കാവ്യ മാധവന് ആരാധിക നൽകിയത് ‘മൂന്ന് അദ്ഭുതങ്ങൾ’; വിഡിയോ
Mail This Article
മകൾ മഹാലക്ഷ്മി ജനിക്കുന്നതിനു വർഷങ്ങൾക്കു മുൻപു മരിച്ച മുത്തച്ഛൻ അവളെയും എടുത്തുനിൽക്കുന്ന ചിത്രത്തിന്റെ വിഡിയോ. ദിലീപിന്റെ അച്ഛൻ പത്മനാഭപിള്ള മഹാലക്ഷ്മിയെ എടുത്തുകൊണ്ടുനിൽക്കുന്ന ചിത്രം വരച്ച് കാവ്യയ്ക്കും കുടുംബത്തിനും സമ്മാനിച്ചത് അജില എന്ന കലാകാരിയാണ്.
കഴിഞ്ഞ ഓണത്തിന് കാവ്യയ്ക്കും ദിലീപിനും സർപ്രൈസ് സമ്മാനമായാണ് അജില മൂന്നു ചിത്രങ്ങൾ നൽകിയത്. ദിലീപിന്റെ കുടുംബാംഗങ്ങൾ മുഴുവൻ ഉള്ളതാണ് ഒരു ചിത്രം. ദിലീപിന്റെ അച്ഛൻ പത്മനാഭപിള്ള, അമ്മ സരോജം, അനുജൻ അനൂപും കുടുംബവും, അനുജത്തി സബിതയും കുടുംബവും, ദിലീപും കാവ്യയും മക്കളും എന്നിവരടങ്ങുന്നതാണ് ഈ ചിത്രം. രണ്ടാമത്തെ ചിത്രത്തിൽ ദിലീപ്, കാവ്യ, മക്കൾ, അച്ഛനമ്മമാർ എന്നിവരാണുള്ളത്. മൂന്നാമത്തെ ചിത്രമാണ് ഏറെ ആകർഷണീയം. കുഞ്ഞുമകൾ മാമാട്ടി ഒരിക്കലും കണ്ടിട്ടില്ലാത്ത മുത്തച്ഛൻ പത്മനാഭൻ പേരക്കുട്ടിയെ എടുത്തുകൊണ്ടുനിൽക്കുന്ന രീതിയിലാണ് ചിത്രം വരച്ചിരിക്കുന്നത്. ഈ അപൂർവ സമ്മാനം അടക്കമുള്ള ചിത്രങ്ങൾ അജിലയിൽനിന്നു സ്വീകരിക്കുന്നതിന്റെ വിഡിയോ കാവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
കാവ്യയുടെ വീട്ടിലെത്തി സമ്മാനം നൽകുന്നതിന്റെ വിഡിയോ അജിലയും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. കാവ്യയുമായുള്ള ഫോൺ സംഭാഷണവും വിഡിയോയ്ക്കൊപ്പം ചേർത്തിരിക്കുന്നു. ‘‘ആരാണ് ഇതു ചെയ്തത്, ഗ്രേറ്റ് വർക്ക്, അവരോട് എന്റെ താങ്ക്സ് പറയണം’’ എന്ന് ദിലീപ് പറഞ്ഞിട്ടുണ്ടെന്നും കാവ്യ അജിലയുമായുള്ള ഫോൺ കോളിൽ വ്യക്തമാക്കുന്നുണ്ട്.