ADVERTISEMENT

കളിമണ്ണ് കഥാപാത്രമാകുന്നു. ഓരോ നിമിഷവും അതുകൊണ്ട് രൂപങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. പാമ്പും മനുഷ്യനും ചിങ്കണ്ണിയും മരവുമായി ഒരുപിടി മണ്ണ് ഉടനുടന്‍ കഥാപാത്രങ്ങളായി മേശമേല്‍ അണിനിരക്കുന്നു. തന്റെ കൈവഴക്കത്തില്‍ മണ്ണ് കഥകള്‍ പറയുന്നതോടൊപ്പം ചോട്ടി ഘോഷ് എന്ന നടി സ്വയമൊരു മരമായും കണ്ടലായും നദിയായും അരങ്ങില്‍ നിറയുന്നു. അരങ്ങില്‍ ചവുട്ടി ക്കുഴയ്ക്കുന്ന മണ്ണില്‍ പതിയുന്ന ആദ്യ കാല്‍പ്പാട് ബംഗാള്‍ കടുവയുടേതാണെന്ന് കാണികളെക്കൊണ്ടുതന്നെ പറയിപ്പിച്ചശേഷം അതിലൂടെ ബംഗാളിന്റെയും ബംഗാളിലെ സുന്ദരവനം എന്ന സുന്ദര്‍ബന്‍ എന്ന പ്രദേശത്തിന്റെയും കഥ പറയുകയാണ് മാട്ടി കഥയെന്ന നാടകത്തിലൂടെ ഡല്‍ഹി സംഘം.

അക്ഷരാര്‍ഥത്തില്‍ മണ്ണില്‍ ചവുട്ടി നിന്നുകൊണ്ടാണ് ഇറ്റ് ഫോക് എന്ന രാജ്യാന്തര നാടകോത്സവത്തിന് ഇന്നലെ തൃശൂരില്‍ അരങ്ങുണര്‍ന്നത്.ചവുട്ടിനില്‍ക്കാന്‍ ഒരുതരി മണ്ണുപോലും ഇല്ലാത്തവന്റെതായി ലോകം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയോടുള്ള പ്രതികരണങ്ങളായിരിക്കും ഇത്തവണ നാടകോത്സവത്തിന്റെ മുഖമെന്ന് സൂചന നല്‍കുമ്പോഴാണ് കൈപ്പിടിയിലുള്ള മണ്ണും സംസ്കാരവും സംരക്ഷിക്കാനുള്ള ശ്രമമായി മാട്ടി കഥ ഉദ്ഘാടന നാടകമാകുന്നത്. ബംഗാളിന്റെയും ബംഗ്ളദേശിന്റെയും അതിര്‍ത്തിമേഖലയിലുള്ള സുന്ദരവനം ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാട് പ്രദേശമാണ്. 

ഗംഗയും ബ്രഹ്മപുത്രയും ബംഗ്ളദേശിലെ മേഘ്ന നദിയുമെല്ലാം ചുറ്റിവളഞ്ഞൊഴുകുന്ന സുന്ദരവനത്തിന്റെ കഥയാണ് മാട്ടി കഥ.കളിമണ്ണുകൊണ്ട് പാവകള്‍ ഉണ്ടാക്കുന്ന അന്നാട്ടുകരുടെ കലാപാരമ്പര്യം, നാടോടിക്കഥകള്‍, ഐതിഹ്യങ്ങള്‍, ജീവിതം..എല്ലാം ഒരു മണിക്കൂറിലെ അരങ്ങിലെ പ്രകടനം കൊണ്ട് വെളിവാകുന്നു. ജാത്രാ പാലയെന്ന നാടോടി കലാപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഗ്രാമീണ നാടകവേദിയും പഴങ്കഥകളും വിശ്വാസങ്ങളുമെല്ലാം ഇടകലര്‍ന്നൊഴുകുന്ന ഒരു പ്രദേശത്തെ ലോകത്തിനു മുന്നില്‍ അറിയിക്കുകയാണീ നാടകസംഘം. ഒപ്പം കളിമണ്‍പാവ നിര്‍മാണം അടക്കമുള്ളവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പരോക്ഷമായി അറിയിക്കുകയും ചെയ്യുന്നു. ഭാട്ടിയാലി, ബാവുള്‍,ത്സുമാര്‍ തുടങ്ങിയ ബംഗാളി സംഗീതത്തിന്റെ അകമ്പടിയോടെയാണ് നാടകം പുരോഗമിക്കുന്നത്.സുന്ദരവനമെന്ന പ്രദേശത്തിന്റെ കഥ പറയുന്നതിലൂടെ എവിടെയുമുള്ള പ്രകൃതിയുടെയും മനുഷ്യന്റെയും അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥ തന്നെയാണ് വിരിയിക്കുന്നത്. ഡല്‍ഹിയിലെ ട്രാം ആര്‍ട്സ് ട്രസ്റ്റ് അവതരിപ്പിച്ച നാടകത്തിന്റെ സംവിധാനത്തില്‍ പ്രധാന അഭിനേതാവയ ചോട്ടി ഘോഷിനൊപ്പം ഇടയ്ക്കിടെ രംഗത്തെത്തുന്ന മുഹമ്മദ് ഷമീമുമുണ്ട്.

itl
അപത്രി ദാസ് എന്ന നാടകത്തിൽ നിന്ന്

അരങ്ങില്‍ വച്ചിരിക്കുന്ന കളിമണ്ണ് കാലുകൊണ്ട് കുഴച്ചുതന്നെയാണ് നാടകം ആരംഭിക്കുന്നത്. പിന്നീടത് പല കണ്ടല്‍വന തുരുത്തുകളാകുന്നു.വൈകാതെ അവ പല ജീവികളുടെ രൂപമായി മാറുന്നു.ഈ പാവകള്‍ കൊടുങ്കാറ്റിനോടും പേമാരിയോടും കടലിനോടുമെല്ലാം പൊരുതുന്ന മനുഷ്യരും മരങ്ങളുമെല്ലാമായി മാറുന്ന വ്യത്യസ്തമായ കാഴ്ചകളാണ് പിന്നീട്. ഇതിനിടയില്‍ കാണികളിലൊരാളുടെ ശില്‍പം കളിമണ്ണില്‍ തീര്‍ത്ത് കയ്യടി നേടി കാണികളോടു കൂട്ടുകൂടുന്നുമുണ്ട് നടി. കാഴ്ചക്കാര്‍ക്കുകൂടി പങ്കടുക്കാവുന്ന രീതിയില്‍ സംഗീതത്തെ വഴിമാറ്റുന്നുമുണ്ട്.ഒരു മേശമേല്‍ സ്ഥാനം മാറുന്ന പാവകള്‍ക്കൊപ്പം ഓരോ നിമിഷവും ചോട്ടി ഘോഷ് എന്ന നടിയും അഭിനയത്തിന്റെ പല തലങ്ങളിലേക്കു കടക്കുന്നു. രണ്ടു ദ്വാരങ്ങളുള്ള ഒരു കഷണം കളിമണ്ണിനുള്ളിലൂടെ പാവകളിലേക്കു ടോര്‍ച്ചടിച്ചുകൊണ്ട് ആഞ്ഞടിക്കുന്ന കൊടുങ്കാറ്റും തിരയുമെല്ലാം ഒരുക്കുന്ന വൈഭവം കാഴ്ചക്കാര്‍ ഏറ്റെടുത്തത് നിറഞ്ഞ കയ്യടിയോടാണ്. 

itt4
മാട്ടി കഥയിൽ നിന്ന്

. അപത്രിദാസ് -പ്രസ്താവനയാണോ നാടകം..?

യുദ്ധവും വംശീയതയും സംഘര്‍ഷവുമെല്ലാം അഭയാര്‍ഥികളാക്കുന്ന ലോകമെങ്ങുമുള്ള മനുഷ്യന്റെ കഥയാണ് ബ്രസീലിയന്‍ സംഘം അവതരിപ്പിച്ച പോര്‍ച്ചുഗീസ് നാടകമായ അപത്രിദാസ്. ജീവിക്കാന്‍ ഒരുപിടി മണ്ണില്ലാത്തവരുടെ, എവിടെയും നിരാസം നേരിടുന്നവന്റെ വേദന. ഗ്രീക്ക് പുരാണത്തിലെ പ്രൊമിത്യൂസും ഹെര്‍ക്കുലീസും അടക്കമുള്ള നാലു കഥാപാത്രങ്ങഴില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് നാല് അഭിനേതാക്കള്‍ അരങ്ങത്തെത്തിയാണ് അപത്രിദാസ് പൂര്‍ത്തിയാക്കുന്നത്. വ്യത്യസ്ത സമയങ്ങളില്‍ ഇവര്‍ നാലുപേരും അരങ്ങത്തെത്തി ഡയലോഗുകള്‍ പറഞ്ഞുപോകുന്നതാണോ നാടകമെന്ന സംശയം ചിലരിലെങ്കിലും അവശേഷിപ്പിച്ചാണ് അപത്രിദാസ് പൂര്‍ണമാകുന്നത്.ഒരുമ, സമാധാനം,ദൃഢവിശ്വാസം (എന്‍സെംബിള്‍, പീസ്, കോണ്‍ഫിഡന്‍സ്) എന്നതാണ് ഇത്തവണത്തെ നാടകോത്സവത്തന്റെ ടാഗ് ലൈന്‍. 

itt
മാട്ടി കഥയിൽ നിന്ന്

ജര്‍മന്‍ നാടകക്കാരന്‍ ബെര്‍ത്തോള്‍ഡ് ബ്രെത്തിന്റെ 125-ാം ജന്മവര്‍ഷമാണിത്. അദ്ദേഹത്തിന്റെ നാടകസംഘത്തിന്റെ പേരായിരുന്നു എന്‍സെംബിള്‍. അപത്രിദാസ് എന്നതടക്കം ഇവിടെ അവതരിപ്പിക്കുന്ന എല്ലാ നാടകങ്ങളും ആ നിലയ്ക്ക് ഒരുമയുടെ അടയാളങ്ങളാണ്. പല രാജ്യത്തിന്റെ, പല സംസ്കാരത്തിന്റെ, പല ഭാഷയുടെ, പല സങ്കേതങ്ങളുടെ, ഇഷ്ടപ്പെടലുകളുടെ, ഇഷ്ടപ്പെടായ്കകളുടെ..എല്ലാം ഒരുമ. സ്വീകരിക്കലും സ്വീകരക്കായ്കകളും ഒരുമയായി മാറും, മാറണം. അതാണ് സമാധാനം, ദൃഢവിശ്വാസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com