ADVERTISEMENT

അരണാട്ടുകര സ്കൂൾ ഓഫ് ഡ്രാമ ക്യാംപസിന്റെ പിൻഭാഗത്തെ അതിരിലേക്ക് എത്തുമ്പോൾത്തന്നെ സായംസന്ധ്യയുടെ ഈണവുമായി കാറ്റ് വട്ടമിട്ടു കളിക്കുന്നുണ്ടായിരുന്നു. തൊട്ടുപിന്നില്‍ മണിനാടന്‍ കോളിന്റെ ഭാഗമായുള്ള കാടച്ചാലിൽ വെള്ളം നിറഞ്ഞുകിടക്കുന്നു. ചാലിലെ വെള്ളം നിശബ്ദമായിരുന്നെങ്കിലും ഒരു മതിൽക്കെട്ടിനിപ്പുറത്തെ അരങ്ങിൽ കടൽവെള്ളത്തിന്റെ നേരിയ അലകളുടെ സംഗീതം ഒഴുകിക്കൊണ്ടേയിരുന്നു. ഈ ഈണത്തിലേക്ക് നൃത്തംവച്ചാണ് കടലലകളായി അഭിനേതാക്കൾ ഒഴുകിയെത്തിയത്. തൊട്ടുപിന്നാലെ കുഞ്ഞുമത്സ്യങ്ങളായി മറ്റൊരു കൂട്ടം നടീനടന്മാരും. ഇവിടെ ലക്ഷദ്വീപിന്റെ ചെറുരൂപം ഒരുങ്ങുകയാണ്. കാറ്റും മരങ്ങളും കോൾച്ചാലുമെല്ലാം കെട്ടുപിണഞ്ഞുകിടക്കുന്ന ക്യാംപസിന്റെ നെഞ്ചിലേക്ക് ദ്വീപ് സൗന്ദര്യത്തിന്റെ ചെറുരൂപം കൊണ്ടുവരുന്നതോടെ ഒൽമാരം ഉയരുകയായി, ഉറാവിയ എന്ന പെൺകുട്ടിയുടെ കുഞ്ഞുശബ്ദം കേൾക്കുകയായി. 

ഞാനും പോട്ടെ ബാപ്പ ഒൽമാരം കാണുവാൻ എന്ന നാടകം തുറന്ന വേദിയിൽ കുഞ്ഞലകളാകുകയായി. രാജ്യാന്തര നാടകോത്സവമായ ഇറ്റ്ഫോക്കിന്റെ വേദികളിലൊന്നായ ക്യാംപസിൽ ലക്ഷദ്വീപിന്റെ മായികഭംഗി ഒരുക്കിയത് അതേ ക്യാംപസിലെ നാല്‍പത്തിനാലോളം നാടക വിദ്യാർഥികൾത്തന്നെ. സൂഫി സംഗീതത്തിന്റെ മണമുള്ള ലക്ഷദ്വീപിലെ നാടോടി ഗാനത്തിന്റെ ആവിഷ്കാരത്തിലൂടെ അന്നാട്ടുകാരുടെ ജീവിതം പറയുകയാണ് നാടകം. ഒപ്പം ഒരു പെണ്ണിന്റെ വേദനയും ചില ചോദ്യങ്ങളും. മഴനീറ്റില്‍ മുളച്ച് ദ്വീപിൽ ഉയർന്നുനിൽക്കുന്ന ഒൽമാരം കാണാൻ അകലെ ദ്വീപുകളിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നു പോലും ആളുകളെത്തുന്നു. ഉറാവിയയ്ക്കും അതൊന്നു കാണാൻ ആഗ്രഹം. ഏറെ നാളുകൾക്കുശേഷം വീട്ടിൽ മടങ്ങിയെത്തിയ ബാപ്പയോട് അവൾ ആഗ്രഹം പറഞ്ഞു. കൂവുന്ന കോഴിയുടെ കൂവൽ കേൾക്കാതെയും വള്ളിപ്പടർപ്പുകൾ കാലിൽ ചുറ്റാതെയും ആരുടെ മണ്ണിലും അമർന്നു ചവിട്ടാതെയും പൊയ്ക്കോളാൻ ബാപ്പയുടെ അനുമതി. 

ഭീമൻ മരമായ ഒൽമാരത്തെ എല്ലാവരും താഴെനിന്ന് കാണുമ്പോൾ അതിനുമുകളിൽ കയറി താഴെയുള്ള ദൃശ്യം കാണുകയാണ് ഉറാവിയയും അവളുടെ ഉറ്റചങ്ങാതിയായ ചെറുമരം കുഞ്ഞിയും. ഇതിനിടെ ഉറാവിയ ഒൽമാരത്തിന്റെ കായ തിന്നുന്നു. അതോടെ അവൾ ഗർഭിണിയായി. ഒരു പെൺകുഞ്ഞിന്റെ അമ്മയായി മാറിയ അവളെ ആരും വിവാഹം ചെയ്യാൻ എത്താതിരുന്നതോടെ കുഞ്ഞിനെ കൊല്ലാൻ വീട്ടുകാർ അടക്കമുള്ളവർ നിർബന്ധിക്കുന്നു. എന്നാൽ അതിനു തയാറില്ലെന്ന ധീര തീരുമാനത്തിൽ അവൾ ജീവിക്കാൻ ഒരുങ്ങുമ്പോൾ ഇവർക്കു ജീവിക്കാൻ സുരക്ഷിതമായ ഇടമൊരുങ്ങുന്നിടത്ത് ഒൽമാരം പൂർണമാകുന്നു. ഈ ഇടം ചന്ദ്രക്കലയുടെ ആകൃതിയുള്ള ഓടമാണ്. ഈ ഓടം ഉയര്‍ന്നുപോകുകയാണ്. ആകാശത്തിലേക്ക്.നാടോടി ഗാനത്തെ പെണ്‍കണ്ണിലൂടെ കണ്ട് ആ പക്ഷത്തേക്ക് ഉയര്‍ത്തി സവിധാനം ചെയ്തിരിക്കുന്നത് സ്കൂൾ ഓഫ് ഡ്രാമയിലെ അസി.പ്രഫസറായ നജ്മുല്‍ ഷാഹിയാണ്. നജ്മുലിന്റെ ഭർത്താവുകൂടിയായ പ്രശസ്ത കവിയും എഴുത്തുകാരനുമായ അന്‍വര്‍ അലിയുടേതാണ് രചന.ആദികാലം മുതലേയുള്ള പാപത്തിന്റെ കനി എന്ന സങ്കല്‍പത്തിലാണ് ഇവിടെ ഒല്‍മാരത്തിന്റെ കായ ഉയര്‍ന്നുവരുന്നത്. 

drama34
ഞാനും പോട്ടേ ബാപ്പ ഒൽമാരം കാണുവാൻ എന്ന നാടകത്തിൽ നിന്നും

എവിടെയും എപ്പോഴും ആരെയും വീഴ്ത്തുന്ന കനി. വെറുമൊരു മരത്തിനപ്പുറം ഒൽ‌മാരം പുതിയ കാലത്ത് മറ്റെന്തെങ്കിലും ഓർമിപ്പിക്കുന്നുണ്ടെങ്കിൽ അത് ഈ നാടകത്തിന്റെ രണ്ടാമത്തെ അടരാണ്. പെൺകുഞ്ഞുമായുള്ള ഉറാവിയയുടെ പോരാട്ടം മറ്റൊരു കാഴ്ചയും സമൂഹത്തോടുള്ള ചോദ്യവും. നാടകത്തിന്നൊടുവില്‍ ഉറാവിയയുടെ കുഞ്ഞിനൊപ്പം നടിമാരെല്ലാം ചോദിക്കുന്നുണ്ട് ഒല്‍മാരം കാണാന്‍ പോകട്ടെയെന്ന്. പക്ഷേ അവരുടെ ചോദ്യം ബാപ്പയോടല്ല, ഉമ്മയോടാണ്. ചിറയ്ക്കലും കോഴിക്കോട്ടുമെല്ലാം ചെന്ന് കുഞ്ഞിനെ കൊല്ലട്ടേയെന്നു ചോദിച്ചിട്ടും മറുപടി കിട്ടാതായതോടെ ഡല്‍ഹിയില്‍ വരെ ആളെവിട്ടു ചോദിച്ചു എന്നതിലൂടെ മിത്തിനെ പുതിയ കാലത്തിലേക്ക് പരിഷ്കരിക്കുകയാണ് നാടകകൃത്ത് അന്‍വര്‍ അലി. 

ക്യാംപസിന്റെ സ്വാഭാവിക ഭൂപ്രകൃതിയിലെ നിഷ്കളങ്കമായ അരങ്ങുതന്നെ കാണികളെ ദ്വീപ് സൗന്ദര്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു എന്നതാണ് ഈ നാടകത്തോടുള്ള ആദ്യ പ്രണയം. കോൾച്ചാലിനപ്പുറത്തെ ഇടവിട്ടുള്ള പച്ചപ്പും രാത്രിയിലെ കുഞ്ഞുവെളിച്ചവും ലക്ഷദ്വീപ് സമൂഹത്തിലെ മറ്റ് ദ്വീപുകളുടെ കാഴ്ച പോലെ തോന്നിപ്പിക്കുന്നു. അരങ്ങ് പുരോഗമിക്കുമ്പോൾ അറിയാതെ വന്ന അതിഥിപോലെ അങ്ങകലെ മാനത്ത് പൊട്ടിവിരിഞ്ഞ അമിട്ടുപോലും നാടകത്തിന്റെ മനസ്സായി മാറി. കടലില്‍ പോകുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരപകടവും കൂടാതെ തിരിച്ചെത്തിക്കണേയെന്ന പ്രാര്‍ഥനപോലെ കാറ്റിനെ പിടിച്ച് കടലില്‍ എറിയുകയാണിവര്‍. കടലില്‍ എറിയുന്ന ലങ്കിണിക്കാറ്റ് ഒരു താരാട്ടുപാട്ടുപോലെ നേരെ വന്ന് കാഴ്ചക്കാരുടെ ഉള്ളില്‍ വട്ടംകറങ്ങുകയാണ്. കോറസും പ്രധാന കഥാപാത്രമാകുന്ന നാടകത്തിൽ ഡോ.ഷിബു എസ്.കൊട്ടാരത്തിന്റെ നേതൃത്വത്തിലുള്ള സെറ്റ് ഡിസൈനിങ്ങും ശ്രദ്ധേയമാണ്.

drama-45
ലെ ഫൗ എന്ന നാടകത്തിൽ നിന്നും

. ലെ ഫൗ - ഒരു ഉന്മാദ കഥ 

ഒരു രാജ്യത്ത് ഒരു രാജാവും പ്രധാനമന്ത്രിയും ഉണ്ടായിരുന്നു. നഗരത്തിനു നടുവിലുള്ള കിണറ്റിൽ നിന്നാണ് ആ നാട്ടിലെ എല്ലാവരും കുടിവെള്ളം ശേഖരിച്ചിരുന്നത്. കാരണം അതായിരുന്നു അവരുടെ ഏക ജലസ്രോതസ്. ഒരു ദിവസം ഒരു യക്ഷി ആ കിണറ്റിൽ ഏഴു തുള്ളി വിഷം കലക്കി. ഇതു കുടിച്ച അന്നാട്ടിലെ മനുഷ്യരെല്ലാവരും ഉന്മാദികളായി. രാജാവും പ്രധാനമന്ത്രിയും ആ വെള്ളം കുടിച്ചിരുന്നില്ല. ഉന്മാദികളായിത്തീർന്ന ജനം പറഞ്ഞു - നമ്മുടെ രാജാവിനും പ്രധാനമന്ത്രിക്കും ഭ്രാന്താണ്. അവരെ ഉടൻ സ്ഥാനഭ്രഷ്ടരാക്കണം. പിറ്റേന്ന് രാജാവും പ്രധാനമന്ത്രിയും ആ വെള്ളം കുടിച്ചു. അതോടെ അവർക്കു മനസിലായി എന്തുകൊണ്ടാണ് ജനം ' സാധാരണ' പോലെ ചിന്തിക്കുന്നതെന്ന്...ഇറ്റ്ഫോക്കിൽ അരങ്ങേറിയ തുണീഷ്യൻ നാടകമായ ലെ ഫൗ ഭ്രാന്തിന്റെയും ഭ്രമകൽ പനയുടെയും സ്വാതന്ത്ര്യത്തിന്റെയും സ്വതന്ത ചിന്തയുടെയും ഒറ്റപ്പെടലിന്റെയും തകർക്കലിന്റെയും നന്മ തിന്മകളുടെ വിവേചനത്തിന്റെയും ആവിഷ്കാരമാണ്. 

drama-4
ലെ ഫൗ എന്ന നാടകത്തിൽ നിന്നും

ലെബനീസ് - അമേരിക്കന്‍ എഴുത്തുകാരനും കവിയുമായ ഖലീൽ ജിബ്രാന്റെ മാഡ് മാന്‍ എന്ന കവിതയെ ആസ്പദമാക്കിയുള്ള നാടകത്തിൽ അയഞ്ഞ വെള്ളക്കുപ്പായം പോലും ഉള്ളടക്കം ആവശ്യപ്പെടുന്ന നാടകോപകരണമാകുന്നു. അഭിനേതാക്കൾ വളരെ കുറച്ചു മാത്രമേ സംസാരിക്കുന്നുള്ളൂ. ഒഴുകി വരുന്ന പശ്ചാത്തല വിവരണത്തിനേക്കാളേറെ അഭിനേതാക്കളുടെ നടനം കാര്യങ്ങൾ പറഞ്ഞുറപ്പിക്കുന്നു. അധികൃതർക്കെതിരെ ഉയരുന്ന ചോദ്യങ്ങൾ കൂടിയാണ് നാടകം. രാജാവും പ്രധാനമന്ത്രിയും ഉന്മാദവുമെല്ലാം എല്ലാ കാലത്തും എല്ലാ നാടിന്റെയും രാഷ്ട്രീയ സാംസ്കാരിക ചോദ്യങ്ങളും ഉത്തരങ്ങളും അനുബന്ധങ്ങളുമായി മാറുന്നു. അഭിനേതാക്കളെ ചിന്തകളുടെ കൂട്ടിലടയ്ക്കുന്ന സുതാര്യമായ മറകളും ദീപത്തെളിച്ചവും അടക്കമുള്ളവ വ്യത്യസ്തതയുളള നാടക ഭാഷയൊരുക്കുന്നു.തുണീഷ്യന്‍ നാടകരംഗത്തിനു പുത്തന്‍ ഊര്‍ജം നല്‍കിയ എണ്‍പതുകാരനായ തൗഫീക്ക് ജെബാലിയാണ് സംവിധാനം.

English Summary:

ITFOK 2024 Special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com