‘ജയിലറും’ വീണു; കേരളത്തിൽ വീണ്ടും റെക്കോർഡിട്ട് വിജയ്
Mail This Article
കേരളത്തില്‍ വീണ്ടും റെക്കോർഡുകൾ തിരുത്തി ദളപതി വിജയ്. കേരളത്തിൽ ഏറ്റവും ഉയർന്ന ഗ്രോസ് കലക്‌ഷൻ നേടിയ തമിഴ് ചിത്രമായി ‘ലിയോ’ മാറിയിരിക്കുന്നു. രജനികാന്ത് ചിത്രം ‘ജയിലറി’ന്റെ റെക്കോർഡ് ആണ് ‘ലിയോ’ ഒരു മാസത്തിനു മുമ്പേ തകർത്തത്. ജയിലര്‍ കേരളത്തില്‍ നിന്ന് നേടിയത് 57.7 കോടിയാണ്. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം 18 ദിവസം കൊണ്ടാണ് ഈ റെക്കോർഡ് തകർത്തെറിഞ്ഞത്.
കേരളത്തിൽ ഏറ്റവും വേഗത്തിൽ അൻപതു കോടി നേടുന്ന ആദ്യ ചിത്രമായും ലിയോ മാറിയിരുന്നു. 11 ദിവസം കൊണ്ട് 50 കോടി നേടിയ കെജിഎഫ് 2 വിന്റെ റെക്കോർഡ് ആണ് ‘ലിയോ’ കേരളത്തില്‍ മറികടന്നത്. ആദ്യ ദിനം 12 കോടി ഗ്രോസ് കലക്‌ഷൻ നേടിയ ചിത്രം മറ്റെല്ലാ അന്യഭാഷ സിനിമകളുടെയും ഇതുവരെയുള്ള റെക്കോർഡുകൾ തൂത്തെറിഞ്ഞു.
7.25 കോടി നേടിയ കെജിഎഫ് 2, 6.76 കോടി നേടിയ ഒടിയൻ, വിജയ്‌യുടെ തന്നെ 6.6 കോടി നേടിയ ബീസ്റ്റ് സിനിമകളുടെ റെക്കോർഡുകൾ ആണ് പഴങ്കഥ ആയത്. കേരളം, ആന്ധ്രപദേശ്, കർണാടക, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളിൽ നിന്നും ആദ്യ ദിനം പത്തുകോടി കലക്‌ഷൻ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് വിജയ്.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ട്നർ.