ADVERTISEMENT

തന്റെയും കാർത്തിയുടെയും വഴികൾ വ്യത്യസ്തമാണെന്ന് സൂര്യ. കൈലി ഉടുക്കുന്നതും വെള്ളമടിക്കുന്നതുമായുള്ള രംഗങ്ങൾ തനിക്കൊരിക്കലും ചെയ്യാനാകില്ലെന്നും അങ്ങനെ കഥ പറയാൻ വരുന്നവരെ കാർത്തിയുടെ അടുത്തേക്ക് പറഞ്ഞുവിടാറുണ്ടെന്നും സൂര്യ പറയുന്നു . ‘ജപ്പാൻ’ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം.

‘‘ഇരുപത് വർഷം പുറകോട്ട് പോകേണ്ടതായുണ്ട്. കമൽഹാസൻ സാറിന്റെ കൂടെ പൂജ വച്ച് ആരംഭിച്ച ചിത്രമാണ് ‘പരുത്തി വീരൻ’. സിനിമ കണ്ടിട്ട് രജനി സാറും ഒരു അനുഗ്രഹം കാർത്തിക്കു നൽകിയിരുന്നു. എല്ലാവർക്കും അവസരം ലഭിക്കുകയില്ല, ലഭിക്കുന്ന ആ സന്ദർഭത്തെ കൃത്യമായി കാർത്തി പ്രയോജനപ്പെടുത്തിയെന്നായിരുന്നു രജനി സർ പറഞ്ഞത്. കാർത്തി ഇന്ന് ഇവിടെ ഇരിക്കുന്നതിനു കാരണക്കാരായ കുറച്ചുപേരുണ്ട്. മണി സർ (മണിരത്നം), മദ്രാസ് ടാക്കീസിൽ കാല് എടുത്തു വച്ചപ്പോൾ മുതൽ അവന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചത് അദ്ദേഹമാണ്. പിന്നീട് ഞ്ജാനവേൽ, പരുത്തിവീരനെ നൽകിയ അമീർ ഇവർക്കൊക്കെയാണ് നന്ദി പറയേണ്ടത്.

തമിഴ് സിനിമയിലെ പ്രധാന സിനിമകൾ ഞങ്ങളെ കൊണ്ട് ചെയ്യാൻ പ്രേരിപ്പിച്ച നിങ്ങള്‍ ആരാധകർക്കും നന്ദി പറയണം. ഇതുപോലെയുള്ള സിനിമകൾ നിങ്ങൾ ചെയ്യണം, അതാണ് നിങ്ങളുടെ അടയാളമെന്ന് കാർത്തിക്കും എനിക്കും വഴികാട്ടി തന്ന എല്ലാവരോടും നന്ദി പറയുന്നു. അല്ലെങ്കിൽ പരുത്തിവീരനു ശേഷം ആയിരത്തിൽ ഒരുവനോ സിരുത്തയോ കാശ്മോറയോ നാൻ മഹാൻ അല്ലയോ ധീരനോ കൈതിയോ വരുകയില്ല. തമ്പി എന്ന സിനിമയിൽ പോലും ഇരുപത് ശതമാനം പുതിയ കാർത്തിയെ എനിക്ക് കാണാൻ കഴിഞ്ഞു.

എന്നെ പരിചയപ്പെടാൻ വരുന്നവരിൽ ‘സർ നിങ്ങളേക്കാളും എനിക്ക് ഇഷ്ടം കാർത്തിയെ ആണെന്ന്’ പറയുന്നവരുണ്ട്. ക്ഷേത്രങ്ങളിലും എയർപോർട്ടുകളിലും വച്ച് ആളുകൾ തന്നെ വന്ന് കണ്ട് സംസാരിക്കും. അപ്പോഴെല്ലാം അവർക്ക് എന്നേക്കാൾ കൂടുതൽ ഇഷ്ടം കാർത്തിയോടാണെന്നാണ് പറയുന്നത്. അത് കേൾക്കുമ്പോൾ എനിക്ക് അൽപം അസൂയയും സന്തോഷവും തോന്നാറുണ്ട്. ഓരോ സിനിമയ്ക്കു വേണ്ടിയും കാർത്തി നടത്തുന്ന അധ്വാനങ്ങൾ വളരെ വലുതാണ്.

ഇതിനകം അന്‍പത് സിനിമയെങ്കിലും കാർത്തിക്ക് ചെയ്യാമായിരുന്നു. പക്ഷേ, ഓരോ സിനിമയ്ക്കും അദ്ദേഹം നൽകുന്ന സമയവും പ്രയത്നവും വളരെ വലുതാണ്. അതിനാലാണ് 25 സിനിമകളിൽ എത്തി നിൽക്കുന്നത്. ആദ്യ സിനിമയായ പരുത്തി വീരനും പിന്നീട് വന്ന നാൻ മഹാൻ അല്ല എന്ന സിനിമയും രണ്ടും വ്യത്യസ്ത സിനിമകളും കഥാപാത്രങ്ങളുമാണ്. എങ്ങനെ ഇത്രയും വ്യത്യസ്തമായി കാർത്തി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്ന് ചിന്തിച്ചിട്ടുണ്ട്.

കൈലി ഉടുക്കുന്നതും തണ്ണി അടിക്കുന്നതുമൊക്കെ എനിക്കൊരിക്കലും ചെയ്യാൻ സാധിക്കില്ല. അങ്ങനെ കഥ പറയാൻ വരുന്നവരോട് കാർത്തിയുടെ അടുത്തേക്ക് പൊയ്ക്കോളാൻ പറയും. കാർത്തിയുടെ റൂട്ട് വേറെ എന്റെ റൂട്ട് വേറെ എന്ന് ഇതിനോടകം തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഒരുവർഷമായി എന്റെ സിനിമയ്ക്കു വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. നിങ്ങളെല്ലാം അക്ഷമരായി കാത്തിരിക്കുകയാണെന്ന് എനിക്ക് അറിയാം. ശിവ സാറിന്റെ കൂടെ ഒരു ഗംഭീര സിനിമയാണ് വരുന്നത്. നിങ്ങളുടെ പ്രതീക്ഷകളെ തരണം ചെയ്യുന്ന, ഒരുമിച്ച് ആഘോഷിക്കാവുന്ന സിനിമയാണ് വരാൻ പോകുന്നത്. ‘കങ്കുവ’ മനോഹരമായിട്ടുണ്ട്.’’–സൂര്യ പറഞ്ഞു.

English Summary:

Suriya at Karthi 25: ‘I used to get jealous when people liked my brother more than me’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com