‘മനസിലായോ സാറേ’, ആ ഡയലോഗിന് കടപ്പാട് നെൽസണോട്: വിനായകൻ
Mail This Article
ജയിലര്‍ സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മാസ് ഡയലോഗുകളൊന്നുമില്ല. ലോകം മുഴുവന്‍ അലയടിച്ച രണ്ടുവാക്കുകള്‍ മാത്രം. അതും മുഖ്യവില്ലന്റെ ഡയലോഗ്. ‘മനസിലായോ സാറേ...’ മലയാളത്തിലുള്ള ഈ ഡയലോഗ് വര്‍മന്‍ എന്ന വില്ലനെ അവതരിപ്പിച്ച മലയാളിതാരം വിനായകന്റെ സംഭാവനയാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ആ ഡയലോഗിന്റെ സ്രഷ്ടാവ് താനല്ലെന്ന് മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിനായകന്‍ വെളിപ്പെടുത്തി. സംവിധായകൻ നെൽസന്റെ ഐഡിയായിരുന്നു ഈ ഡയലോഗ്. ‘ഐ ആം ഹണ്‍ഡ്രഡ് പെര്‍സെന്റ് പ്രഫഷനല്‍’ എന്ന ഡയലോഗും അദ്ദേഹത്തിന്റെ തന്നെ സൃഷ്ടിയാണെന്നും വിനായകന്‍ പറയുന്നു.
‘‘അത് നെല്‍സണ്‍ (ജയിലറിന്റെ സംവിധായകന്‍) ആണ്. എനിക്ക് നെല്‍സണെ വളരെ നേരത്തേ അറിയാം. ചേട്ടാ എന്നേ വിളിക്കൂ. ഇതാണ് ചേട്ടാ, ഇങ്ങനെയാണ് സിറ്റുവേഷന്‍ അങ്ങനെയൊക്കെ. ആദ്യം എന്റെ വീട്ടിലേക്ക് ജയിലറിന്റെ ഫസ്റ്റ് സീനിന്റെ സ്ക്രിപ്റ്റുംകൊണ്ട് വരികയാണ്. ഞാന്‍ അത് പഠിച്ചു. ഭാര്യയെ ഇരുത്തി ഇത് വായിപ്പിച്ച് അത് കംപ്ലീറ്റ് ബൈഹാര്‍ട്ട് ആക്കി. അവിടെ ചെന്നുകഴിഞ്ഞപ്പോ, എല്ലാം തലതിരിഞ്ഞു. ആ സീന്‍ വന്നിട്ടില്ല, അത് ഉണ്ടായതേയില്ല. ദൈവമേ എന്ന് വിളിച്ചുപോയി. പക്ഷേ ഒരു നടന്‍ എന്ന നിലയില്‍ എന്റെ പ്രകടനം അപ്പോഴാണ് പുള്ളി കാണുന്നത്. അപ്പോള്‍ നെല്‍സണ് മനസിലായി വിനായകനുമായി ഡീല്‍ ചെയ്യേണ്ടത് എങ്ങനെയാണെന്ന്. പുള്ളി അത് ഓപ്പറേറ്റ് ചെയ്യുകയും ചെയ്തു.
പിന്നെ എനിക്ക് ഫുള്‍ ഫ്രീഡം അങ്ങോട്ട് തരികയായിരുന്നു. ഫുള്‍ ഫ്രീഡം എന്നുവെച്ചാല്‍ കമ്യൂണിക്കേഷന്‍ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു. ‘ചേട്ടന്റെ ബോഡിയില്‍ ആ ലാംഗ്വേജ് ഉണ്ട്. എങ്ങനെയെങ്കിലും ഈ സീക്വന്‍സ് ഒന്ന് കമ്യൂണിക്കേറ്റ് ചെയ്തുതന്നാല്‍ മതി’ എന്നാണ് പറഞ്ഞത്. അങ്ങനെ പുള്ളി ഉണ്ടാക്കിയ വാചകമാണ് ‘ഹണ്‍ഡ്രഡ് പെര്‍സെന്റ് പ്രൊഫഷണല്‍’. ‘മനസിലായോ സാറേ...’യും നെല്‍സന്റെ മുദ്ര പതിഞ്ഞ ഡയലോഗാണ്.’’–വിനായകൻ പറഞ്ഞു.