താര രാജാക്കന്മാരും തിരിച്ചറിഞ്ഞു ആ സത്യം; സിനിമ ഹിറ്റാകാൻ ഫൈറ്റും ട്വിസ്റ്റും മാത്രം പോരാ
Mail This Article
വേറിട്ട ഇതിവൃത്തങ്ങളും ആഖ്യാനസമീപനങ്ങളും ഇന്ത്യന്‍ സിനിമയ്ക്ക് ഒരു കാലത്തും അപരിചിതമല്ല. സത്യജിത് റായ്, മൃണാ ള്‍സെന്‍, ഋത്വിക് ഘട്ടക്, അപര്‍ണ സെന്‍, ഋതുപര്‍ണഘോഷ്... തുടങ്ങി കെ.ബാലചന്ദറും ഭാരതിരാജയും ബാലുമഹേന്ദ്രയും ഭരതനും പത്മരാജനും ഫാസിലും വരെ നീളുന്ന സമാന്തര-മധ്യവര്‍ത്തി സിനിമകളുടെ വക്താക്കള്‍ കാലാകാലങ്ങളില്‍ ഇത്തരം ധീരപരീക്ഷണങ്ങള്‍ക്ക് മുതിരുകയും അവയില്‍ പലതും ബോക്സ് ഓഫിസില്‍ വെന്നിക്കൊടി പാറിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം സിനിമകളുടെ വിപണനവിജയത്തിന് പരിധികളുണ്ടായിരുന്നു. ഹിറ്റില്‍ നിന്ന് ബംപര്‍ ഹിറ്റുകളിലേക്ക് നീങ്ങുന്ന കാഴ്ച അപൂര്‍വമായിരുന്നു. അതേസമയം ഷോലെയും കാക്കിച്ചട്ടൈയും കാതലനും മുത്തുവും റിക്ഷാക്കാരനും പോലുളള തട്ടുപൊളിപ്പന്‍ സിനിമകള്‍ കോടികളുടെ കിലുക്കത്തിന്റെ കഥ പറയുമ്പോള്‍, ഒരേസമയം വിപണന വിജയവും മികച്ച സിനിമ എന്ന മാധ്യമ-നിരൂപകാഭിപ്രായവും നേടിയ സിനിമകളുടെ വക്താക്കള്‍ തങ്ങള്‍ക്ക് അപ്രാപ്യമായ മഹാവിജയങ്ങള്‍ക്ക് മുന്നില്‍ പകച്ചിരിക്കുന്ന കാഴ്ച പതിവായിരുന്നു. ബാലു മഹേന്ദ്രയുടെ യാത്ര, ഫാസിലിന്റെ മണിച്ചിത്രത്താഴ് പോലെ ചില അപവാദങ്ങള്‍ ഉണ്ടെന്നത് മറക്കുന്നില്ല. എന്നാല്‍ ഐ.വി.ശശി-ജോഷി-ശശികുമാര്‍ തുടങ്ങിയ ഹിറ്റ്മേക്കര്‍മാര്‍ കരിയറില്‍ ഉടനീളം വന്‍വിജയങ്ങള്‍ ആവര്‍ത്തിച്ചു. ഇവിടെയെല്ലാം വിജയത്തിന്റെ രീതിശാസ്ത്രം വ്യത്യസ്തമായിരുന്നു. ആരൂഢം പോലുള്ള ശശിയുടെ കരിയര്‍ ബെസ്റ്റ് സിനിമകള്‍ വന്‍പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ, അക്ഷരങ്ങള്‍ എന്നീ സിനിമകള്‍ സാമാന്യവിജയത്തിലൊതുങ്ങി.