ADVERTISEMENT

ബിസിനസ്സ്മാനും ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ ബോളിവുഡ് സ്വപ്നങ്ങൾക്ക് തിരിച്ചടി. രാജ് കുന്ദ്ര നായകനും നിർമാതാവുമായ പുതിയ ചിത്രം യുടി 69 ആദ്യ ദിനം തിയറ്ററുകളിൽ നിന്നും നേടിയത് വെറും പത്ത് ലക്ഷം രൂപയാണ്. ഏകദേശം 20 കോടി മുതൽ മുടക്കുള്ള ചിത്രം വലിയ പരാജയത്തിലേക്കാണ് കൂപ്പുകുത്തുന്നത്.

അശ്ലീല ചിത്രങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് ജയിലിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ രാജ് കുന്ദ്ര തന്റെ സ്വന്തം ജീവിതമാണ് കുന്ദ്ര സിനിമായാക്കിയത്. ജയിലിലെ രണ്ട് മാസത്തെ ജീവിതമാണ് യുടി 69 എന്ന സിനിമയിലൂടെ പറയുന്നത്. രാജ് കുന്ദ്രയായി തന്നെയാണ് അദ്ദേഹം ചിത്രത്തിൽ വേഷമിടുന്നത്.

എന്നാൽ ഇങ്ങനെയൊരു പ്രമേയം തിയറ്ററുകളിലെത്തി കാണേണ്ട ആവശ്യം പ്രേക്ഷകർക്കില്ലെന്നാണ് പ്രധാന വിമർശനം. യഥാർഥത്തിൽ നടന്നൊരു സംഭവത്തെ അതേപടിയാണ് രാജ് കുന്ദ്ര സിനിമയിൽ കാണിച്ചിരിക്കുന്നതെന്നും ഇതൊരു ഡോക്യുമെന്ററിയായി പുറത്തിറക്കുന്നതായിരുന്നു ഇതിലും നല്ലതെന്നും സിനിമ കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നു.

ഷാനവാസ് അലിയാണ് സിനിമയുടെ സംവിധാനം. കഥ രാജ് കുന്ദ്ര. തിരക്കഥ വിക്രം ഭാട്ടി. 

ആക്ഷേപഹാസ്യത്തിലൂടെയാണ് സിനിമയുടെ അവതരണം. ആർതർ റോഡ് ജയിൽ ജീവിതം അതുപോലെ തന്നെ സിനിമയിലൂടെ പറയാൻ ശ്രമിക്കുകയാണ് രാജ് കുന്ദ്ര. ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ കാലഘട്ടമാണ് പച്ചയായി ആവിഷ്കരിച്ചിരിക്കുന്നതെന്ന് കുന്ദ്ര പറഞ്ഞിരുന്നു.

അശ്ലീലചിത്രങ്ങൾ നിർമിക്കുകയും അവ വിവിധ സൈറ്റുകളിൽ വിതരണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നത്. രണ്ടു മാസത്തിന് ശേഷമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ബിസിനസ്മാനായ രാജ് കുന്ദ്ര നടി ശിൽപ ഷെട്ടിയുടെ ഭർത്താവാണ്.

English Summary:

UT 69 Box Office Collection Day 1: Raj Kundra's Biopic Opens LOW, Earns ONLY Rs 10 Lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com