ആനച്ചന്തം, ആവേശപ്പെരുക്കം: മനസ്സറിഞ്ഞ് ഇന്ത്യ വിളിച്ചു, ഓസ്കർ കൂടെപ്പോന്നു; അതും 2 വട്ടം!
Mail This Article
മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം പോലെയായിരുന്നു ആർആർആറും ഓസ്കറും. കിട്ടാനും കിട്ടാതിരിക്കാനുമുള്ള സാധ്യത പ്രവചിക്കപ്പെട്ടു. ഒരേ തുലാസിൽ തൂങ്ങിയ ഈ സാധ്യതാ പ്രവചനം ഇന്ത്യയുടെ ഇടനെഞ്ചിൽ ഇടിനാദം പോലെ മുഴങ്ങി. പുരസ്കാരപ്രഖ്യാപനം വന്നപ്പോഴാകട്ടെ, പ്രതീക്ഷയും ആകാംക്ഷയും ഘനീഭവിച്ച് ആവേശത്തിന്റെ പേമാരിയായി അമേരിക്കൻ മണ്ണിലേക്കു പെയ്തിറങ്ങുകയായിരുന്നു. ഓസ്കറിലെ ഇന്ത്യയുടെ ഇരട്ട നേട്ടങ്ങൾ നൽകുന്ന ആവേശം അത്ര വേഗത്തിൽ പെയ്തൊഴിയുന്നതല്ല. കാരണം, അത്രമേൽ ആവേശഭരിതരാക്കുന്നുണ്ട് ഈ നേട്ടം രാജ്യത്തെ. ഒറിജിനൽ സോങ് വിഭാഗത്തിലുള്ള ഓസ്കർ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ചരിത്രത്തിൽ ഇന്ത്യ പുതിയ അധ്യായം തുറക്കുകയായിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പാട്ടിന് ഓസ്കർ കിട്ടുന്നത്. ഒന്നിൽ തീർന്നില്ല നേട്ടം. ‘ദ് എലിഫന്റ് വിസ്പറേർസി’ന് മികച്ച ഡോക്യുമെന്ററി ഹ്രസ്വ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു. പത്തരമാറ്റുള്ള ആ ഓസ്കർ ശിൽപത്തിന്റെ സ്വർണവെളിച്ചത്തിൽ രാജ്യമൊന്നാകെ തിളങ്ങുകയാണിപ്പോൾ. ഈ ഇരട്ട നേട്ടം രാജ്യത്തിനു നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. പ്രഗത്ഭരായ അനേകായിരം കലാഹൃദയങ്ങൾ ഇന്ത്യയിലുണ്ടായിട്ടും എന്തുകൊണ്ട് മരുഭൂമിലെ മഴ പോലെ മാത്രം ഓസ്കർ ഇന്ത്യൻ മണ്ണിലേക്കേത്തുന്നു എന്നതുകൂടി ഇതിനൊപ്പം ചേർത്തു വായിക്കേണ്ടിയിരിക്കുന്നു. ഒരിടവേളയ്ക്കു ശേഷം ഓസ്കർ പ്രഭാവത്തിൽ ലോകത്തിനു മുന്നിൽ വീണ്ടും തല ഉയർത്തി നിൽക്കുകയാണ് ഇന്ത്യ.