മൂന്നു കാലഘട്ടം, മൂന്നു ഭാവങ്ങൾ, ഒരൊറ്റ നടൻ; ആടുജീവിതത്തിൽ നജീബാകുന്ന പൃഥ്വിരാജ്
Mail This Article
ആടുജീവിതത്തിനുവേണ്ടി നജീബായി വേഷപ്പകര്‍ച്ച നടത്തിയ പൃഥ്വിരാജിന്റെ രൂപമാറ്റങ്ങള്‍ ചര്‍ച്ചയാകുന്നു. ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രത്തിനായി കഠിനപരിശ്രമം നടത്തിയായിരുന്നു നജീബിന്റെ വിവിധകാലഘട്ടങ്ങളിലെ വേഷപ്പകർച്ചകളിലേക്കുള്ള പൃഥ്വിയുടെ കൂടുമാറ്റം. ഇതുവരെ പുറത്തുവിട്ട മൂന്നു പോസ്റ്ററുകളില്‍ മറ്റൊന്നില്‍നിന്നും തീർത്തും വ്യത്യസ്തനായ നജീബിനെയാണ് കാണാനാവുക.
‘ആടുജീവിതം’ എന്ന നോവല്‍ വായിച്ച ഏതൊരാള്‍ക്കും മറക്കാനാവാത്തതാണ് നജീബ് കടന്നുപോയ അവസ്ഥകള്‍. ജീവിതത്തിലെ പ്രത്യാശയും പ്രതീക്ഷയും ഏതാണ്ട് അവസാനിച്ച നജീബിനെയാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്ററില്‍ കാണാനാകുക. ഒരല്പം പ്രതീക്ഷ പ്രതിഫലിക്കുന്ന കണ്ണുകളോടെയുള്ള നജീബിനെ രണ്ടാം പോസ്റ്ററിൽ പരിചയപ്പെടുത്തുന്നു. അതേസമയം മൂന്നാമത്തെ പോസ്റ്ററില്‍ ജീവിതത്തില്‍ അല്ലലില്ലാത്ത, തനിക്ക് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ദുരവസ്ഥകളെക്കുറിച്ച് അല്പം പോലും വേവലാതിയില്ലാത്ത ഊര്‍ജസ്വലനായൊരു നജീബിനെയും കാണാം. ഈ മൂന്നു വേഷപ്പകര്‍ച്ചകളും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ സാധിച്ചുവെന്നത് പൃഥ്വിരാജിനെ സംബന്ധിച്ച് വലിയൊരു അംഗീകാരമാണെന്നാണ് പ്രേക്ഷക അഭിപ്രായം.
ബെന്യാമിന്റെ രചനയില്‍ പുറത്തുവന്ന ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് സംവിധായകന്‍ ബ്ലെസ്സി ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2008 മുതല്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ബ്ലെസ്സിക്ക് ഏറെ തയാറെടുപ്പുകള്‍ക്കൊടുവില്‍, 2018-ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ സാധിച്ചത്. മലയാളസിനിമയിലെ തന്നെ ഏറ്റവുമധികം കാലം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവില്‍ കഴിഞ്ഞ വർഷം ജൂലൈ 14നാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ജോർദാൻ ആയിരുന്നു പ്രധാന ലൊക്കേഷൻ.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ.ആർ. റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ.ആർ. ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസ്. ആണ് ഛായാഗ്രഹണം, എഡിറ്റിങ്ങ് ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ്ങ്: ഒബ്സ്‌ക്യൂറ എന്റർടെയ്ൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്