ADVERTISEMENT

ബിഗ്ബോസ് മലയാളം സീസണ്‍ ഫൈവിൽ വിഷ്ണു ജോഷിയുടെ അപ്രതീക്ഷിത പുറത്താകലിനു ശേഷം അടുത്തതാര് എന്ന ആകാംക്ഷയിലായിരുന്നു മത്സരാർഥികളും പ്രേക്ഷകരും. വാരാന്ത്യ എവിക്‌ഷനിൽ ആദ്യം പുറത്തായത് വിഷ്ണു ജോഷി ആയിരുന്നു. ഞായറാഴ്ചയും ഒരാൾ പുറത്താകും എന്ന് മത്സരാർഥികളെ ഓർമിപ്പിച്ചാണ് അവതാരകൻ മോഹന്‍ലാല്‍ മടങ്ങിയത്.  ഞായറാഴ്ച എവിക്‌ഷൻ നേരിട്ടത് നാദിറ, സെറീന, റെനീഷ, അഖിൽ മാരാർ, ഷിജു, ജുനൈസ് എന്നിവരായിരുന്നു. അവസാനം പുറത്താകാൻ നറുക്കു വീണത് ടിക്കറ്റ് ടു ഫിനാലെയിൽ വിജയിയായ നാദിറയ്ക്കും. എന്നാൽ പുറത്തുപോകുന്ന വഴി വലിയ സർപ്രൈസ് ആണ് നാദിറയ്ക്കും മറ്റ് മത്സരാര്‍ഥികൾക്കും ബിഗ് ബോസ് ഒരുക്കി വച്ചത്.  പുറത്തേക്കുള്ള വാതിൽ തുറന്നപ്പോൾ ‘വെൽകം ടു ഗ്രാൻഡ് ഫിനാലെ’ എന്നെഴുതിയ ബോർഡ് ആണ് നാദിറയെ എതിരേറ്റത്. 

 

ഈ ആഴ്ച വിഷ്ണുവിനൊപ്പം മറ്റൊരാൾ കൂടി പുറത്തുപോകുമെന്നായിരുന്നു എല്ലാവരുടെയും കണക്കുകൂട്ടൽ. നോമിനേഷനിൽപെട്ട ആറുപേരിൽ നിന്ന് അഞ്ചുപേരെ സേവ് ചെയ്യാൻ വേണ്ടി അഞ്ചു പെട്ടികൾ ബിഗ് ബോസ് തയാറാക്കി വച്ചിരുന്നു.  സെറീന, അഖില്‍, ജുനൈസ്, റെനീഷ, നാദിറ, ഷിജു എന്നിവരായിരുന്നു നോമിനേറ്റ് ചെയ്യപ്പെട്ടത്.  മോഹന്‍ലാല്‍ നമ്പര്‍ വിളിക്കുന്നത് അനുസരിച്ച് ഒരോ പെട്ടിയായി ഉള്ളിലേക്ക് എടുത്ത് അതില്‍ വച്ച പേര് വായിക്കും, ആ പേരിൽ ഉള്ള വ്യക്തി സുരക്ഷിതനാകും.   

ആദ്യമായി അകത്തേക്ക് എടുത്തത് രണ്ടാം നമ്പർ പെട്ടി ആയിരുന്നു. അതിൽ എഴുതിരുന്ന പേര് സെറീന എന്നായിരുന്നു അതോടെ കഴിഞ്ഞ ആഴ്ച പുറത്തുപോയി ആകസ്മികമായി തിരിച്ചുവന്ന സെറീന സുരക്ഷിതയായി.  രണ്ടാമതായി എടുത്തത് ഒന്നാമത്തെ നമ്പര്‍ പെട്ടിയായിരുന്നു അതിലൂടെ അകത്തായത് ജുനൈസ് ആയിരുന്നു. മൂന്നാമത് ഷിജുവും, നാലാമതായി അഖിലും സുരക്ഷിതരായി.

 

ഒടുവിൽ റെനീഷയും നാദിറയും പുറത്താകലിന്റെ വക്കിൽ നിൽക്കുമ്പോൾ മത്സരാര്‍ഥികളുടെ ഇടയിൽ തന്നെ വലിയ അന്തഃസംഘർഷമാണ് നടന്നത്.  ഉറ്റ സുഹൃത്തായ റെനീഷ പുറത്താകണോ അതോ ടിക്കറ്റ് ടു ഫിനാലെ വിജയകരമായി പൂർത്തിയാക്കിയ നാദിറ പുറത്താകണോ എന്ന ആശയക്കുഴപ്പത്തിൽ ആയിരുന്നു സെറീന.  നാദിറ തന്നെ സുരക്ഷിതയാകും എന്നാണു ജുനൈസ് അഭിപ്രായപ്പെട്ടത്. ‘ആര് സേഫ് ആകണം’ എന്ന് മോഹൻലാൽ ശോഭയോട് ചോദിച്ചപ്പോൾ നാദിറ തന്നെ സേഫ് ആകണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന ഉത്തരമാണ് ശോഭ നൽകിയത്. എന്നാൽ ശോഭ തന്നെ വിജയിയെ പ്രഖ്യാപിക്കൂ എന്ന് മോഹൻലാൽ ആവശ്യപ്പെട്ടു.

 

അഞ്ചാം നമ്പർ പെട്ടിയിൽ എഴുതിയിരുന്ന പേര് വായിച്ചതോടെ ശോഭ കരച്ചിലിന്റെ വക്കിലെത്തി. റെനീഷയാണ് സേഫ് ആയത് എന്നാണ് ശോഭ വായിച്ചത്. അതോടെ നാദിറ പുറത്താക്കുമെന്ന് ഉറപ്പായി. എല്ലാവരോടും യാത്ര പറഞ്ഞു പുറത്തേക്ക് വരാൻ നാദിറയോട് മോഹൻലാൽ ആവശ്യപ്പെട്ടു. വികാരഭരിതമായ രംഗങ്ങളാണ് പിന്നീട് ഹൗസിൽ അരങ്ങേറിയത്. നമ്മൾ ആഗ്രഹിച്ചിട്ട് കാര്യമില്ലല്ലോ എല്ലാം പ്രേക്ഷകരുടെ തീരുമാനമല്ലേ പ്രേക്ഷക വിധിയെ മാനിക്കുന്നു എന്ന് പറഞ്ഞ് ഹൗസിലുള്ളവരോട് യാത്രപറഞ്ഞ് നാദിറ പുറത്തിറങ്ങാൻ തയാറെടുത്തു.   

 

എന്നാല്‍ പുറത്തേക്കുള്ള വാതില്‍ തുറന്ന നാദിറയെ വലിയ സര്‍പ്രൈസ് ആണ് കാത്തിരുന്നത്. ‘വെല്‍ക്കം ടു ഫിനാലെ നാദിറ’ എന്ന് എഴുതിയ ബോർഡ് ആണ് അവിടെ നാദിറയെ എതിരേറ്റത്. ഇത് നാദിറയ്ക്കും ഹൗസിലുള്ള മറ്റു മത്സരാർഥികള്‍ക്കും വലിയ സർപ്രൈസ് ആയി മാറി. വീട്ടിലുള്ള എല്ലാവരും ഏറെ സന്തോഷത്തോടെ കെട്ടിപ്പിടിച്ച് നാദിറയെ അനുമോദിച്ചു. നാദിറയ്ക്കും സന്തോഷം അടക്കാനായില്ല. വീട്ടില്‍ തിരിച്ചെത്തിയ നാദിറയോട് മോഹന്‍ലാല്‍ പറഞ്ഞത് ടിക്കറ്റ് ടു ഫിനാലെ വളരെ സത്യസന്ധമായി കളിച്ചതിന്റെ പാരിതോഷികമാണ്‌ ഫിനാലെയിലേക്ക് നേരിട്ടു തിരഞ്ഞെടുക്കാൻ കാരണം എന്നാണ്. ജുനൈസ് നാദിറയ്ക്ക് ടിക്കറ്റ് ടു ഫിനാലെ സമ്മാനിച്ചു. ഇതോടെ നേരിട്ട് ബിഗ് ബോസ് സീസൺ ഫൈവ് ഗ്രാൻഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മത്സരാർഥിയായി നാദിറ മാറുകയും വീട്ടിലുള്ള മറ്റ് മത്സരാർത്ഥികൾ എല്ലാവരും നേരിട്ട് എവിക്‌‌ഷനിലേക്ക് പ്രവേശിക്കുകയും ചെയ്തു.

 

English Summary: Bigg Boss Malayalam 5: Nadira Mehrin becomes the first transgender to enter the finale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com