മോഹൻലാലിനെ ഒടിടിയിൽ കണ്ടിട്ടും കിട്ടിയത് കോടികൾ; ഞെട്ടിച്ച ദൃശ്യം2, ഇനി തീയറ്റർ പോര്?
Mail This Article
വെള്ളിത്തിരയിൽ ‘100’ ഒരു മാന്ത്രിക സംഖ്യയായിരുന്നു. ഇപ്പോഴല്ല, കുറേക്കൊല്ലം മുൻപ്! തീയറ്ററുകളിൽ 100 ദിവസം പ്രദർശിപ്പിക്കുന്ന സിനിമ ഒന്നൊന്നര സംഭവമായിരുന്നു ഒരു കാലത്ത്. കുറച്ചു സിനിമകളുടെ പേരുകൾ വായിക്കാം: ഒരു വടക്കൻ വീരഗാഥ, ചിത്രം, കിലുക്കം, മണിച്ചിത്രത്താഴ്, ഗോഡ്ഫാദർ, അമരം, ഹിറ്റ്‌ലർ, ദ് കിങ്, കമ്മിഷണർ, ആകാശദൂത്, ദൃശ്യം, പുലിമുരുകൻ... വായിച്ചല്ലോ? ഇനി, ഒരു കൊച്ചു ചോദ്യം. ഇവയ്ക്കെല്ലാം ഒരു പൊതു സവിശേഷതയുണ്ട്. അതെന്താണെന്നു ചുമ്മാതെ ഊഹിക്കാമോ? ഒരുപാട് ആലോചിക്കാനൊന്നുമില്ല. ഈ സിനിമകളെല്ലാം ബ്ലോക് ബസ്റ്റർ ഹിറ്റുകളായിരുന്നു. എന്നു പറഞ്ഞാൽ 'തള്ളി' ഹിറ്റാക്കിയതല്ല; തീയറ്ററുകളിൽ 100 ദിവസത്തിലേറെ പ്രദർശിപ്പിച്ച മെഗാ ഹിറ്റ് ചിത്രങ്ങളാണ്! ഞെട്ടരുത്, അങ്ങനെയും ഒരു കാലമുണ്ടായിരുന്നു. തീയറ്ററുകളിലെ ആളിരമ്പത്തിൽ ഹൗസ്‌ഫുള്ളായി നൂറും നൂറ്റൻപതും ദിവസം സിനിമകൾ പ്രദർശിപ്പിച്ച കാലം! ഏറെ പഴക്കമില്ല, ആ ഒാർമകളിലേക്ക്. ഇനിയൊരിക്കലും ഒരു ചിത്രവും 100 സുവർണ ദിനങ്ങൾ ആഘോഷിക്കാൻ സാധ്യത തീരെയില്ല. അതിനു മുൻപേ, സിനിമകൾ ഒടിടിയിലെത്തുമെന്നതു തന്നെ കാരണം. 2023ൽ കേരളത്തിലെ തീയറ്റര്‍ വ്യവസായത്തിലും ഒടിടി മേഖലയിലും എന്തു വലിയ മാറ്റമാണു വരാനിരിക്കുന്നത്? അതിനുള്ള നീക്കം തീയറ്റർ ഉടമകൾ ആരംഭിച്ചു കഴിഞ്ഞു. തീയറ്ററിൽ കയറിയില്ലെങ്കിലും ഒടിടിയിൽ സിനിമ കാണാമെന്ന മനോഭാവത്തിലേക്കു മലയാളി മാറിയോ? അത് ആത്യന്തികമായി ആർക്കാണു നഷ്ടം സമ്മാനിക്കുക? തീയറ്റർ–ഒടിടി യുദ്ധത്തിലേക്കാണോ കാര്യങ്ങളുടെ പോക്ക്? വിശദമായി പരിശോധിക്കാം.