താനൂർ ബോട്ടപകടം: മരിച്ചവരുടെ ആശ്രിതർക്ക് 11ലക്ഷം ധനസഹായം നൽകി ‘ആന്റണി’ സിനിമ ടീം
Mail This Article
താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സഹായഹസ്തവുമായി ‘ആന്റണി’ സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും. ആന്റണി സിനിമയുടെ ഭാഗമായ എല്ലാ അണിയറ പ്രവർത്തകരും അവരുടെ ഒരു ദിവസത്തെ വരുമാനം ഇതിനായി നൽകി. കൂടാതെ നിർമാതാക്കളായ ഐൻസ്റ്റീൻ മീഡിയയും അപ്പു പാത്തു പാപ്പു പ്രൊഡക്‌ഷൻ ഹൗസും ചേർന്ന് 11 ലക്ഷം രൂപ ആശ്രിതർക്കും കുടുംബങ്ങൾക്കും സഹായമായി നൽകുകയും ചെയ്തു.
ഈ ചെറിയ സഹായം കൊണ്ട് ആ കുടുംബങ്ങളുടെ കാണുനീരിന് ചെറിയ ഒരു ശമനം ആകുമെങ്കിൽ അത് വലുതായി കാണുന്നു എന്നും താരങ്ങൾ പ്രതികരിച്ചു. ബോട്ടപകടത്തിൽ മരിച്ചവർക്കായി ‘ആന്റണി’ സിനിമയുടെ അണിയറപ്രവർത്തകർ കഴിഞ്ഞദിവസം അനുശോചനം രേഖപ്പെടുത്തിയിരുന്നു.
ജോഷിയുടെ സംവിധാനത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ് ജോസ്,നൈല ഉഷ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ആന്റണിയുടെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ നടന്നു വരികയാണ്.നിർമാതാവ് ഐൻസ്റ്റീൻ സാക്ക് പോളും മറ്റു അണിയറ പ്രവർത്തകരും ചേർന്ന് വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് മലപ്പുറം കളക്ട്രേറ്റിലെത്തി കളക്ടർക്ക് 11 ലക്ഷം രൂപയുടെ സഹായം നേരിട്ട് കൈമാറി.