മാത്യുവിന് മുംബൈയിൽ ലെതർ കമ്പനി: നെൽസന്റെ മനസ്സിലെ കഥ വെളിപ്പെടുത്തി ‘ജയിലർ’ ക്യാമറാമാൻ
Mail This Article
‘ജയിലർ’ സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച മാത്യു എന്ന കഥാപാത്രത്തിനു വമ്പൻ പ്രതികരണമാണ് തമിഴകത്തുനിന്നും മലയാളത്തിൽനിന്നും ലഭിക്കുന്നത്. ഈ കഥാപാത്രത്തെവച്ച് ഒരു സ്പിൻ ഓഫ് ചെയ്യണമെന്ന് നെൽസണോട് ആവശ്യപ്പെടുന്നവരും ഏറെ. മോഹന്‍ലാലുമൊത്ത് ഒരു മുഴുനീള ചിത്രം ചെയ്യാനുള്ള ആഗ്രഹം ‘ജയിലര്‍’ റിലീസിനു ശേഷം സംവിധായകന്‍ നെല്‍സണ്‍ പങ്കുവച്ചിരുന്നു. ഇതു വെറുമൊരു ആഗ്രഹത്തിന്റെ പേരിൽ പറഞ്ഞതല്ലെന്നു വെളിവാകുന്ന ഒരു വെളിപ്പെടുത്തൽ കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. മാത്യു എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള കൃത്യമായ ധാരണ നെൽസന്റെ മനസ്സിലുണ്ടെന്ന് ‘ജയിലറി’ന്റെ ഛായാഗ്രാഹകനായ വിജയ് കാര്‍ത്തിക് കണ്ണനാണ് വെളിപ്പെടുത്തിയത്..
ജയിലറിലെ മോഹൻലാൽ, ശിവരാജ്കുമാർ ഉൾപ്പടെയുള്ളവരുടെ അതിഥിവേഷങ്ങള്‍ക്ക് സ്ക്രീന്‍ ടൈം കുറവാണെങ്കിലും ഈ കഥാപാത്രങ്ങൾക്കെല്ലാം വിശദമായ പശ്ചാത്തലങ്ങള്‍ നെല്‍സൺ തയാറാക്കിയിരുന്നു. സൗത്ത് മുംബൈയിൽ ലെതർ എക്സ്പോർട്ടിങ് കമ്പനി നടത്തുന്ന ആളാണ് മാത്യു. ഈ കമ്പനി മറയാക്കിയാണ് മാത്യൂസ് കള്ളക്കടത്തു നടത്തുന്നത്.
‘‘മോഹൻലാൽ സാറിന്റെ ഭാഗങ്ങൾ ഹൈദരാബാദിൽ വച്ചാണ് ഷൂട്ട് ചെയ്തത്. ആദ്യം വേറെയൊരു സ്ഥലമാണ് ആ സീൻ ചിത്രീകരിക്കുന്നതിനായി തീരുമാനിച്ചിരുന്നത്. എന്നാൽ ഷൂട്ട് തുടങ്ങുന്നതിനു രണ്ടു ദിവസം മുമ്പാണ് ഇങ്ങനെയൊരു ഗാരേജ് റൂമിൽ ഈ സീൻ ചെയ്താൽ എങ്ങനെയുണ്ടാകുമെന്ന് നെൽസൺ ചോദിക്കുന്നത്. അതൊരു ഡാർക് റൂം ആയിരുന്നു. പിന്നെ എന്റേതായ രീതിയിൽ കുറച്ച് ലൈറ്റിങ് നടത്തി.
മോഹൻലാൽ സാർ അണിയുന്നൊരു ലെതർ ഏപ്രൺ ഉണ്ട്. അതും നെൽസന്റെ ഐഡിയായിരുന്നു. അതിലേക്കാണ് രക്തം ചീറ്റുന്നത്. എല്ലാത്തിലും ഒരു പശ്ചാത്തല കഥ നെൽസന്റെ കയ്യിൽ ഉണ്ടായിരുന്നു. ആ കഥയെല്ലാ ഗംഭീരമാണ്. അതുവച്ചു തന്നെ നമുക്കൊരു സ്പിൻഓഫ് സിനിമ ചെയ്യാം. കഥയിൽ ലാൽ സർ ബോംബെയിൽ ഒരു ഡോൺ ആണ്. എന്നാല്‍ ഇതു മറച്ചു വയ്ക്കുന്നതിനായി അദ്ദേഹത്തിന് വേറൊരു ബിസിനസ് ഉണ്ട്. ഒരു ലെതർ എക്സ്പോർട്ട് കമ്പനി. ഇതു മറയാക്കിയാണ് അദ്ദേഹം മറ്റ് ബിസിനസൊക്കെ ചെയ്യുന്നത്.
സിനിമയിൽ മോഹൻലാൽ സാറിന്റെ കഥാപാത്രം രജനി സാറിന് കുറേ തോക്കുകള്‍ കാണിച്ചുകൊടുക്കുന്നൊരു രംഗമുണ്ട്. അവിടെ ശ്രദ്ധിച്ചു നോക്കിയാൽ കാണാം, എല്ലാം ലെതറാണ്. അതു തുറക്കുമ്പോഴാണ് ഒരു രഹസ്യ റൂം കാണുന്നത്. ഈ കഥ മുഴുവൻ നെൽസൺ പറഞ്ഞിട്ടുണ്ട്.സൗത്ത് മുംബൈയിലെ 1950 കളിലുള്ള ബിൽഡിങ്ങിലാണ് ആ കമ്പനി പ്രവർത്തിക്കുന്നത്. ലാൽ സർ നടന്നു വരുമ്പോൾ ഓഫിസ് സ്റ്റാഫെല്ലാം എഴുന്നേറ്റു നിൽക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ ലെതർ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ്. ഇങ്ങനെ എല്ലാ കഥാപാത്രങ്ങൾക്കും ഓരോ കഥ നെൽസന്റെ മനസ്സിൽ വച്ചിട്ടുണ്ട്.
കഥയിൽ കുറച്ച് ആഴത്തിൽ നോക്കുകയാണെങ്കിൽ ലാല്‍ സർ എവിടെ നിന്നാണ് പെട്ടന്ന് ഓഫിസിൽ വരുന്നതെന്ന ചോദ്യം വരും. ആ ആളുകളെ എവിടെയാണ് അടിച്ചു കൊന്നതെന്നും സംശയം വരും. ഇതിനെല്ലാമുള്ള ഉത്തരം നെൽസന്റെ മനസ്സിൽ ഉണ്ടായിരുന്നു.’’–വിജയ് കാർത്തിക് പറഞ്ഞു.