ADVERTISEMENT

എട്ടു മത്സരാർഥികൾ മാത്രം അവശേഷിക്കുന്ന ബിഗ് ബോസ് സീസൺ ഫൈവ് വീട്ടിലേക്ക് അവരുടെ കുടുംബാംഗങ്ങളുടെ സന്ദർശനം വികാര നിർഭരമായ രംഗങ്ങൾക്ക് വേദിയാവുകയാണ്.  മത്സരാർഥികളിൽ ഷിജുവിന്റെയും നാദിറയുടെയും കുടുംബാംഗങ്ങൾ ആണ് ആദ്യദിനം എത്തിയത്.  സറീനയുടെയും റെനീഷയുടെയും കുടുംബാംഗങ്ങൾ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത് മനസ്സ് നിറയ്ക്കുന്ന കാഴ്ചകൾക്ക് വഴിതെളിച്ചു.  തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തി അമ്മയാണെന്ന് സെറീന എപ്പോഴും പറയാറുണ്ട്. പിതാവ് ജോൺസൺ സ്വന്തം കുടുംബത്തിന്റെ ബാധ്യതകൾ ഏറ്റെടുത്തപ്പോൾ ദുബായിൽ സെറീനയും അമ്മയും തനിച്ചാവുകയായിരുന്നു. മിസ് കേരള മത്സര വേദിയിലും സെറീന അമ്മയെപ്പറ്റി പറഞ്ഞ കാര്യങ്ങൾ വിധികർത്താക്കളുടെ പോലും കണ്ണ് നനയിച്ചിരുന്നു. റെനീഷയെ സന്ദർശിക്കാൻ അമ്മയും സഹോദരനും എത്തിയിരുന്നു. ഉറ്റ സുഹൃത്തുക്കളായ റെനീഷയുടെയും സെറീനയുടെയും കുടുംബാംഗങ്ങൾ ഒരേ ദിവസം വന്നത് കൂട്ടുകാരികൾക്ക് ഇരട്ടി മധുരമായി മാറി.

 

മത്സരത്തിൽ എല്ലായെപ്പോഴും സർപ്രൈസുകൾ കാത്തുവയ്ക്കാറുള്ള ബിഗ് ബോസ് ഇത്തവണയും അത് തെറ്റിച്ചില്ല.  ഗാർഡൻ ഏരിയയിൽ കുറച്ച് സ്യൂട്ട്‍കെയ്‍സുകളുണ്ട് അതിൽ ആരുടെ പ്രിയപ്പെട്ടവരുടെ വസ്‍ത്രങ്ങളാണ് ഉള്ളതെന്ന് കണ്ടുപിടിക്കാമോ എന്നതായിരുന്നു മത്സരാര്‍ഥികളോട് ബിഗ് ബോസ് ചോദിച്ചത്. എല്ലാ മത്സരാർഥികളും തങ്ങളുടെ പ്രിയപ്പെട്ടവരുടെ വസ്ത്രങ്ങൾ തിരഞ്ഞെങ്കിലും സെറീനയുടെ അമ്മയുടെ വസ്ത്രങ്ങളാണ് വന്നിരിക്കുന്നതെന്ന് അഖിൽ മാരാരും മിഥുനും ആണ് ആദ്യം കണ്ടെത്തിയത്.   അമ്മയുടെ വസ്‍ത്രങ്ങള്‍ കണ്ട സെറീനയുടെ കണ്ണുകൾ ഈറനണിഞ്ഞു.

 

പിന്നാലെ  സെറീനയുടെ അമ്മ സുനു വാതിൽ തുറന്നു പുറത്തേക്ക് വന്നത് നിറഞ്ഞ കണ്ണുകളോടെയാണ്. പൊട്ടിക്കരഞ്ഞുകൊണ്ട് സെറീന ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പുണർന്നു.  നാളുകൾ കഴിഞ്ഞു പരസ്പരം കാണുന്ന അമ്മയും മകളും സ്നേഹം പങ്കിടുന്നത് കണ്ട് മറ്റുള്ളവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. സെറീനയുടെ അമ്മ വീട്ടിലുള്ളവർക്കെല്ലാം ചോക്ലേറ്റ് കൊണ്ടുവന്നിരുന്നു.  

 

അനിയൻ മിഥുനെ മടിയിൽ കിടത്തി സെറീന മസ്സാജ് ചെയ്യുന്നത് ഇഷ്ടമല്ലെന്നും അമ്മ സെറീനയോട് പറഞ്ഞു. മിഥുൻ ചേട്ടൻ സഹോദരനെപോലെയാണെന്ന് സെറീന പറയുമ്പോൾ അത് അമ്മയ്ക്ക് ഇഷ്ടമല്ലെന്ന് സെറീനയുടെ അമ്മ പറയുന്നുണ്ട്. സെറീനയ്ക്ക് ഏറ്റവും പ്രിയപ്പെട്ട അമ്മയുടെ അനുജത്തി സിന്ധുവും മത്സരാർഥികളെ സന്ദർശിക്കാൻ എത്തിയിരുന്നു.

 

സെറീനയുടെ അമ്മയും ആന്റിയും മടങ്ങിയതിന് ശേഷമാണ് റെനീഷയുടെ സഹോദരൻ അനീഷും അമ്മയും അംലു എന്ന കുട്ടിയും ബിഗ് ബോസ് ഹൗസിൽ എത്തിയത്.  റെനീഷയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമാണ് ചേട്ടൻ അനീഷ്. ഇതിനിടെ സഹോദരിക്ക് ഗെയിം നല്ല രീതിയിൽ മികച്ചതാക്കാൻ ചേട്ടൻ നൽകിയ ഉപദേശം റെനീഷയെ ആകുലതയിലാക്കി. ദുബായില്‍ നിന്നും ചോക്ലേറ്റുകള്‍ ഒരുപാട് ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. അവിടെ നിന്നായതുകൊണ്ട് ഒരുപാട് കഴിക്കേണ്ടെന്നും അത് നല്ലതല്ലെന്നുമായിരുന്നു ആരെയോ ഉദ്ദേശിച്ച് അനീഷ് പറഞ്ഞത്. നല്ല ചോക്ലേറ്റാണെന്നു വിചാരിച്ച് ഒരുപാട് കഴിക്കേണ്ട, അധികമായാല്‍ അമൃതും വിഷമാകും എന്നും അനീഷ് പറഞ്ഞു. ഇതെല്ലാം കേട്ടിട്ടും അത് എന്താണെന്നു മനസ്സിലാകാത്ത റെനീഷയുടെ മുഖഭാവവും മാറുന്നുണ്ടായിരുന്നു. തുടർന്ന് ഗെയിം എങ്ങനെ കളിക്കണമെന്ന് റെനീഷയെ ഉപദേശിച്ച റനീഷയുടെ സഹോദരൻ എല്ലാ മത്സരാർഥികളോടും സ്നേഹം പങ്കുവച്ച് വീട്ടിലേക്ക് ക്ഷണിച്ചിട്ടാണ് മടങ്ങിയത്.

 

ബിഗ് ബോസ് സീസൺ ഫൈവ് അവസാന ആഴ്‌ചകളിലേക്ക് കടക്കുമ്പോൾ നിരവധി സർപ്രൈസുകളാണ് ബിഗ് ബോസ് മത്സരാർഥികൾക്കായി ഒരുക്കിയിട്ടുള്ളത്. ജൂലൈ രണ്ടാം തീയതിയാണ് ബിഗ് ബോസ് സീസൺ ഫൈവ് ഫിനാലെ.  പതിനെട്ട്  മത്സരാർഥികളുമായി ആരംഭിച്ച മത്സരത്തിൽ എട്ടു മത്സരാർഥികളാണ് ഇപ്പോഴുള്ളത്. നാദിറ മെഹ്റിൻ ടിക്കറ്റ് ടു ഫിനാലെ ടാസ്‍കുകളില്‍ വിജയിച്ച് ഗ്രാൻഡ് ഫിനാലെയില്‍ നേരിട്ട് എത്തിയപ്പോൾ മറ്റുള്ളവർ നിലവിൽ എവിക്‌ഷൻ പ്രക്രിയ നേരിടുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com