‘വിജയ്ക്കെതിരെ ലത രജനികാന്ത്?’; വിശദീകരണവുമായി രജനിയുടെ പിആര്‍ഒ
Mail This Article
വിജയ്യുടെ ‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ട് ലത രജനികാന്തിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ സ്ക്രീൻഷോട്ടുകളാണെന്ന് വെളിപ്പെടുത്തി രജനികാന്തിന്റെ പിആർഒ റിയാസ് കെ. അഹമ്മദ്. ‘ലിയോ’ സിനിമ ദുരന്തമാണെന്ന രജനി ഫാൻസിന്റെ ട്വീറ്റ് ലത രജനികാന്ത് ലൈക്ക് ചെയ്തു എന്ന് ആരോപിച്ചായിരുന്നു വിജയ് ആരാധകർ വിമർശനവുമായി എത്തിയത്. എന്നാൽ പ്രചരിക്കുന്ന വിഡിയോയിൽ കാണിക്കുന്നത് ലത രജനികാന്തിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് ആണെന്ന് റിയാസ് പറഞ്ഞു. ലത രജനികാന്തിന്‍റെ യഥാര്‍ഥ എക്സ് അക്കൗണ്ടിന്റെ വിവരങ്ങളും പങ്കുവച്ചു.
നേരത്തേ ‘ലിയോ’ സിനിമയുടെ വിജയാഘോഷത്തിലെ വിജയ്‌യുടെ പ്രസംഗം രജനി ആരാധകരിൽ അമർഷമുണ്ടാക്കിയിരുന്നു. ‘ജയിലർ’ ട്രെയിലർ ലോഞ്ചിൽ രജനി പ്രസംഗത്തിനിടെ പറഞ്ഞ കാക്ക–കഴുകൻ പരാമർശം തന്റെ പ്രസംഗത്തിൽ വിജയ് ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ അതിനെപ്പറ്റി കൂടുതൽ പറയാതെ തമാശരൂപേണ ആ വിഷയം മാറ്റുകയായിരുന്നു. ട്രെയിലര്‍ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്കു തുടക്കമിട്ടത്. ‘‘പക്ഷികളില്‍ കാക്ക ഭയങ്കര വികൃതിയാണ്. ഒരു കാരണവുമില്ലാതെ പ്രാവുകളെയും കുരുവികളെയുമൊക്കെ കൊത്തി ശല്യപ്പെടുത്തും. എന്നാല്‍ കഴുകനിങ്ങനെ മുകളില്‍ കൂടി പറക്കും.’’–ഇതായിരുന്നു രജനിയുടെ വാക്കുകൾ. കാക്കയെന്നു രജനി ഉദ്ദേശിച്ചത് വിജയ്‍യെ ആണെന്ന് ആരോപിച്ച് ആരാധകർ രംഗത്തെത്തിയതോടെയാണ് സമൂഹമാധ്യമങ്ങളിൽ ഫാൻ ഫൈറ്റ് തുടങ്ങിയത്.
വിജയ്‍യുടെ പ്രസംഗത്തിൽനിന്ന്:
‘‘ഇനിയൊരു കുട്ടിക്കഥ പറയാം. രണ്ട് ആളുകൾ ഒരു കാട്ടിൽ വേട്ടയാടാൻ പോയി. ആ കാട്ടിൽ മാൻ, മുയൽ, ആന, മയില്‍, കാക്ക കഴുകൻ...(പ്രസംഗം നിർത്തിയ ശേഷം വിജയ് ചിരിക്കുന്നു). കാടാകുമ്പോൾ ഇവരൊക്കെ കാണില്ലേ? വേട്ടയ്ക്കുപോയവരിൽ ഒരാൾക്ക് വില്ലും അമ്പും മറ്റൊരാൾക്ക് കുന്തവും ഉണ്ടായിരുന്നു. വില്ലും അമ്പുമുള്ളയാൾ ആൾ ഒരു മുയലിനെ കൊന്നു. കുന്തമുള്ളയാൾ ആനയെ ലക്ഷ്യമിട്ടു. പക്ഷേ അയാൾക്ക് ആനയെ പിടിക്കാൻ കഴിഞ്ഞില്ല. ഇരുവരും ഗ്രാമത്തിലേക്കു തിരിച്ചു വന്നു. ഒരാളിന്റെ കയ്യിൽ മുയലും മറ്റെയാളിന്റെ കയ്യിൽ കുന്തവും. എന്നാൽ രണ്ടുപേരിൽ ആരാണ് നേട്ടം കൈവരിച്ചതെന്ന് ചോദിച്ചാൽ, ഒന്നുമില്ലാതെ തിരിച്ചുവന്ന ആളാണെന്ന് ഞാൻ പറയും. കാരണം എളുപ്പമുള്ള ലക്ഷ്യങ്ങൾ നേടുന്നതല്ല വിജയം. സുഹൃത്തുക്കളേ, നമ്മൾ വളരെ കഠിനമായ ലക്ഷ്യത്തിലേക്കാണ് കുതിക്കുന്നത്. എപ്പോഴും വലിയ കാര്യങ്ങൾ ലക്ഷ്യമിടുക. ഭാരതി പറഞ്ഞതു പോലെ, “ഏറ്റവും വലുത് ചോദിക്കുക. നിങ്ങളുടെ സ്വപ്നങ്ങളും ചിന്തകളും ജോലിയും അങ്ങനെയായിരിക്കണം. എല്ലാവർക്കും ഇവിടെ ഒരിടമുണ്ട് സുഹൃത്തുക്കളേ. മറ്റൊരാൾക്കും അതു തട്ടിയെടുക്കാൻ കഴിയില്ല.’’