ADVERTISEMENT

‘അദൃശ്യ ജാലകങ്ങൾ’ എന്ന ചിത്രത്തിന്‍റെ താലിൻ ചലച്ചിത്ര മേളയിലെ രാജ്യാന്തര പ്രദർശനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ തന്നെ സ്വീകരിക്കാനെത്തിയ ആളെക്കണ്ട് ഞെട്ടിയെന്ന് സംവിധായകൻ ഡോ.ബിജു. നടൻ ഇന്ദ്രൻസ് ആണ് അതിരാവിലെ ബിജുവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയത്. എന്തിനാണ്‌ ഇന്ദ്രൻസേട്ടൻ ഇത്ര ബുദ്ധിമുട്ടി വന്നത് എന്ന ചോദ്യത്തിന് നിഷ്കളങ്കമായ ഒരു ചിരിയായിരുന്നു ഉത്തരമെന്ന് ബിജു സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

ഡോ.ബിജുവിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

താലിൻ ചലച്ചിത്ര മേളയിൽ നിന്നും തിരികെ എത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിക്കാനായി അതിരാവിലെ അപ്രതീക്ഷിതമായി ഒരാൾ കാത്തു നിൽക്കുന്നു. രാവിലെ 4.20നു ഫ്‌ളൈറ്റ്  ലാൻഡ് ചെയ്തപ്പോൾ തന്നെ ഫോൺ ശബ്ദിക്കുന്നു. ‘‘ഡോക്ടറെ ഞാൻ ഇവിടെ പുറത്തു കാത്തു നിൽക്കുന്നുണ്ട്’’, പ്രിയപ്പെട്ട ഇന്ദ്രൻസ് ചേട്ടൻ. അതിരാവിലെ എന്തിനാണ്‌ ഇന്ദ്രൻസേട്ടൻ ഇത്ര മിനക്കെട്ടു വന്നത് എന്ന ചോദ്യത്തിന് ഒരു ചിരി മാത്രം ആദ്യ മറുപടി. ഇത്രയും വലിയ ഒരു മേളയിൽ നമ്മുടെ സിനിമ പ്രദർശിപ്പിച്ചിട്ടു വരുമ്പോൾ സ്വീകരിക്കാൻ ആരെങ്കിലും വരണ്ടേ, ഞാൻ എന്തായാലും വീട്ടിൽ ഉണ്ടായിരുന്നു അതുകൊണ്ട് ഡോക്ടർ ഇറങ്ങുമ്പോൾ ഒന്ന് വന്നു കണ്ടിട്ട് പോകാം എന്നു കരുതി. സംവിധായകൻ വി.സി.അഭിലാഷ് ആണ് ഞാൻ വരുന്ന ഫ്‌ളൈറ്റും സമയവും ഒക്കെ ഇന്ദ്രേട്ടനെ അറിയിച്ചത്. അഭിലാഷ് ആശുപത്രിയിൽ ആയതിനാൽ എയർപോർട്ടിലേക്ക് വരാൻ പറ്റിയില്ല. ഏതായാലും വലിയ സന്തോഷം. ലോകത്തെ ഏറ്റവും പ്രശസ്തമായ ഫിയാഫ് അക്രിഡിറ്റേഷനിലെ ആദ്യ പതിനഞ്ച് എ കാറ്റഗറി മേളകളിൽ ഒന്നായ താലിനിൽ മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാള സിനിമയും ഈ വർഷത്തെ ഒരേ ഒരു ഇന്ത്യൻ സിനിമയുമായ അദൃശ്യ ജാലകങ്ങളുടെ പ്രദർശന ശേഷം തിരികെ നാട്ടിൽ എത്തിയപ്പോൾ വെളുപ്പാൻ കാലത്തു സ്വീകരിക്കാൻ കാത്തു നിന്നത് മലയാളത്തിന്റെ ഏറ്റവും വലിയ ഒരു നടൻ. എയർപോർട്ടിൽ നിന്നും  പുറത്തിറങ്ങി ഒരു തട്ടുകടയിൽ നിന്നും ചായയും കുടിച്ചു ഞങ്ങൾ യാത്രയായി. പ്രിയ ഇന്ദ്രൻസേട്ടാ ഇഷ്ടം, സ്നേഹം. ഒപ്പം വി.സി.അഭിലാഷിനോടും. കാണാൻ സാധിച്ചില്ലെങ്കിലും മനസ്സു കൊണ്ടൊരു കെട്ടിപ്പിടുത്തം.

ടൊവിനോ തോമസിനെ നായകനാക്കി ഡോ.ബിജു രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘അദൃശ്യജാലകങ്ങൾ’. താലിൻ ചലച്ചിത്ര മേളയിൽ ചിത്രം മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു. യുദ്ധത്തെ മനുഷ്യനിര്‍മിത ദുരന്തമായി ചിത്രീകരിക്കുന്ന സമകാലിക പ്രാധാന്യം കൊണ്ടും ആവിഷ്കാര മികവു കൊണ്ടും വന്‍ സ്വീകരണമാണ് ‘അദൃശ്യജാലകങ്ങൾ’ക്കു ലഭിച്ചത്. ഡോ.ബിജുവിനെക്കൂടാതെ നിര്‍മാതാവ് രാധിക ലാവു, ടൊവിനോ തോമസ് എന്നിവര്‍ എസ്തോണിയയില്‍ നടന്ന വേള്‍ഡ് പ്രീമിയറില്‍ പങ്കെടുത്തു. മൂന്ന് തവണ ഗ്രാമി പുരസ്കാരം നേടിയ റിക്കി കെജ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇന്ദ്രന്‍സ്, നിമിഷ സജയന്‍ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. രാധിക ലാവുവിന്റെ എല്ലനാര്‍ ഫിലിംസും നവീന്‍ യേര്‍നേനി, വൈ രവിശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന മൈത്രി മൂവി മേക്കേഴ്‌സും ടോവിനോ തോമസ് പ്രൊഡക്‌ഷന്‍സിനു വേണ്ടി ടോവിനോ തോമസും ചേര്‍ന്നാണ് ‘അദൃശ്യജാലകങ്ങൾ’ നിര്‍മിക്കുന്നത്.

English Summary:

Director Dr. Biju opens up about meeting with Indrans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com