ADVERTISEMENT

പതിനൊന്ന് വർഷത്തെ പ്രണയത്തിനു ശേഷമാണ് നടൻ അശ്വിൻ ജോസും ഫേബ ജോൺസണും വിവാഹിതരാകുന്നത്. ആദ്യം ഇഷ്ടം തുറന്നു പറഞ്ഞത് താനാണെന്നും ആദ്യം നോ പറഞ്ഞെങ്കിലും വെറുപ്പിക്കാതെ പുറകെ നടന്ന് ഫേബയെകൊണ്ട് യെസ് പറയിപ്പിക്കുകയായിരുന്നുവെന്നും അശ്വിൻ മാധ്യമങ്ങളോട് പറഞ്ഞു. അബുദാബിയിൽ നഴ്സ് ആയി ജോലി ചെയ്യുകയാണ് ഫേബ.

 

‘‘ഞങ്ങൾ പ്ലസ് ടുവിനു പഠിക്കുമ്പോൾ തുടങ്ങിയ ബന്ധമാണ്. ജീവിതത്തിലെ ഓരോ ഘട്ടങ്ങൾ വരുമ്പോഴും ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി വിട്ടുവീഴ്ചകൾ ചെയ്യാൻ രണ്ടുപേരും തയാറായിരുന്നു.  അതായിരിക്കും ഞങ്ങളുടെ ബന്ധം ഇത്രയും കെട്ടുറപ്പുള്ളതാകാൻ കാരണം. ഞാൻ തന്നെയാണ് ആദ്യമായി ഫെബയോട് പ്രണയം വെളിപ്പെടുത്തിയത്. പക്ഷേ ഫേബ എന്നെ നിരസിക്കുകയാണ് ചെയ്തത്.  ഫേബയെ വെറുപ്പിക്കാതെ ഞാൻ എന്റെ ഇഷ്ടം അറിയിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ഫേബ എന്നോട് വീട്ടിൽ ചോദിക്കണം എന്ന് പറഞ്ഞു.  ഞാൻ പറഞ്ഞു, ‘‘ട്യൂഷൻ ക്ലാസ് ഒന്നും അല്ലല്ലോ വീട്ടിൽ അനുവാദം ചോദിച്ചു പോകാൻ’’. 

 

അവസാനം ഒരു പോയിന്റ് എത്തിയപ്പോൾ ഫേബ എന്റെ പ്രണയം സ്വീകരിച്ചു. പിന്നീട് അവളുടെ മമ്മിയെ വിളിച്ച് സംസാരിച്ചു. എന്റെ ഇഷ്ടം ജെനുവിന്‍ ആണെന്നറിഞ്ഞപ്പോൾ എന്റെ വീട്ടിലും പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. ‘അനുരാഗം’ എന്ന സിനിമയിലെ ചില കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതാണ്. അതിൽ ദൈവത്തിന് കത്തെഴുതുന്ന ഒരു സീനുണ്ട്. അത് ഞാൻ ഫേബയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്തതാണ്.  ഇവൾ ദൈവത്തിന് കത്തെഴുതുമെന്ന് പറഞ്ഞപ്പോൾ ഞാൻ കാണിച്ച പ്രതികരണം തന്നെയാണ് സിനിമയിലും കാണിച്ചത്.

 

ദൈവത്തിന് കത്ത് എഴുതിയിരുന്ന ഒരാളാണ് എന്റെ ഭാവി വധു; അതും അനുരാഗം: നടൻ അശ്വിൻ അഭിമുഖം

 

ഞാൻ ഒരുപാട് സ്വപ്നം തേടിപ്പോകുന്ന ആളാണ്. പറയുന്നത് മണ്ടത്തരമാണെന്ന് മറ്റുള്ളവർ പറയുന്ന ഒരു സമയമുണ്ടായിരുന്നു എന്റെ ജീവിതത്തിൽ. അവിടെ എന്നും എന്നെ സപ്പോർട്ട് ചെയ്യുന്ന ഒരാൾ ഫേബയായിരുന്നു.  സിനിമയിൽ അഭിനയിക്കണമെന്ന് ഞാൻ പറയുമ്പോൾ അതൊക്കെ സാധിക്കുമോ എന്ന് ഒരിക്കലും ചോദിച്ചിട്ടില്ല, പിന്തുണ നൽകിയിട്ടേ ഉള്ളൂ. ഒരിക്കൽ പോലും ഫേബ എന്നെ അവിശ്വസിച്ചിട്ടില്ല.  ഫേബ നന്നായി പാടും, ഫേബ പാടുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്. നമുക്ക് ഒരു കഴിവുണ്ടെങ്കിൽ അത് നന്നായി പണിയെടുത്ത് മെച്ചപ്പെടുത്തണമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. ’’അശ്വിൻ പറയുന്നു.

 

‘നെഞ്ചിനകത്ത് ലാലേട്ടൻ’ എന്ന പാട്ടിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് അശ്വിൻ ജോസ്.  ആൻ ഇന്റർനാഷ്നൽ ലോക്കൽ സ്റ്റോറി, കുമ്പാരീസ്, അനുരാഗം എന്നിവയുൾപ്പെടെ ആറോളം ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച അശ്വിൻ തിരക്കഥാകൃത്ത് കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com