താരമല്ല, ശിഷ്യൻ; സ്വാമി നാദാനന്ദയ്ക്കൊപ്പം നിലത്തിരുന്നു ഭക്ഷണം കഴിച്ച് മോഹൻലാൽ
Mail This Article
ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ സ്വാമി അവധൂത നാദാനന്ദയുടെ ആശ്രമം സന്ദർശിച്ച് മോഹൻലാൽ. പ്രദീപ് നമ്പ്യാർ, സജീവ് സോമൻ, എഴുത്തുകാരന്‍ ആര്‍. രമാനന്ദ് എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം. ആശ്രമത്തില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെ ചിത്രങ്ങളും രാമാനന്ദ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. സ്വാമിയോടു സംസാരിക്കുകയും അദ്ദേഹത്തിനും മറ്റുള്ളവർക്കുമൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന മോഹന്‍ലാലിനെ ചിത്രങ്ങളില്‍ കാണാം.
സിനിമകളുടെ തിരക്കുകൾക്കിടയിലും യാത്ര ചെയ്യുന്നയാളാണ് മോഹൻലാൽ. പുതിയ ചിത്രമായ എമ്പുരാന്റെ ചിത്രീകരണത്തിന്റെ ഇടവേളയിലാണ് താരം ആശ്രമ സന്ദര്‍ശനം നടത്തിയത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ചിത്രീകരണം കഴിഞ്ഞ മാസം ഡൽഹിയിലും ലഡാക്കിലുമായി ആരംഭിച്ചിരുന്നു.
വടക്കെ ഇന്ത്യയിലെ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായാണ് വിവരം. ലൊക്കേഷന്‍ ഹണ്ടിനായി വീണ്ടും യുകെയില്‍ എത്തിയിരിക്കുകയാണ് പൃഥ്വിയും സംഘവും.
സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. വമ്പന്‍ ബജറ്റിൽ ഒരുങ്ങുന്ന എമ്പുരാനിൽ ആശീർവാദ് സിനിമാസിനൊപ്പം ലൈക പ്രൊഡക്‌ഷൻസും കൈകോർക്കുന്നു.
ടൊവിനോ തോമസ്, മഞ്ജു വാരിയർ, ഇന്ദ്രജിത്ത് എന്നിവർക്കൊപ്പം പുതിയ കുറച്ച് താരങ്ങൾ കൂടി എംപുരാനിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. സംഗീതം ദീപക് ദേവ്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്.