ADVERTISEMENT

നിരവധി പ്രത്യേകതകളുമായി ജയസൂര്യയുടെ ബ്രഹ്മാണ്ഡ ചിത്രം കത്തനാർ മൂന്നാം ഷെഡ്യൂളിനു തുടക്കം. ‘ഹോം’ സിനിമയിലൂടെ ദേശീയ പുരസ്‌കാര ജേതാവായ റോജിൻ തോമസിന്റെ സംവിധാനത്തിലാണ് മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായി മാറിയേക്കാവുന്ന ‘കത്തനാർ’ ഒരുങ്ങുന്നത്. ഏപ്രിൽ അഞ്ചിനു ഷൂട്ടിങ് തുടങ്ങിയ സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂൾ ഇന്നു തുടങ്ങി. റോജിൻ തോമസ് ആദ്യമായി സംവിധാനം ചെയ്ത ഫിലിപ്സ് ആൻഡ് ദ് മങ്കിപെൻ റിലീസ് ചെയ്തിട്ട് ഇന്നു പത്തു വർഷം തികയുകയാണ്. ആദ്യത്തെ സിനിമയുടെ റിലീസിന്റെ പത്താം വാർഷിക ദിനത്തിൽത്തന്നെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ തുടങ്ങുന്നത് യാദൃച്ഛികമാണെന്ന് റോജിൻ പറയുന്നു.

ഐതിഹ്യങ്ങളിലൂടെ പ്രശസ്തനായ അദ്ഭുത സിദ്ധികളുള്ള മഹാമാന്ത്രികൻ കടമറ്റത്തു കത്തനാരുടെ ജീവിതം പറയുന്ന 'കത്തനാർ: ദ് വൈൽഡ് സോഴ്സറർ' എന്ന ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂളിനു തുടക്കമാകുമ്പോൾ ഇനിയുമുണ്ട് പ്രത്യേകതകൾ ഏറെ. ഫിലിപ്സ് ആൻഡ് ദ് മങ്കിപെനിന്നു ശേഷം ജയസൂര്യയും റോജിനും ഒന്നിക്കുന്ന ചിത്രമാണ് ‘കത്തനാർ’ എന്നതാണ് ഒരു പ്രത്യേകത. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ സിനിമാതാരം സനുഷയുടെ അനുജനും മലയാളികൾക്കു പ്രിയങ്കരനുമായ സനൂപും അഭിനയിക്കുന്നുണ്ട്. ഫിലിപ്സ് ആൻഡ് ദ് മങ്കിപെന്നിൽ ബാലതാരമായിട്ടായിരുന്നു സനൂപിന്റെ അരങ്ങേറ്റം. ജയസൂര്യയും സനൂപും റോജിനും ഒരുമിച്ച ചിത്രം റിലീസ് ചെയ്ത് പത്തുവർഷം പൂർത്തിയാകുന്ന ദിവസം കത്തനാരുടെ മൂന്നാം ഷെഡ്യൂളിനായി മൂവരും വീണ്ടും ഒന്നിക്കുകയാണ്. മങ്കിപ്പെന്നിൽ ജയസൂര്യയുടെ മകനായാണ് സനൂപ് എത്തിയതെങ്കിൽ കത്തനാരിൽ ഒരു സർപ്രൈസ് റോളാണ് യുവത്വത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന താരത്തിനായി റോജിൻ ഒരുക്കിയിരിക്കുന്നത്.

ആദ്യ ചിത്രത്തിൽത്തന്നെ ഏറ്റവും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സനൂപ്, ‘ജോ ആൻഡ് ദ് ബോയ്’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ തുടങ്ങി നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. സനൂപിനെ കത്തനാരിൽ കാത്തിരിക്കുന്നത് ഏറെ സങ്കീർണതകൾ നിറഞ്ഞ കഥാപാത്രമാണ്. ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമായിരിക്കും സനൂപിന്റേത്.

‘‘ഇരുപതാമത്തെ വയസ്സിലാണ് മങ്കി പെന്നിന്റെ ചിന്തയുമായി റോജിൻ എന്നെ കാണാന്‍ വരുന്നത്. റോജിൻ കഥയുമായി ആദ്യം സമീപിച്ച ആൾക്ക് ആ കഥ അത്രക്ക് കണക്ട് ആയില്ല. പക്ഷേ എന്നിലേക്ക് ആ കഥ വേഗം ആകർഷിക്കപ്പെട്ടു. സിനിമ വലിയ വിജയമായി മാറുകയും ചെയ്തു. അതിനു ശേഷം ഈ പത്തു വർഷത്തിനിടയ്ക്ക് റോജിന്റെ വളർച്ച അദ്ഭുതപ്പെടുത്തയായിരുന്നു. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സിനിമയായി മാറിയ ‘ഹോമി’ലൂടെ ഇപ്പോൾ ഏറ്റവും വലിയ ദേശീയ ബഹുമതി നേടിയ സംവിധായകൻ ആണ് അയാൾ. മലയാള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിനിമയാകാൻ പോകുന്ന കത്തനാര്‍ ഒരുക്കുന്നത് റോജിനാണെന്നതും സന്തോഷമുള്ള കാര്യമാണ്. റോജിനും ഞാനും പത്തു വർഷത്തിനു ശേഷം ഒരു സിനിമയ്ക്കു വേണ്ടി ഒരുമിക്കുകയാണ്. ഫിലിപ്സ് ആൻഡ് ദ് മങ്കിപെൻ റിലീസ് പത്തു വർഷം പിന്നിടുമ്പോൾ കത്തനാർ മൂന്നാം ഷെഡ്യൂൾ തുടങ്ങുകയാണ്. അന്ന് ആ സിനിമയിൽ എന്റെ മകനായി അഭിനയിച്ച സനൂപും ഈ സിനിമയിലുണ്ട്. എല്ലാം ഒരു മഹാഭാഗ്യം പോലെ തോന്നുന്നു.’’ ജയസൂര്യ പറയുന്നു.

jayasurya-rojin
റോജിൻ തോമസിനൊപ്പം ജയസൂര്യ

‘‘ഞാനും ജയേട്ടനും അടക്കം ഈ സിനിമയിൽ പ്രവർത്തിക്കുന്ന ഓരോരുത്തർക്കും ഊണിലും ഉറക്കത്തിലുമുള്ള ചിന്ത ഈ പ്രോജ്ക്ടിനെക്കുറിച്ച് മാത്രമാണ്. കത്തനാർ തുടങ്ങിയതിനു ശേഷം സിനിമയുടെ ക്രൂ മുഴുവനും മറ്റൊരു സിനിമയും ചെയ്യാതെ ആത്മാർഥതയോടെ എനിക്കൊപ്പം നിൽക്കുന്നു. ദേശീയ അവാർഡിനു ശേഷം ചെയ്യുന്ന സിനിമയെന്ന ടെൻഷനൊന്നും എനിക്കില്ല. എല്ലാം സിനിമയ്ക്കായി മാറ്റിവച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നു വർഷമായി ഈ സിനിമയ്ക്കായുള്ള ഓരോ ചുവടും വളരെ കരുതലോടെയാണ് വയ്ക്കുന്നത്.

മങ്കിപെൻ റിലീസ് ചെയ്തത് നവംബർ ഏഴിനാണ്. ഇന്ന് പത്ത് വർഷം തികയുന്നു. എല്ലാവരും പറഞ്ഞപ്പോഴാണ് ഞാനും ഇക്കാര്യം ഓർത്തത്. കത്തനാരുടെ മൂന്നാമത്തെ ഷെഡ്യൂൾ നേരത്തേ തുടങ്ങാനിരുന്നതാണ്. ചില കാരണങ്ങളാൽ വൈകുകയായിരുന്നു. പക്ഷേ അതിങ്ങനെ തുടങ്ങിയതും യാദൃച്ഛികം. ഇനിയും 150 ദിവസത്തോളം ഷൂട്ട് ബാക്കിയുണ്ട്. ഇനി ഒരൊറ്റ ഷെഡ്യൂളിൽ തീർക്കാനാണ്‌ ഉദ്ദേശിക്കുന്നത്. അതിന്റെ വെല്ലുവിളിയും ആകാംക്ഷയുമൊക്കെ മനസ്സിലുണ്ട്.’’ റോജിൻ തോമസ് പറയുന്നു.

kathanar

'ജംഗിൾ ബുക്ക്', 'ലയൺ കിങ്' തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച വെർച്വൽ പ്രൊഡക്ഷൻ ടെക്നോളജിയിൽ ഒരുങ്ങുന്ന കത്തനാർ, ആ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ സിനിമയാണ്. തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് നായിക. ആദ്യമായാണ് അനുഷ്ക മലയാളത്തിൽ അഭിനയിക്കാനെത്തുന്നത്. ചെന്നൈയിലും റോമിലും കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. കത്തനാറിനു വേണ്ടി കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ഫിലിം സിറ്റി തന്നെ ഗോകുലം മൂവീസ് ഒരുക്കിയിട്ടുണ്ട്. പ്രത്യേകമായി തയാറാക്കിയ ഈ ഫിലിം സ്റ്റുഡിയോ കത്തനാർക്കു ശേഷം മറ്റു സിനിമകൾക്കും ഉപയോഗിക്കാൻ കഴിയും എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. 

kathanar-3

ആർ. രാമാനന്ദ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് നീൽ ഡിക്കൂഞ്ഞയാണ്. സംഗീതം: രാഹുൽ സുബ്രഹ്മണ്യം. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇന്തൊനീഷ്യൻ, ജാപ്പനീസ്, ജര്‍മൻ തുടങ്ങി ഒട്ടേറെ ഭാഷകളിലാണ് കത്തനാർ ഒരുങ്ങുന്നത്.

English Summary:

Kathanar 3rd Schedule started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com