ADVERTISEMENT

തമിഴ് ചിത്രം ‘അന്നപൂരണി’യുടെ പേരിലുണ്ടായ വിവാദത്തിൽ മാപ്പ് പറഞ്ഞു നയൻതാര. ഔദ്യോ​ഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ‘ജയ്ശ്രീറാം’ എന്ന തലക്കെട്ടിൽ നൽകിയ കത്തിലാണ് നയൻതാര ഖേദം പ്രകടിപ്പിച്ചത്. വിശ്വാസിയായ തന്റെ പ്രവൃത്തി ബോധപൂർവമല്ലെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും നയൻതാര പറഞ്ഞു.

‘‘ഹൃദയഭാരത്തോടെയും ആത്മാഭിമാനത്തോടെയുമാണ് ഈ കുറിപ്പെഴുതുന്നത്, അതിനു കാരണം ‘അന്നപൂരണി’ സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളാണ്. ‘അന്നപൂരണി’ എന്ന സിനിമയെടുത്തത് കച്ചവട ലക്ഷ്യത്തോടെയല്ല. അതിലുപരി ഒരു നല്ല ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമായാണ്. നിശ്ചയദാർഢ്യത്തോടെ പോരാടിയാൽ എന്തും നേടാം എന്ന രീതിയിലാണ് ആ സിനിമ ഒരുക്കിയത്.

അന്നപൂരണിയിലൂടെ ഒരു പോസിറ്റീവ് സന്ദേശം പകരാൻ ഞങ്ങൾ ആഗ്രഹിച്ചെങ്കിലും അത് ചിലരുടെ മനസ്സിനെ വേദനിപ്പിച്ചതായി ഞങ്ങൾക്ക് തോന്നി. മനഃപൂർവമായിരുന്നില്ല അത്. സെൻസർ ബോർഡ് അംഗീകരിക്കുകയും തിയറ്ററിൽ റിലീസ് ചെയ്യുകയും ചെയ്ത ഒരു സിനിമ ഒടിടിയിൽ നിന്ന് നീക്കം ചെയ്‌തത് ഞങ്ങളെ അതിശയിപ്പിച്ചു. ആരുടേയും വികാരം വ്രണപ്പെടുത്താൻ എനിക്കും എന്റെ ടീമിനും ഉദ്ദേശ്യമില്ല. കൂടാതെ ഈ വിഷയത്തിന്റെ ​ഗൗരവം എത്രമാത്രമുണ്ടെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം.

എല്ലാ ആരാധനാലയങ്ങളും സന്ദർശിക്കുന്ന ദൈവവിശ്വാസിയായ ഞാൻ ഒരിക്കലും മനഃപൂർവം ഇത് ചെയ്യുമായിരുന്നില്ല. അതിനപ്പുറം, ഏതെങ്കിലും തരത്തിൽ നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. മറ്റുള്ളവരെക്കൂടി പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് അന്നപൂരണിയുടെ യഥാർഥ ലക്ഷ്യം, അല്ലാതെ കുറ്റപ്പെടുത്തലല്ല.

പോസിറ്റീവ് ചിന്തകൾ പ്രചരിപ്പിക്കാനും മറ്റുള്ളവരിൽനിന്ന് നല്ല കാര്യങ്ങൾ പഠിക്കാനും മാത്രമാണ് ഈ 20 വർഷത്തെ സിനിമാ യാത്രയുടെ ഉദ്ദേശ്യം എന്ന് ഒരിക്കൽ കൂടി സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു.’’–നയൻതാരയുടെ വാക്കുകൾ.

മതവികാരം വ്രണപ്പെടുത്തിയെന്നും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നെന്നും ആരോപിച്ചുള്ള പരാതിയിൽ ‘അന്നപൂരണി’യുടെ അണിയറ പ്രവർത്തകർക്കും താരങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. മുംൈബ സ്വദേശി രമേഷ് സോളങ്കി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. 

ചിത്രത്തിൽ ശ്രീരാമൻ മാംസാഹാരം കഴിക്കുന്നയാളാണെന്ന പരാമർശമുണ്ടെന്നും രമേഷ് സോളങ്കി പരാതിയിൽ ആരോപിച്ചു. സംഭവം വലിയ വിവാദമായതോടെ നെറ്റ്ഫ്ലിക്സിൽനിന്നു ചിത്രം നീക്കം ചെയ്യുകയുണ്ടായി. നവാഗതനായ നിലേഷ് കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകൻ. നയൻതാര, നായകൻ ജയ്, നിലേഷ് കൃഷ്ണ, നിർമാതാക്കളായ ജതിൻ സേത്തി, ആർ. രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫിസർ ഷാരിഖ് പട്ടേൽ, നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ മേധാവി മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെയാണ് പരാതി.

English Summary:

Nayanthara apologises for 'Annapoorani' controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com