ഫോട്ടോ കിട്ടാതെ വീട്ടിലേക്ക് തിരികെ വരില്ലെന്ന വാശിയിൽ അമ്പലനടയിൽ നിന്ന് കരഞ്ഞു. അമ്മ കുടുങ്ങിയെന്ന് പറഞ്ഞാൽ മതിയല്ലോ. അച്ചച്ചന്റെ ഒരു സുഹൃത്തിന്റെ കട നടയിൽ ഉണ്ടായിരുന്നു. അമ്മേടെ പരുങ്ങൽ കണ്ട് പുള്ളി വന്ന് കാര്യം തിരക്കി. ഉറപ്പായും സുരേഷ്‌ഗോപിയുടെ ചിത്രം അങ്കിൾ നേരിട്ട് വീട്ടിൽ എത്തിക്കാമെന്ന വാഗ്ദാനത്തോടെ ഒരുവിധത്തിലാണ് അന്ന് ഞങ്ങളെ വീട്ടിലേക്ക് തിരികെ അയച്ചത്.

 

അനിയൻ അന്ന് തന്നെ ഹാളിൽ സച്ചിനെ ഒട്ടിച്ചു വെച്ചു. അത് കാണുമ്പോ കാണുമ്പോ എന്നും ഞാൻ വാക്ക് പാലിക്കാത്ത അങ്കിളിനെ ഓർക്കും. ചിത്രത്തേക്കാൾ അവന്റെ മുഖത്തെ വിജയ ഭാവമാണ് എന്നെ തളർത്തിയത് എന്ന് പിന്നെ പറയേണ്ടതില്ലല്ലോ. ഒടുവിൽ മാസങ്ങളിൽ ശേഷം സുരേഷ്‌ഗോപിയേം കൊണ്ട് അങ്കിൾ വീട്ടിലെത്തി. ഞാനത് ഒട്ടിച്ചു വെക്കുകയും ചെയ്തു. പക്ഷെ അവന്റെ സച്ചിന്റെ ചിത്രത്തിന്റെ പകുതി വലിപ്പമേ എന്റെ സുരേഷ്ഗോപിക്ക് ഉണ്ടായിരുന്നുള്ളൂ എന്നിടത്തായിരുന്നു ഞാൻ പിന്നേം ക്ഷീണിച്ചത്. എന്നാലും മാനം കാക്കാൻ ചെറുതെങ്കിലും ഒന്ന് കിട്ടിയല്ലോ എന്നാശ്വാസവും.

 

ആയിടയ്ക്കാണ് ഒരു പഴങ്കഥ കേൾക്കുന്നത്. അതുവരെ ഉണ്ടായിരുന്ന എല്ലാ ക്ഷീണവും ഒറ്റയടിക്ക് ഇല്ലാതാക്കിയ സംഭവം. ഒരിക്കൽ ഏതോ ട്രെയിൻ യാത്രയ്ക്ക് വേണ്ടി തൃശൂർ റയിൽവെ സ്റ്റേഷനിൽ നിൽക്കുമ്പോ വടക്കൻവീരഗാഥയുടെയോ മറ്റോ (ഏതോ സിനിമയുടെ) ഷൂട്ട് കഴിഞ്ഞ് തൃശൂർ നിന്ന് തിരുവനന്തപുരം പോകാൻ സ്റ്റേഷനിൽ നിന്നിരുന്ന സുരേഷ്‌ഗോപിയെ കണ്ടത്. അദ്ദേഹം അന്ന് സിനിമകളിൽ വന്ന് തുടങ്ങിയ കാലം. ഞാനന്ന് കൈകുഞ്ഞോ മറ്റോ ആണ്. അമ്മയേം എന്നേം ട്രെയിൻ കയറ്റാൻ വന്ന പാപ്പനും സുഹൃത്തും സുരേഷ്ഗോപിയുടെ അടുത്ത് ചെന്ന് പരിചയപ്പെടുന്നു. പാപ്പന്റെ കൈയിൽ ഒരുകുഞ്ഞിനെ കണ്ടപ്പോ എടുത്തു കൊഞ്ചിച്ചു എന്നുമാണ് കഥ. പോരെ പൂരം. ആ കുഞ്ഞല്ലേ വളർന്ന് പന്തലിച്ചു നിൽക്കുന്ന ഈ ഞാൻ.

 

"എത്ര ഇഷ്ടപ്പെട്ടാലും സച്ചിൻ നിന്നെ പോയിട്ട് നീ സച്ചിനെ ഒന്ന് ദൂരെന്ന് കാണാൻ പോലും സാധ്യതയില്ല. ആ സമയം എന്നെയോ സുരേഷ്‌ഗോപി എടുത്തിട്ടു പോലുമുണ്ട്." ആ ഒരു കഥയോടെ അനിയന് മേൽ ഞാൻ പരിപൂർണ വിജയം കൈവരിച്ചു എന്നതാണ് ഹൈലൈറ്റ്. ഇന്ന് ഈ അഭിമുഖം കണ്ടപ്പോ എന്തോ ഇതെല്ലാം ഓർത്തു. രാഷ്ട്രീയ നിലപാടുകളോട് യോജിക്കാനാവില്ലെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും, ഒരച്ഛൻ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും എന്ത് മനോഹരമായാണ് അദ്ദേഹം ജീവിക്കുന്നത്. എന്താണെന്നറിയില്ല പലപ്പോഴും റിയാലിറ്റി ഷോ ആവട്ടെ അതല്ല ഇത്തരം അഭിമുഖങ്ങൾ ആവട്ടെ, കണ്ണ് നിറയുമ്പോ കൂടെ നിറയുന്നത് എന്തെന്ന് തോന്നീട്ടുണ്ട്. ഒരിക്കലെങ്കിലും ആ വാത്സല്യം നേരിൽ കാണണം എന്ന് തോന്നിപ്പിച്ച ഒരു മനുഷ്യൻ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com