സിനിമയല്ലാതെ മറ്റൊന്നുമില്ല: വിവാഹബന്ധം വരെ കാത്തുസൂക്ഷിക്കാൻ കഴിയാത്തത് അതുകൊണ്ട്: ഷൈൻ ടോം
Mail This Article
സിനിമയ്ക്കു വേണ്ടി സ്വന്തം വീട്ടുകാരെപോലും മറന്നു ജീവിക്കുകയാണ് താനെന്ന് ഷൈൻ ടോം ചാക്കോ. ഒരാൾ സംതൃപ്തിപ്പെടുത്തേണ്ടത് സ്വന്തം ആത്മാവിനെയാണ്. വീട്ടുകാർ മക്കളെ വളർത്തി വലുതാക്കുന്നത് അവരുടെ ഭാവി നന്നായി കാണാൻ വേണ്ടിയാണ്. സിനിമ നഷ്ടപ്പെടുത്തി വീട്ടുകാരെ തൃപ്തിപ്പെടുത്തി അവരോടൊപ്പം ജീവിക്കാൻ കഴിയില്ല. ജീവിതത്തിൽ ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താനെന്നും അതിന്റെ പകുതി മാത്രമേ ക്യാമറയ്ക്ക് മുന്നിൽ കാണിക്കാൻ കഴിയുകയുള്ളൂ എന്നും ഷൈൻ ടോം ചാക്കോ പറയുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷൈൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ
‘‘സിനിമ ഇഷ്ടപ്പെടുന്നവർക്ക് അത് ചെയ്യാൻ വളരെ എളുപ്പമാണ്. ഇഷ്ടമുള്ള പണി ചെയ്ത്, കോടിക്കണക്കിന് പണം കിട്ടുന്നത് നല്ലതല്ലേ. ആളുകളെ ചിരിപ്പിക്കാൻ വേണ്ടി ചിലപ്പോൾ മറ്റുള്ളവരുടെ ശൈലി പിന്തുടരാറുണ്ട്. ഇല്ലത്തെ സംസാരശൈലി ഇടയ്ക്കിടെ കയറിവരാറുണ്ട്. ഒരു കാര്യം സീരിയസായി അവതരിപ്പിക്കുകയും വേണം എന്നാൽ ഹാസ്യമായി തോന്നുകയും വേണം എന്നുള്ളപ്പോഴാണ് അങ്ങനെ ചെയ്യുന്നത്. ക്യാമറയുടെ മുന്നിൽ ചെയ്യുന്നതിന് മുൻപ് അത് എവിടെയെങ്കിലും ചെയ്തു നോക്കേണ്ടെ. ജീവിതത്തിൽ കാണിക്കുന്നതിന്റെ പകുതി മാത്രമേ ക്യാമറ ഓൺചെയ്യുമ്പോൾ കൊടുക്കാൻ പറ്റുകയുള്ളൂ. കുറച്ചുകൂടി ബോധമുള്ള ആളുകൾ നിയന്ത്രിക്കുന്നത് കൊണ്ടാണ് സിനിമയിൽ ബോധത്തോടെ പെരുമാറുന്നത്.
ഞാൻ കൂട്ടിയിട്ട് കത്തിച്ചു വലിക്കുന്നെന്ന് പറയുന്നവർ ആരാണ് ഇത് കൃഷി ചെയ്യുന്നത് എന്ന് ചിന്തിക്കുന്നുണ്ടോ? കഞ്ചാവ് കച്ചവടം ചെയ്യുന്നവരെ പിടിക്കുന്നില്ല. പിള്ളേര് വലിക്കുന്നതാണ് കുറ്റം. സബ്സ്റ്റൻസ് ഉപയോഗിക്കുന്നത് ഒരു സ്വഭാവ വൈകല്യമാണ്. അങ്ങനെ ഉപയോഗിക്കുന്നവരെ ക്രിമിനലാക്കുകയും അത് വഴി അവന്റെ കുടുംബത്തെയും ചുറ്റുപാടുകളെയും നശിപ്പിക്കുന്നതാണ് ക്രൈം, അല്ലാതെ അത് ഉപയോഗിക്കുന്നതല്ല. അഭിനയിക്കാൻ കിട്ടുന്ന കഥാപാത്രങ്ങൾക്കു വേണ്ടി കാത്തിരിക്കുന്ന സമയം ആനന്ദകരമാക്കാറുണ്ട്. സ്ക്രീനിനു പുറത്ത് സന്തോഷമായി ഇരുന്നാൽ ക്യാമറയ്ക്ക് മുന്നിൽ നന്നായി പെർഫോം ചെയ്യാൻ പറ്റും. അഭിനയിക്കുന്നതിന് തൊട്ടു മുൻപ് വരെ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കണം.
സിനിമയല്ലാതെ ഒന്നും ജീവിതത്തിൽ എന്റെ നടക്കുന്നില്ല. അതുകൊണ്ടാണ് വിവാഹബന്ധം ഉൾപ്പടെയുള്ള ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിയാത്തത്. അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടുമുള്ള റിലേഷനിൽ ഞാൻ പരാജയമാണ്. അങ്ങനെ ഞാൻ പരാജയപ്പെടുന്നത് ക്യാമറയ്ക്ക് മുന്നിൽ സന്തോഷമായി നിൽക്കാൻ വേണ്ടിയാണ്. വീട്ടുകാർ നമ്മളോടൊപ്പം എത്ര വർഷമുണ്ടാകാനാണ്. നമ്മുടെ ആത്മാവിനെ മാത്രമാണ് നമ്മൾ കൂടെ കൊണ്ട് പോകുന്നത്. നമ്മുടെ ആത്മാവിനെയാണ് നമ്മൾ സംതൃപ്തിപ്പെടുത്തേണ്ടത് ആളുകളെയല്ല. മാതാപിതാക്കളെയും ഭാര്യയെയും കുടുംബത്തെയും ഓവറായി നമ്മുടെ ഉള്ളിലേക്കെടുത്ത് അവരുടെയും നമ്മുടെയും ജീവിതം ദുരിതമാക്കേണ്ട കാര്യമില്ല.
ആരെയും അനുസരിക്കുന്നില്ല എന്നല്ല സ്വാതന്ത്ര്യത്തിൽ ജീവിക്കുന്നു എന്ന് പറയുന്നതിന്റെ അർഥം. അങ്ങനെയെങ്കിൽ അനുസരണയില്ലാത്തവർ ഗാന്ധിജിയും ക്രിസ്തുവുമൊക്കെ അല്ലെ. ജനിച്ചതും വളർന്നതും വീട്ടിലാണ് എങ്കിലും വീട്ടിലിരിക്കാനല്ല അവർ എന്നെ വളർത്തി പഠിപ്പിച്ചത്. അവരോടു സംസാരിക്കാറുണ്ട്. പക്ഷേ സംസാരിച്ച് ബുദ്ധിമുട്ടിക്കാറില്ല. മാതാപിതാക്കൾ മക്കളെ വളർത്തി വലുതാകുന്നത് മക്കളുടെ നന്മയ്ക്ക് വേണ്ടിയാണ്. പക്ഷേ മക്കളെ കെട്ടിച്ചു വിട്ടുകഴിഞ്ഞാലോ അവർ വീടുവിട്ടു പോകും, അല്ലെങ്കിൽ വിദേശത്തു പോകും. അപ്പോൾ മാതാപിതാക്കൾ സന്തോഷമില്ലാതെ വീട്ടിലിരിക്കും. സന്തോഷമില്ലെങ്കിലും മക്കളുടെ നന്മയ്ക്ക് വേണ്ടിയാണ് പറഞ്ഞു വിടുന്നത്. ആത്മസംതൃപ്തി ഉണ്ടോ എന്ന് ചോദിച്ചാൽ യെസ് എന്ന് പറയാൻ ആർക്കും കഴിയില്ല. ഞാൻ ഇപ്പോഴും നൂറു പടം തികച്ചിട്ടില്ല. മലയാളികളുടെ മുന്നിൽ സിനിമ വലുതായി നിൽക്കുന്ന സമയത്താണ് സിനിമയെ ആഗ്രഹിച്ചത്. തിയറ്ററിൽ ഇരുന്നു സിനിമ കാണുമ്പോൾ കിട്ടുന്ന സംതൃപ്തി ഇന്ന് ഒടിടിയിൽ സിനിമ കാണുമ്പോൾ കിട്ടുന്നില്ല.’’ –ഷൈൻ ടോം പറയുന്നു.