ADVERTISEMENT

അഖിൽ മാരാർ ആണ് ബിഗ് ബോസ് എന്ന കപ്പൽ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് ബിഗ്‌ബോസ് താരം വിഷ്ണു ജോഷി. ‘‘അഖിൽ മാരാർ അണ്ണൻ തന്നെയാണ്. ഷോയ്ക്കു വേണ്ട ടോട്ടൽ പാക്കേജ് ആണ് അദ്ദേഹം. ഷിജു ചേട്ടനും സ്വന്തം ചേട്ടനെപ്പോലെയാണ്. അവരുമായി നല്ല സൗഹൃദമാണ് ഇപ്പോഴുമുള്ളത്. ഷോയുടെ ഭാഗമായി മാറിനിന്നത് സ്വന്തമായി ഗെയിം കളിക്കാൻ വേണ്ടിയായിരുന്നു. അഖിൽ മാരാരും ഞാനും ഒന്നും രണ്ടും സ്ഥാനത്ത് എത്തും എന്നാണു കരുതിയിരുന്നത്. സുഖമില്ലാത്ത അവസ്ഥയിൽ ആണ് ടിക്കറ്റ് ടു ഫിനാലെ വരെ പിടിച്ചു നിന്നത്. പ്രതീക്ഷിക്കാത്ത എവിക്‌ഷനാണ് ഇപ്പോൾ ഉണ്ടായതെങ്കിലും പുറത്തായപ്പോൾ വിഷമം തോന്നിയില്ല. സിനിമ എന്ന തന്റെ സ്വപ്നത്തിലേക്കുള്ള ഒരു ചവിട്ടുപടി ആയിരുന്നു ബിഗ് ബോസ്.’’– വിഷ്ണു ജോഷി പറഞ്ഞു. ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തായ വിഷ്ണു ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ വിഷ്ണു ജോഷിക്ക് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. സീസണ്‍ ഫൈവിലെ ശക്തനായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്ന വിഷ്‍ണുവിന്റെ പുറത്താകൽ സഹമത്സരാര്‍ഥികളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. വിഷ്‍ണുവിനെ സ്വീകരിക്കാൻ ഒട്ടേറെ പേര്‍ കാത്തുനിന്നിരുന്നു.

‘‘ഇത്രയുംപേര്‍ എന്നെ കാണാൻ എത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. ഒരുപാട് നന്ദിയും സ്നേഹവും സന്തോഷവുമുണ്ട്. ഒരു സാധാരണക്കാരനില്‍ നിന്ന് ഇപ്പോള്‍ താരമായി എന്ന് നിങ്ങള്‍ പറയുന്നു. പക്ഷേ അതൊരിക്കലും ഞാൻ ആയതല്ല, നിങ്ങള്‍ ആണ് എന്നെ ഇങ്ങനെ ആക്കിയത്. എനിക്ക് വോട്ട് ചെയ്‍ത് ഇത്രയും ദിവസം അവിടെ നിലനിര്‍ത്തിയവര്‍ക്ക് നന്ദി പറയുന്നു. ബിഗ് ബോസ് പ്രവചനാതീതമാണ്. പുറത്തായതിൽ സങ്കടമോ കുറ്റബോധമോ ഇല്ല. സംസാരിക്കേണ്ടതും ചെയ്യേണ്ടതും അവിടെത്തന്നെ ഞാൻ ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് എന്റെ ഗെയിം ഇഷ്‍ടമായോ ഇല്ലയോ എന്ന് എനിക്കറിയില്ല. പക്ഷേ 100 ശതമാനം സംതൃപ്‍തിയോടെയാണ് പുറത്തേക്കിറങ്ങുന്നത്.

അതിനകത്തെ ഒമ്പത് പേരും പുറത്തുപോയവരും ഇപ്പോഴും എന്റെ സുഹൃത്തുക്കളാണ്. എല്ലാവരോടും സൗഹൃദം മാത്രമേ ഉള്ളൂ. ഗെയിമിനായി അവിടെ നടന്നതൊക്കെ അവിടെത്തന്നെ ഉപേക്ഷിച്ചിട്ടാണ് പടിയിറങ്ങിയത്. അതൊന്നും തോളത്തുവച്ച് നടക്കേണ്ട കാര്യമില്ല. എനിക്ക് നെഞ്ചുവിരിച്ച് മുന്നോട്ടുപോകണം. ആ വീട്ടില്‍ പറഞ്ഞതിലും ചെയ്തതിലും തെറ്റും ശരിയും ഉണ്ടാകും. ശരികൾ ഒരുപക്ഷേ കുറവായിരിക്കും. പക്ഷേ എന്റെ തെറ്റുകള്‍ ആരും ഏറ്റെടുക്കരുത്. മാതാപിതാക്കൾ കുട്ടികളോട് തെറ്റു തിരുത്താനാണ് പറഞ്ഞുകൊടുക്കേണ്ടത്. ഞാൻ പറയുന്നതിൽ ശരിയുണ്ടെങ്കില്‍ മാത്രം ഏറ്റെടുത്താല്‍ മതി. ഞാൻ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ആർക്കെങ്കിലും മാനസികവിഷമമുണ്ടായിട്ടുണ്ടെങ്കില്‍ വ്യക്തിപരമായി ക്ഷമ ചോദിക്കുന്നു.

എനിക്ക് പരാതിയു വിദ്വേഷവുമില്ല. എന്താണ് ആ ഷോ എന്ന് അറിയാവുന്ന വ്യക്തിയാണ് ഞാൻ. ആ ഷോ ഇഷ്‍ടപ്പെട്ട് തന്നെയാണ് പോയത്. അവിടെ ഓരോ മത്സരാര്‍ഥിയും പറഞ്ഞതും ചെയ്തതുമെല്ലാം ആ വീട്ടില്‍ തീരുന്നു. എന്റെ ഉള്ളിലില്ല. മറ്റുള്ളവര്‍ക്കും അങ്ങനെ ആകട്ടെ. എല്ലാവരോടും സ്‍നേഹം മാത്രം. ഞാൻ പുറത്തായതിന്റെ കാരണം ഞാൻ അന്വേഷിക്കുന്നില്ല, അത് ആരുടെയും തലയില്‍വയ്ക്കാൻ ആഗ്രഹിക്കുന്നുമില്ല. ഒരുപക്ഷേ ഞാൻ പുറത്തായത് എന്നെ കണ്ടു ബോറടിച്ചു തുടങ്ങിയതുകൊണ്ടാകും. അതിനാലാകും എനിക്ക് വോട്ട്കുറവായതും. ഞാൻ ഇറങ്ങി വന്നത് എന്റെ മാത്രം തെറ്റുകള്‍ കൊണ്ടാണ്. ഒന്നും പ്ലാൻ ചെയ്തു ബിഗ്‌ബോസിലേക്ക് പോകാൻ പറ്റില്ല. അവിടെ നടക്കുന്ന കാര്യങ്ങൾക്ക് അനുസരിച്ചാണ് പ്രതികരിക്കുന്നത്. ചെയ്തതൊന്നും മനഃപൂർവമല്ല.

ഈ പുറത്താകൽ പ്രതീക്ഷിച്ചതല്ല. ടോപ് ഫൈവിൽ എത്തേണ്ട ഒരാളാണല്ലോ എന്നായിരുന്നു തോന്നിയിരുന്നത്. ഞങ്ങൾ പരസ്പരം പറഞ്ഞിരുന്നത്, ഞാൻ ഒന്ന് അല്ലെങ്കിൽ രണ്ടാം സ്ഥാനത്ത് എത്തും എന്നാണ്. ആര് വന്നാലും ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ. ഫിനാലെ വരെ എത്തും ,വിജയി ആകും എന്ന വിചാരത്തിൽ ഒന്നുമല്ല ബിഗ് ബോസിൽ വന്നത്. സിനിമയിലേക്ക് എത്താനുള്ള ഒരു വഴി എന്ന നിലയിൽ ആണ് ബിഗ് ബോസിലേക്ക് എത്തിയത്. ബിഗ് ബോസ് തമിഴും മലയാളവും എല്ലാം കണ്ട് ഇഷ്ടപ്പെട്ട വന്ന വ്യക്തിയാണ്. ഒരു എന്റർടെയ്ൻമെന്റ് ഷോ എന്ന നിലയിൽ എനിക്ക് കഴിയുന്നതിന്റെ പരമാവധി നൽകണം. ഞാൻ അവിടെ നിന്ന് ഇറങ്ങുമ്പോൾ, വിഷ്ണു ജോഷി എന്ന ഒരു മത്സരാർഥി ഉണ്ടായിരുന്നു എന്ന് എന്നും പറയപ്പെടണം എന്നാണ് ആഗ്രഹിച്ചത്. അതുകൊണ്ട് മാത്രമാണ് ടിക്കറ്റ് ടു ഫിനാലെ വന്നപ്പോൾ അനാരോഗ്യം മറന്ന് കളിച്ചത്. മെഡിക്കൽ റൂമിൽ എന്നോട് പറഞ്ഞത് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ട അവസ്ഥയാണ് എന്നാണ്. പക്ഷേ ടിക്കറ്റ് ടു ഫിനാലെ നഷ്ടപ്പെടുത്താൻ വയ്യാത്തതുകൊണ്ടാണ് അവിടെ നിന്നത്. പ്രേക്ഷകരുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രം നിലനിന്നാൽ മതി.

ബിഗ് ബോസ് ഷോ അല്ല അൾട്ടിമേറ്റ്, അതുകഴിയുമ്പോൾ ബാക്കി ഭാവികാര്യങ്ങൾ ഉണ്ട് അതിൽ വിജയിച്ചു വരാൻ നിങ്ങളും പ്രാർഥിക്കുക. ഇനി ആര് വിജയിക്കണം എന്നൊന്നും ഞാൻ പറയില്ല, പറഞ്ഞാൽ ചിലപ്പോൾ കുറച്ചു പേരെങ്കിലും ഞാൻ പറയുന്നതിന്റെ സ്വാധീനത്തിൽ ആകും. പ്രേക്ഷകർ ആണ് അർഹതപ്പെട്ട വ്യക്തിയെ തിരഞ്ഞെടുക്കേണ്ടത്. ഞാൻ ഔട്ട് ആയി. ഇനി ആരെയും താഴ്ത്തിയും പുകഴ്ത്തിയും പറയുന്നില്ല.

ഷിജുവേട്ടനും മാരാരും എനിക്ക് ജ്യേഷ്ഠന്മാരെപ്പോലെ ആണ്. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. ഞാൻ സിനിമയെ ഇഷ്ടപ്പെടുന്ന, സിനിമ ഒരുപാട് കാണുന്ന വ്യക്തിയാണ്. അതുകൊണ്ട് ഞങ്ങളുടെ ചർച്ചകളും സിനിമയെ സംബന്ധിച്ചായിരുന്നു. മാരാരുടെ ആശയങ്ങളോടൊന്നും ഞാൻ പൂർണമായി യോജിക്കുന്നില്ല. അത് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം. ചില കാര്യങ്ങൾ സംസാരിക്കുമ്പോൾ എനിക്ക് ഇഷ്ടപ്പെടാതെ ഞാൻ എഴുന്നേറ്റ് പോകാറുണ്ടായിരുന്നു. അവരുടെ കൂടെ നിൽക്കാതെ സ്വന്തമായി ഒരു ഐഡന്റിറ്റി എനിക്ക് ഉണ്ടായിരുന്നു. ഞങ്ങൾ പറയുന്നത് ഞങ്ങൾക്ക് പരസ്പരം മനസ്സിലാകുമായിരുന്നു. അഖിൽ മാരാർ ഒരു ടോട്ടൽ പാക്കേജ് ആണ്. ഒന്ന് ഞാൻ ആയിരുന്നു, ഞാൻ പുറത്തായി. ഇനിയിപ്പോൾ അത് അഖിൽ ആണ്. ഞാനും അഖിലും ഇല്ലെങ്കിൽ ഈ ഷോ ഇത്രയും രസകരമാകുമോ ആകുമോ എന്ന് എനിക്കറിയില്ല. അഖിൽ മാരാർ ആണ് ഉറപ്പായും ആ കപ്പൽ മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്.

ജുനൈസ് ഒരു ക്യൂട്ട് കുട്ടൻ ആണ്. എല്ലാവരും ചേർന്ന് ഒരാളെ കോർണർ ചെയ്ത് അറ്റാക്ക് ചെയ്യന്നത് എനിക്ക് ഇഷ്ടമല്ല. ഒറ്റപ്പെടൽ അനുഭവിച്ചിട്ടുള്ളതുകൊണ്ട് ജുനൈസിന്റെ അവസ്ഥ മനസ്സിലാകും അതുകൊണ്ട് ജുനൈസിനു നേരെ അറ്റാക്ക് വരുമ്പോൾ ഞാൻ അവനു പിന്തുണ നൽകാറുണ്ടായിരുന്നു. എനിക്ക് ജെനുവിൻ ആയി തോന്നിയ കാര്യങ്ങൾക്കൊക്കെ ഞാൻ എല്ലാവർക്കും പിന്തുണ നൽകിയിട്ടുണ്ട്. അനിയൻ മിഥുനും ജനുവിൻ ആയ ഒരാളാണ്.

ഖൽ നായക് എന്ന ഒരു പേര് ബിഗ് ബോസ് എന്നെ വിളിച്ചിരുന്നു. ബിഗ് ബോസ് ഇതുവരെ ആർക്കെങ്കിലും അങ്ങനെ ഒരു ടൈറ്റിൽ കൊടുത്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ബിഗ് ബോസ് തന്ന ആ ടൈറ്റിലിൽ അറിയപ്പെടാൻ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്. അത് എനിക്ക് മറക്കാൻ പറ്റാത്ത അനുഭവമാണ്. എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുടെ ഇടയിലേക്കാണ് ഞാൻ ഇറങ്ങി ചെല്ലുന്നത്. തലയിൽ മുണ്ടിട്ട് നടക്കണോ നെഞ്ചും വിരിച്ചു നടക്കണോ എന്ന് അറിയില്ല, എല്ലാം പുറത്തിറങ്ങി കഴിയുമ്പോഴേ അറിയാൻ കഴിയൂ.’’– വിഷ്ണു ജോഷി പറയുന്നു.
 

English Summary: Vishnu Joshi about Akhil Marar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com