കപ്പ് ഉയര്‍ത്തി അഖിൽ മാരാര്‍, രണ്ടാമത് റെനീഷ; ശോഭ നാലാം സ്ഥാനത്ത്
Mail This Article
ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ വിജയിയായി അഖിൽ മാരാർ. അൻപത് ലക്ഷം രൂപയാണ് വിജയിക്കു ലഭിക്കുക. ഇതിനൊപ്പം മാരുതി സുസുക്കിയുടെ പുതിയൊരു കാറും സമ്മാനമായി ലഭിക്കും. ഫസ്റ്റ് റണ്ണറപ്പായി റനീഷ റഹ്മാനും സെക്കൻഡ് റണ്ണറപ്പായി ജുനൈസ് വി.പി.യും തിരഞ്ഞെടുക്കപ്പെട്ടു. ശോഭ വിശ്വനാഥിന് നാലാം സ്ഥാനം. ഷിജു അഞ്ചാം സ്ഥാനം നേടി. ഗ്രാൻഡ് ഫിനാലെയുടെ തലേദിവസം സ്പോട്ട് എവിക്‌ഷനിലൂടെ പുറത്തായ സെറീന ആൻ ജോൺസനാണ് ആറാം സ്ഥാനം. 21 മത്സരാർഥികളായിരുന്നു ഇത്തവണ ബിഗ് ബോസ് ഹൗസിൽ മത്സരിച്ചത്.
നേരത്തെ ഫിനാലെയിൽ ഇടം നേടിയ ട്രാൻസ്ജെൻഡർ പ്രതിനിധി നാദിറ മെഹ്റിൻ പണപ്പെട്ടി ടാസ്കിൽ നിന്നും ഏഴേ മുക്കാൽ ലക്ഷം രൂപ നേടി സ്വയം ബിഗ് ബോസ് ഹൗസിനോടു വിട പറഞ്ഞിരുന്നു.
ടിവി ചാനൽ ചർച്ചകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ശ്രദ്ധേയനായ അഖിൽ മാരാർ സിനിമാ സംവിധായകനാണ്. ‘ഒരു താത്വിക അവലോകനം’ എന്ന സിനിമയിലൂടെയാണ് അഖിൽ സംവിധാനരംഗത്തെത്തുന്നത്. 'പേരറിയാത്തവര്‍' എന്ന സിനിമയിൽ സഹ സംവിധായകൻ ആയും അഖില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്നായിരുന്നു സീസൺ ഫൈവ് വിശേഷിപ്പിച്ചിരുന്നത്. 18 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി പിന്നീട് പല സമയങ്ങളിലായി മൂന്ന് പേര്‍ കൂടി എത്തി. അങ്ങനെ സീസണില്‍ ആകെ എത്തിയത് 21 മത്സരാര്‍ഥികള്‍.
ഗോപിക ഗോപി, ശ്രുതി ലക്ഷ്മി, ഷിജു എ.ആർ., ലച്ചു (ഐശ്വര്യ സുരേഷ്), അനിയൻ മിഥുൻ, മനീഷ, നാദിറ മെഹ്റിന്‍, ജുനൈസ് വി.പി., സാഗർ സൂര്യ, വൈബർ ദേവു (ശ്രീദേവി മേനോൻ), ആഞ്ജലീൻ മരിയ, വിഷ്ണു ജോഷി, ഒമർ ലുലു, അനു ജോസഫ്, സെറീന ആൻ ജോൺസണ്‍, ശോഭ വിശ്വനാഥ്, റിനോഷ് ജോർജ്, റെനീഷ റെഹ്മാന്‍, ഹനാൻ, അഞ്ജൂസ് റോഷ്, അഖിൽ മാരാർ എന്നിവരായിരുന്നു ഈ സീസണിലെ മത്സരാർഥികൾ.
English Summary: Bigg Boss Malayalam Season 5 Winner: Akhil Marar Takes the Trophy