ബന്ധങ്ങൾ ടോക്‌സിക് ആയാൽ വേർപിരിയുന്നതാണ് നല്ലത്: പ്രണയത്തെക്കുറിച്ച് എലിസബത്ത്
Mail This Article
പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തുറന്നു പറഞ്ഞ് ബാലയുടെ ഭാര്യ എലിസബത്ത്. സിനിമകളിലെ പ്രണയം പോലെയല്ല യഥാർഥ ജീവിതത്തിലെ പ്രണയമെന്നും അമിതമായ പ്രതീക്ഷകളാണ് പ്രണയബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്നതെന്നും എലിസബത്ത് പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രണയത്തെക്കുറിച്ചുള്ള അഭിപ്രായം എലിസബത്ത് തുറന്നു പറഞ്ഞത്. സമൂഹത്തെ പേടിച്ച് ടോക്‌സിക് റിലേഷനില്‍ തുടരരുതെന്നും അങ്ങനെ ചെയ്താൽ അത് മാനസിക തകർച്ചയ്ക്കു വഴിവയ്ക്കുമെന്നും എലിസബത്ത് കൂട്ടിച്ചേർക്കുന്നു.
‘‘പ്രണയം ഏറ്റവും മനോഹരമായ വികാരമാണ്. സിനിമകളില്‍ പ്രണയത്തെ വളരെ മനോഹരമായി ചിത്രീകരിക്കാറുണ്ട്. ‘അനാര്‍ക്കലി’ പോലുള്ള സിനിമകളും അതിലെ ഡയലോഗുകളും കണ്ടാല്‍ പ്രണയം ഇത്രയും ദിവ്യവും മനോഹരവുമാണോ എന്നൊക്കെ തോന്നും, ഞാനും ‘അനാര്‍ക്കലി’ സിനിമയുടെ വലിയ ആരാധികയാണ്. ഡയലോഗുകള്‍ എനിക്ക് കാണാപാഠവും ആണ്. രണ്ടാം വർഷം എംബിബിഎസിനു പഠിക്കുമ്പോഴാണ് ‘അനാർക്കലി’ കാണുന്നത്.
എന്നാല്‍ സിനിമയില്‍ കാണുന്നതു പോലെ ഒന്നും ആയിരിക്കില്ല പ്രണയം. എല്ലാവരും പറയുന്നത് പോലെ പ്രണയിക്കുമ്പോള്‍ ജാതിയും മതവും പ്രായവും ദേശവും ഒന്നും നോക്കാന്‍ പാടില്ല. അങ്ങനെയാണെങ്കില്‍ അറേഞ്ച്ഡ് മാര്യേജ് പോരേ.
നമ്മുടെ പ്രണയത്തില്‍ നമ്മള്‍ മാത്രം ആയിരിക്കില്ല. അതിലേക്ക് വില്ലന്മാരും വില്ലത്തികളും വന്നേക്കാം. പ്രണയിക്കുന്നവര്‍ തമ്മിലും ഒരുപാട് സ്വരച്ചേർച്ചയില്ലായ്മകൾ ഉണ്ടാവും. ചിലപ്പോള്‍ കാമുകന്‍ ടോക്‌സിക് ആയിരിക്കും അല്ലെങ്കിൽ കാമുകിയുടെ സ്വഭാവം അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്തതാവാം. അതൊക്കെ നമ്മള്‍ തിരിച്ചറിയുന്നത് കുറച്ചു കാലം കഴിഞ്ഞിട്ടാവും. പ്രണയിക്കുന്ന ആളുടെ സ്വഭാവവും അയാള്‍ ചെയ്തുകൊണ്ടിക്കുന്ന കാര്യങ്ങളും അയാളുടെ ബന്ധങ്ങളും എല്ലാം അറിയാന്‍ സമയം എടുക്കും. അപ്പോഴേക്കും, പ്രണയിച്ചു പോയതിനാല്‍ നാട്ടുകാര്‍ എന്ത് പറയും, തേപ്പുകാരി/ തേപ്പുകാരന്‍ എന്ന വിളി വരുമോ, ഇവള്‍ക്ക് /ഇവന് ഇത് തന്നെയാണ് പണി എന്ന് ആളുകള്‍ പറയുമോ എന്നൊക്കെ ചിന്തിച്ച് നമ്മള്‍ ആ ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ തന്നെ തുടര്‍ന്നേക്കാം. പക്ഷേ അതിന്റെ ആവശ്യം ഇല്ല.
ചുരുക്കിപ്പറഞ്ഞാല്‍, സിനിമകളിലെ പ്രണയം കണ്ട് ഇന്‍സ്‌പെയര്‍ ആയി വലിയ പ്രതീക്ഷയോടെ പ്രണയിക്കാന്‍ നില്‍ക്കേണ്ട. പ്രണയിക്കുന്നത് തെറ്റാണ് എന്നതല്ല, അമിതമായ പ്രതീക്ഷകള്‍ വയ്ക്കരുത്. അഥവാ ആ പ്രണയ ബന്ധം നല്ല രീതിയില്‍ പോയില്ലെങ്കില്‍ സമൂഹത്തെ പേടിച്ച് ആ ടോക്‌സിക് റിലേഷനില്‍ തുടരേണ്ടതില്ല എന്നതാണ് രത്‌നച്ചുരുക്കം.
ഒരു പ്രണയ ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഒരുപാട് ഇന്‍വെസ്റ്റുകള്‍ നമ്മള്‍ നടത്തിയിട്ടുണ്ടാവും. അത് പണമാകാം, സമയമാകാം, സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ആകാം. വീട്ടുകാരെയും നാട്ടുകാരെയും സുഹൃത്തുക്കളെയും എല്ലാം വെറുപ്പിച്ചിട്ടാവും പ്രണയിക്കുന്നത് പോലും. അങ്ങനെ ഒരു ബന്ധത്തില്‍നിന്ന് പിരിഞ്ഞു പോകാന്‍ പ്രയാസം ആയിരിക്കും. എന്നിരുന്നാലും പരസ്പരം മനസ്സിലാക്കാന്‍ പറ്റിയില്ല എങ്കില്‍ വേര്‍പിരിയുക. വിഷമം ഉണ്ടാവും. ഡിപ്രഷനിലേക്ക് പോകാന്‍ സാധ്യതയുണ്ട്. എന്നാലും അതിനെ അതിജീവിക്കുക.’’ എലിസബത്ത് പറഞ്ഞു.