ADVERTISEMENT

ടൈറ്റിൽ അനൗൺസ്  ചെയ്ത മുതൽ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച ‘അരിക്കൊമ്പ’ന്റെ  ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കും. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ശ്രീലങ്കയിലെ സിഗിരിയ ആണ്. ലോകത്തിലെ എട്ടാമത്തെ അത്ഭുത പ്രദേശമായി നാമകരണമുള്ള സിഗിരിയയോടൊപ്പം കേരളത്തിലെ ഇടുക്കി ചിന്നക്കനാലിലും അരിക്കൊമ്പന്റെ ചിത്രീകരണം നടക്കും. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹിയയാണ്. സുഹൈൽ എം. കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. 

 

‘‘പ്രി-പ്രൊഡക്‌ഷൻ ജോലികൾ ആരംഭിച്ചു. തിരക്കഥയും ഏകദേശം പൂർത്തിയായി. കുറച്ചാനകളുടെ കഥയും സിനിമയുടെ ഭാഗമായി ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. ഒരു സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. അതിന്റെ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. വലിയ സിനിമയായി തന്നെയാകും 'അരിക്കൊമ്പൻ' എത്തുക. ഒരു ഭാഗം ഇപ്പോൾ ചിത്രീകരിക്കാൻ പദ്ധതിയുണ്ട്. അത് അടുത്ത മാസത്തോടെ ആരംഭിക്കും.2018 പോലെ ഒരു സിനിമയ്ക്ക് കിട്ടിയ സ്വീകാര്യതയുണ്ട്. നമുക്ക് അറിയാവുന്ന ഒരു സംഭവത്തിനെ കാണിക്കുമ്പോഴുള്ള ഇമ്പാക്ട് വളരെ വലുതാണ്. അതിനു വേണ്ടിയുള്ള പണിപ്പുരയിലാണ് ഞങ്ങൾ.’’–സംവിധായകൻ സാജിദ് യാഹിയയുടെ വാക്കുകൾ.

 

എൻ.എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. രണ്ട് വയസ്സുള്ളപ്പോൾ അമ്മയെ നഷ്‍ടപ്പെട്ട അരിക്കൊമ്പന്റെ സംഭവബഹുലമാർന്ന കഥയാകുന്ന ചിത്രത്തിന്റെ താര നിർണയം പുരോഗമിച്ചു വരികയാണ്.

 

ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി,അമൽ മനോജ്, പ്രകാശ് അലക്സ് , വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ, പിആർഓ പ്രതീഷ് ശേഖർ എന്നിവരാണ് അരിക്കൊമ്പന്റെ പിന്നിലെ അണിയറപ്രവർത്തകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com