എന്നെയും ദിലീപിനെയും കൊല്ലാൻ ആളെയും കൊണ്ടു വരുന്നൊരു സീൻ: ഹനീഫിനെ ഓർത്ത് ഹരിശ്രീ അശോകൻ
Mail This Article
അന്തരിച്ച നടനും മിമിക്രിതാരവുമായ കലാഭവൻ ഹനീഫിന്റെ വിയോഗം തീർത്തും അപ്രതീക്ഷിതമായിപ്പോയെന്ന് നടൻ ഹരിശ്രീ അശോകൻ. അദ്ദേഹം രോഗബാധിതനാണെന്നുപോലും ആരും പറഞ്ഞു കേട്ടില്ല. പെട്ടെന്ന് കേട്ട മരണവർത്തയുടെ ഞെട്ടലിൽ നിന്ന് ഇതുവരെ മോചിതനാകാൻ കഴിഞ്ഞിട്ടില്ലെന്ന് ഹരിശ്രീ അശോകൻ പറയുന്നു. കലാഭവനിൽ പ്രവർത്തിക്കുന്നതിന് മുൻപേ തുടങ്ങിയ സൗഹൃദമാണ് ഹനീഫിനോടുള്ളത്. ‘ഈ പറക്കും തളിക’യിൽ അദേഹത്തിന്റെ വേഷം ഹനീഫ് എന്ന നടനെ അടയാളപ്പെടുത്തിയ വേഷമായിരുന്നുവെന്നും ഹനീഫ് അത് വളരെ രസകരമായി ചെയ്തുവെന്നും ഹരിശ്രീ അശോകൻ പറയുന്നു. കലാഭവൻ ഹനീഫിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് മനോരമ ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു ഹരിശ്രീ അശോകൻ.
‘‘ഹനീഫിന്റെ മരണം അറിഞ്ഞ ഷോക്കിൽ നിന്ന് ഞാൻ ഇതുവരെ മോചിതനായിട്ടില്ല. ഞാൻ ഒരു മീറ്റിങിൽ ഇരിക്കുമ്പോഴാണ് ഈ വിവരം അറിയുന്നത്. ഹനീഫിന് സുഖമില്ല എന്നുപോലും അറിഞ്ഞില്ല. അപ്രതീക്ഷിതമായി മരണവാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. കലാഭവനിൽ പ്രവർത്തിക്കുന്നതിന് മുൻപ് തന്നെ ഞങ്ങൾ ഒരുമിച്ച് ഒരുപാട് പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. കലാഭവനിൽ ഒരുമിച്ച് ഉണ്ടായിരുന്നു. ഞാൻ കലാഭവനിൽ നിന്ന് വിട്ടതിന് ശേഷം സ്റ്റേജ് ഷോ ഒരുമിച്ച് അധികം ചെയ്തിട്ടില്ലെങ്കിലും ഞാനും ഹനീഫ്, സുദർശൻ, ജയറാം, എന്നിവരുമൊക്കെ ഒരുമിച്ച് പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. പിന്നീട ഞങ്ങൾ രണ്ടും സിനിമയിൽ വന്നു. കുറെ സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്.
ഈ അടുത്തിടെ ഞാൻ അഭിനയിച്ച ഒരു സിനിമയിൽ ഹനീഫ് ഉണ്ടായിരുന്നു. ഞങ്ങൾക്ക് കോമ്പിനേഷൻ ഉണ്ടായില്ല. മട്ടാഞ്ചേരിയിൽ ആയിരുന്നു ഷൂട്ടിങ്. ആ സമയത്ത് ഹനീഫിനെ കണ്ടിരുന്നു. അതായിരുന്നു അവസാന കൂടികാഴ്ച. ഇടയ്ക്ക് വിളിക്കാറുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച 'ഈ പറക്കും തളിക'യിൽ വളരെ രസകരമായ വേഷമാണ് ഹനീഫ് ചെയ്തത്. നല്ല ഗംഭീര വേഷമായിരുന്നു അത്. ഹനീഫ് ആ വേഷം നന്നായി ചെയ്തിരുന്നു. ഹനീഫ് എന്ന താരത്തെ അടയാളപ്പെടുത്തിയ ഒരു കഥാപാത്രമാണ് അതിലെ മണവാളൻ. സിനിമയുടെ ഒടുവിൽ എന്നെയും ദിലീപിനെയും കൊല്ലാൻ ആളെയും കൊണ്ടുവരുന്ന ഒരു സീൻ ഷൂട്ട് ചെയ്തിരുന്നു. പക്ഷേ എന്തോ കാരണത്താൽ ആ സീൻ സിനിമയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. നല്ല രസമുള്ള സംഭവമായിരുന്നു അത്.
ഹനീഫിന്റെ വിയോഗത്തോടെ നല്ലൊരു സുഹൃത്തിനെയാണ് നഷ്ടമായത്. സമയമാകുമ്പോൾ എല്ലാവരും പോയേ മതിയാകൂ. അത് ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സംഭവിക്കും. എന്റെ പ്രിയ സുഹൃത്തിന്റെ വിയോഗത്തിൽ അഗാധമായ വേദനയുണ്ട്. ഹനീഫിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.’’ –ഹരിശ്രീ അശോകൻ പറയുന്നു.