സഭ്യമല്ലാത്ത രീതിയില്‍ പ്രചരിക്കുന്ന ചിത്രവുമായി യാതൊരു ബന്ധവുമില്ല: കുറിപ്പുമായി മീനാക്ഷി
Mail This Article
തന്റെ പേരില്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സഭ്യമല്ലാത്ത ചിത്രങ്ങള്‍ വ്യാജമെന്ന് വ്യക്തമാക്കി ബാലതാരം മീനാക്ഷി. അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രവുമായി യാതൊരുവിധ ബന്ധവുമില്ലെന്നും ഇതിനെതിരെ നിയമപടികൾ സ്വീകരിക്കുമെന്നും മീനാക്ഷി ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. മീനാക്ഷിയുടെ ഫെയ്സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന അഡ്മിൻ ആണ് ഇക്കാര്യം ഒരു കുറിപ്പായി പങ്കുവച്ചത്.
‘‘മീനാക്ഷിയുടേത് എന്ന രീതിയില്‍ അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രവുമായി ഞങ്ങള്‍ക്ക് യാതൊരു വിധ ബന്ധവുമില്ല… ഇത് ഒരു Al (artificial intelligence) സൃഷ്ടിയാണ് എന്ന് കരുതുന്നു… മാത്രമല്ല ഏത് തരം വസ്ത്രം ധരിക്കണം എന്ത് തരം റോളുകള്‍ ചെയ്യണം എന്ന കൃത്യമായ ബോധത്തോടെയാണ് ഞങ്ങള്‍ ഈ രംഗത്ത് നിലകൊള്ളുന്നത്… അതു കൊണ്ട് തന്നെ വേണ്ട നിയമപരമായ നടപടികള്‍ ഞങ്ങള്‍ കൈക്കൊണ്ടു കഴിഞ്ഞു…
വേണ്ട ഗൗരവത്തില്‍ തന്നെ നമ്മുടെ സൈബര്‍ പൊലീസും കാര്യങ്ങള്‍ കണക്കിലെടുത്തിട്ടുണ്ട് (ഇത്തരം ഫോട്ടോകളും മറ്റും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ അമ്മയുടേയോ പെങ്ങമ്മാരുടേയോ ചിത്രങ്ങള്‍ ഈ രീതിയില്‍ കൈകാര്യം ചെയ്താല്‍ ഒരു പക്ഷേ അവര്‍ ക്ഷമിച്ചേക്കാം… എന്നതിനാല്‍ നിയമ പ്രശ്‌നങ്ങള്‍ ഒഴിവാകാന്‍ തരമുണ്ട്… അതല്ലേ ഇത്തരം ചിത്രങ്ങളുടെ ശില്‍പികള്‍ക്കും പ്രചാരകര്‍ക്കും നല്ലത്)’’
ഈ വിഷയം അവഗണിക്കാമെന്ന് കരുതിയതാണെന്നും എന്നാൽ ചിത്രത്തിനു താഴെ വരുന്ന കമന്റുകളിൽ പലരും ഇത് യഥാർഥ ചിത്രമാണെന്ന് പറയുകയും ചെയ്തതോടെയാണ് നിയമപരമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്ന് മീനാക്ഷി പറഞ്ഞു.