‘സാരികളുടെ മിന്നിച്ചകൾക്കുമപ്പുറം താരമായി മാറിയ ശരത്’; ആശ ശരത്തിന്റെ ഭര്‍ത്താവിനെ പ്രശംസിച്ച് കുറിപ്പ്
Mail This Article
നടി ആശ ശരത്തിന്റെ ഭർത്താവ് ശരത് വാരിയരെക്കുറിച്ച് അനൂപ് ശിവശങ്കരൻ എന്നൊരാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ആശ ശരത്തിന്റെ മകളുടെ വിവാഹസമയത്ത് ശരത്ത് പറഞ്ഞ വാക്കുകളാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് എഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അനൂപ് പറയുന്നു. ‘‘ആശയെ വിവാഹം കഴിച്ചപ്പോൾ അവർ തന്നോട് പറഞ്ഞത്, ഡാൻസ് അവരുടെ രക്തമാണ് എന്നാണ്. അങ്ങനെയെങ്കിൽ ഞാൻ ആ രക്തത്തെ പമ്പ് ചെയ്യുന്ന ഹൃദയമായി തുടരുമെന്നു പറഞ്ഞു. അതു പോലെ തന്റെ മകൾക്കും കലയോട് മൂല്യം കൽപിക്കുന്ന ഒരു കുടുംബബന്ധം ഉണ്ടാവട്ടെ’’–ഇതായിരുന്നു ശരത് പറഞ്ഞത്. കുടുംബസ്ഥയായ ഒരു കലാകാരിക്കു വേണ്ട ഏറ്റവും വലിയ ഭാഗ്യം അവരെ മനസ്സിലാക്കുന്ന ഒരു ജീവിതപങ്കാളിയെ ലഭിക്കുകയെന്നതാണെന്നും ശരത് അങ്ങനെയുള്ള ഭർത്താവാണെന്നും കുറിപ്പിൽ പറയുന്നു. ഇതുപോലെ ജീവിതത്തിൽ കലയോട് വലിയ വിലകൽപിക്കുന്ന ഒരാളെക്കുറിച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ ട്രോള്‍ ഇറക്കിയത് ഒട്ടും ശരിയായില്ലെന്നും അനൂപ് ശിവശങ്കരൻ പറഞ്ഞു.
അനൂപ് ശിവശങ്കരന്റെ വാക്കുകൾ: ‘‘ആശ ശരത്തിന്റെ മകളുടെ വിവാഹ ക്ലിപ്പുകളിൽ എനിക്കേറ്റവും ശ്രദ്ധേയമായി തോന്നിയത് അവരുടെ ഭർത്താവിന്റെ വാക്കുകളാണ്. മകളുടെ വിവാഹത്തെക്കുറിച്ച് ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം പറയുന്നത് - ‘‘ആശയെ വിവാഹം കഴിച്ചപ്പോൾ അവർ തന്നോട് പറഞ്ഞത് ഡാൻസ് അവരുടെ രക്തമാണ് എന്നാണ്- അങ്ങനെയെങ്കിൽ ഞാൻ ആ രക്തത്തെ പമ്പ് ചെയ്യുന്ന ഹൃദയമായി തുടരുമെന്ന് പറഞ്ഞു. അത് പോലെ തന്റെ മകൾക്കും കലയ്ക്ക് മൂല്യം കൽപ്പിക്കുന്ന ഒരു കുടുംബബന്ധം ഉണ്ടാവട്ടെ"
വളരെ യുക്തിസഹജമായി സംസാരിക്കുന്ന ഈ മനുഷ്യനെയാണ് ചില ഓൺലൈൻ പത്രക്കാർ, എൻഗേജ്മെന്റ് ക്ലിപ്പുകൾ അടർത്തി മാറ്റി ട്രോൾ ഇറക്കിയത്. കുടുംബസ്ഥയായ ഒരു കലാകാരിക്ക് കലാജീവിതത്തിൽ ഉയരങ്ങളിൽ എത്തണമെന്നുണ്ടെങ്കിൽ ഏറ്റവും വലിയ ഭാഗ്യം വേണ്ടത് അവരുടെ ജീവിതചര്യ മനസ്സിലാക്കാൻ കഴിയുന്ന ജീവിതപങ്കാളിയെ ലഭിക്കുകയാണ്. ഒരു സെലിബ്രിറ്റി ആയിരിക്കുക എളുപ്പമേയല്ല. മറ്റേതൊരു കരിയറിനേക്കാളും സങ്കീർണമാണ് ഒരു പെർഫോമിങ് ആർടിസ്റ്റിന്റെ കലാജീവിതം ഡിമാൻഡ് ചെയ്യുന്ന തയാറെടുപ്പുകൾ!
സുജാതയുടെയും സിത്താരയുടെയും സഫലമായ സംഗീത ജീവിതം കാണുമ്പോഴുമൊക്കെ തോന്നും മോഹന്റെയും സജീഷിന്റെയും നിസ്വാർഥമായ ഉയർന്നചിന്ത ഇല്ലായിരുന്നെങ്കിൽ അത് സാധ്യമാവുമായിരുന്നോ എന്ന്. അതുകൊണ്ട് തന്നെ സാരികളുടെ മിന്നിച്ചകൾക്കുമപ്പുറം എനിക്ക് താരമായി തോന്നിയത്, ശരത്താണ്- ആശയുടെ നൃത്തച്ചുവടുകൾക്ക് കൂച്ചുവിലങ്ങിടാതിരുന്ന ശരത്.’’