ലാപ്ടോപ് ബിൽഡ്അപ്പിനെന്നു കരുതി, പിന്നെ ഞെട്ടിച്ചു: ‘പോർ തൊഴിൽ’ സംവിധായകനെക്കുറിച്ച് നിഖില
Mail This Article
ശരത് കുമാർ, അശോക് സെൽവന്‍ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘പോർ തൊഴിൽ’ കേരളത്തിൽ ഉൾപ്പടെ വമ്പൻഹിറ്റായി മാറുകയാണ്. നിഖില വിമൽ ആണ് ചിത്രത്തിലെ നായിക. പോർ തൊഴിലിന്റെ സംവിധായകൻ വിഘ്‌നേഷ് രാജ കഥ പറയാൻ വന്നപ്പോൾ തനിക്കു പറ്റിയ അമളിയെപ്പറ്റി തുറന്നു പറയുന്ന നിഖിലയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ബാക്ഗ്രൗണ്ട് സ്കോർ ഉൾപ്പടെ കേൾപ്പിച്ച് രസകരമായാണ് വിഘ്‌നേഷ് കഥ പറഞ്ഞതെന്നും അതൊരു പുതിയ അനുഭവമായിരുന്നുവെന്നും നിഖില വിമൽ പറയുന്നു. സിനിമയുടെ കേരള പ്രമോഷനു വേണ്ടി ശരത് കുമാറും അശോക് സെൽവനും കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് േകരളത്തിലെ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് നിഖില വിമൽ ഇക്കാര്യങ്ങൾ പങ്കുവച്ചത്.
‘‘പോർ തൊഴിൽ സിനിമയുടെ കഥ പറയാൻ സംവിധായകൻ വിഘ്‌നേഷ് രാജ വരുന്നതിനു മുൻപ് മറ്റൊരാൾ ഒരു കഥ പറയാൻ എന്റെ അരികിൽ വന്നിരുന്നു. അദ്ദേഹം ഒരു ലാപ്ടോപ് തുറന്നു വച്ചാണ് കഥ പറയാൻ ആരംഭിച്ചത്. ലാപ്ടോപ് നോക്കി എന്തെങ്കിലും പറയാൻ ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. അതിനെപ്പറ്റി കൂടുതലൊന്നും ഞാന്‍ ചോദിച്ചുമില്ല. കഥ പറഞ്ഞുകഴിഞ്ഞ് പുള്ളി എന്നോട് പറഞ്ഞു, ലാപ് ടോപ്പിൽ ഒന്നുമില്ല അത് ഞാനൊരു ബിൽഡ്അപ്പിന് വച്ചതാണെന്ന്. അതിന്റെ പിറ്റേ ദിവസമാണ് വിഘ്‌നേഷ് കഥ പറയാൻ വരുന്നത്. പുള്ളി വന്നു ലാപ്ടോപ് തുറന്നു വച്ചു. അപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചു, ബിൽഡ്അപ്പ് ആയിരിക്കും. ശ്രദ്ധിച്ചപ്പോൾ എവിടെ നിന്നോ ഒരു ശബ്ദം വരുന്നു. ലാപ്ടോപ്പിൽ നിന്ന് സൗണ്ട് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല, ഞാൻ തിരക്കഥ കേൾക്കാൻ ഇരിക്കുകയാണ്.
ഓരോ സീൻ പറയുമ്പോഴും സൗണ്ട് വരുന്നുണ്ട്. കഴുത്ത് അറുത്ത് കിടക്കുന്നു എന്നൊക്കെ പറയുമ്പോൾ ഭയങ്കരമായ ശബ്ദം കേൾപ്പിച്ചു. പിന്നെയാണ് ഞാൻ മനസ്സിലാക്കിയത് അദ്ദേഹം സൗണ്ട് എഫക്ട്സ് കൂടി ഇട്ടാണ് കഥ പറയുന്നതെന്ന്. കഥ പറഞ്ഞു പോയിക്കഴിഞ്ഞ് എനിക്ക് തോന്നി, ആദ്യമായാണല്ലോ ഒരാൾ ഇങ്ങനെ കഥ പറയുന്നതെന്ന്. ബാക്ഗ്രൗണ്ട് സ്കaർ ഉൾപ്പടെ ഇട്ട് കഥ കേൾക്കുമ്പോൾ ഒരു ഇംപാക്ട് ഉണ്ടാകുമല്ലോ. അതൊരു നല്ല അനുഭവമായിരുന്നു. കഥ കേട്ടപ്പോൾ തന്നെ സിനിമ ഹിറ്റ് ആകുമെന്ന് തോന്നിയിരുന്നു.’’ നിഖില വിമൽ പറയുന്നു.