സഹോദരനു വേണ്ടി പെണ്ണ് കാണാൻ പോയ അനന്യ; ആ കഥ പറഞ്ഞ് താരം
Mail This Article
അനുജൻ അർജുൻ ഗോപാലിന് വേണ്ടി പെൺകുട്ടിയെ കണ്ടുപിടിച്ചത് താനാണെന്ന് നടി അനന്യ. സഹോദരനു വേണ്ടി പെണ്ണുകാണാൻ പോയത് താൻ ഒറ്റയ്ക്കാണെന്നും ആദ്യ പരിചയപ്പെടലിൽത്തന്നെ മാധവിയെ ഒരുപാട് ഇഷ്ടമായതായും അനന്യ പറഞ്ഞു. അർജുന്റെയും മാധവിയുടെയും വിവാഹ റിസപ്ഷനിൽ സംസാരിക്കുകയായിരുന്നു നടി. ഗുരുവായൂരിൽ വച്ച് ഓഗസ്റ്റ് 22നായിരുന്നു അനന്യയുടെ സഹോദരൻ അർജുനും മാധവി ബാലഗോപാലും വിവാഹിതരായത്.
‘‘എന്റെ അനുജൻ അർജുനു വേണ്ടി പെണ്ണുകാണാൻ ആദ്യമായി പോയത് ഞാനാണ്. കുട്ടിയെ കണ്ട് എനിക്ക് ഇഷ്ടമായി. മാധവി നല്ല കുട്ടിയാണ്, കുഴപ്പമില്ല എന്ന് ഞാൻ വീട്ടിൽ വിളിച്ചു പറഞ്ഞു. അതിനു ശേഷം കഴിഞ്ഞ ഒരു വർഷമായി അവളെ ഞങ്ങൾക്ക് അറിയാം. അഞ്ചുമാസം മുൻപ് വിവാഹ നിശ്ചയം നടത്തി. അതോടെ അവർക്ക് പ്രണയിക്കാൻ സമയം കിട്ടി. ഇന്ന് ഇവിടെ അർജുന്റെ സുഹൃത്ത് പറയുന്നതു കേട്ടു അവരുടേത് വർഷങ്ങളായുള്ള പ്രണയവിവാഹം ആണെന്ന്. കേട്ടപ്പോൾ ഞങ്ങൾ ഞെട്ടി. കാരണം പെൺകുട്ടിയെ ആദ്യമായി കണ്ടത് ഞാനാണ്. അതുകൊണ്ട് എനിക്ക് വാസ്തവം അറിയാം.
അന്ന് മാധവി ബെംഗളുവിൽ ജോലി ചെയ്യുകയായിരുന്നു. ഇപ്പോൾ എറണാകുളത്താണ് ജോലി ചെയ്യുന്നത്. ഞാൻ അവരുടെ ഏട്ടത്തിയമ്മയായി നിൽക്കാനൊന്നും പോകുന്നില്ല. എന്റെ അനിയൻ, എന്നെ ‘എടോ’ എന്നൊക്കെയാണ് വിളിക്കുന്നത്. അതുകൊണ്ട് മാതുവിനും ഒരു സഹോദരിയായിത്തന്നെ നിലനിൽക്കും. വളരെ ഓപ്പൺ ആയി സംസാരിക്കുന്ന ഒരു ബന്ധമാണ് അനുജന്റെ ഭാര്യ മാതുവുമായി ഉള്ളത്. സന്തോഷമായി ജീവിക്കുക എന്നു മാത്രമേ അവരോടു പറയാനുള്ളൂ. എന്റെയും ഭർത്താവിന്റെയും എല്ലാവിധ പിന്തുണയും അവർക്ക് ഉണ്ടാകും’’ അനന്യ പറയുന്നു.
സിനിമാലോകത്തുനിന്ന് അനന്യയുടെ സുഹൃത്തുക്കളായ ദേവി ചന്ദന, രചന നാരായണൻ കുട്ടി, പാരീസ് ലക്ഷ്മി, സ്വാസിക തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ക്ഷണിച്ച എല്ലാവരും വിവാഹത്തിനെത്തിയില്ല എന്ന് അനന്യ പറയുന്നു. ചിലർ മഴ കാരണം മടിച്ചിരുന്നു. മറ്റു ചിലർക്ക് ഷൂട്ടിങ് ഉള്ളതുകാരണം പങ്കെടുക്കാൻ കഴിഞ്ഞില്ല. ചിലർ മുങ്ങുകയും ചെയ്തുെവന്നും അനന്യ പറഞ്ഞു.