തള്ളി മാറ്റിയത് ഇഷ്ടക്കേടു കൊണ്ടല്ല: കാലിലെ മുറിവു ചൂണ്ടിക്കാട്ടി സുരേഷ് ഗോപി; വിഡിയോ
Mail This Article
‘ഗരുഡൻ’ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ സന്ദർശിക്കുന്നതിനിടെ തന്നെ ആലിംഗനം ചെയ്ത് ചുംബിക്കാനെത്തിയ ആരാധകനെ തള്ളി മാറ്റുന്ന സുരേഷ് ഗോപിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ൈവറലായിരുന്നു. വിഡിയോ വൈറലായതോടെ വ്യാപകമായ വിമർശനമാണ് അദ്ദേഹത്തിനു നേരെ ഉയർന്നത്. സ്ത്രീകളായ ആരാധകരെ മാത്രമേ അദ്ദേഹം ആലിംഗനം ചെയ്യൂ എന്നും ഇതാണ് സുരേഷ് ഗോപിയുടെ കപട സ്വഭാവമെന്നുമൊക്കെയായിരുന്നു ആരോപണം. ഇപ്പോൾ ആ സംഭവത്തെപ്പറ്റി വിശദീകരണവുമായി എത്തുകയാണ് സുരേഷ് ഗോപി ആരാധകർ.
കാലിന്റെ തള്ളവിരലിലുണ്ടായ മുറിവ് കെട്ടിവച്ചായിരുന്നു സുരേഷ് ഗോപി തിയറ്റർ സന്ദർശനത്തിനെത്തിയത്. പെട്ടെന്നു തന്റെ നേെര വന്ന ആരാധകൻ മുറിവിൽ ചവിട്ടാതിരിക്കാൻ വേണ്ടിയാണ് സുരേഷ് ഗോപി അദ്ദേഹത്തെ തള്ളി മാറ്റിയത്. പിന്നീട് തന്റെ കാലിലെ മുറിവിനെക്കുറിച്ച് ആരാധകനോടു പറയുന്നുമുണ്ട്.
‘‘സിനിമ വലിയ വിജയമായി പോകുമ്പോൾ ഇങ്ങനെ ഉള്ള കാര്യങ്ങൾ സംസാരിക്കേണ്ടെന്നു വച്ചതാ. പക്ഷേ ഈ വിഡിയോ മുഴുവൻ കാണാതെ കിടന്നു സുരേഷേട്ടനെ ട്രോളുന്ന എല്ലാവർക്കും ഇതു സമർപ്പിക്കുന്നു. നിങ്ങൾ മൊത്തം ഒന്ന് കണ്ടേ, ഒപ്പം സുരേഷേട്ടന്റെ കാലുകളിൽ കൂടെ ഒന്ന് നോക്കിക്കേ. ശേഷം സുരേഷേട്ടൻ പുള്ളിയോടു പറയുന്നത് കൂടെ ഒന്ന് കാണൂ, എന്നിട്ടും മനസ്സിലാക്കാൻ പറ്റാത്തവർ ഇനി മനസ്സിലാക്കേണ്ട.’’–സുരേഷ് ഗോപി ഫാൻസ് വിഡിയോയ്ക്കൊപ്പം കുറിച്ചു.
നീതിക്കുവേണ്ടി പോരാടുന്ന പൊലീസ് ഓഫിസറുടെയും ഒരു കോളജ് പ്രഫസറുടെയും ജീവിതമാണ് ‘ഗരുഡൻ’ സിനിമയുടെ പ്രമേയം. മത്സരിച്ച് അഭിനയിക്കുന്ന സുരേഷ് ഗോപിയുടെയും ബിജു മേനോന്റെയും പ്രകടനം തന്നെയാകും പ്രധാന ആകർഷണം. കേരള ആംഡ് പൊലീസിന്റെ കമാൻഡന്റ് ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളജ് പ്രഫസറുടെ വേഷമാണ് ബിജുമേനോൻ ചെയ്യുന്നത്. ഭാര്യയും ഒരു കുട്ടിയും ഉള്ള നിഷാന്ത് ഒരു നിയമ പ്രശ്നത്തിൽ ഉൾപ്പെടുന്നതുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസിറ്റൻ സ്റ്റീഫൻ നിർമിച്ച ചിത്രത്തിന്റെ സംവിധായകൻ അരുൺ വർമയാണ്. ഹിറ്റ് ചിത്രമായ 'അഞ്ചാം പാതിര’യ്ക്കു ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്നു. മാജിക് ഫ്രെയിംസും മിഥുൻ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.