തുടർച്ചയായ നാലാം പരാജയത്തിലേക്ക് ദേവരകൊണ്ട; ‘ഫാമിലി സ്റ്റാർ’ കലക്‌ഷൻ റിപ്പോർട്ട്
Mail This Article
വിജയ് ദേവരകൊണ്ട ചിത്രം ഫാമിലി സ്റ്റാറിന് ബോക്സ്ഓഫിസിൽ അടിപതറുന്നു. ആദ്യദിനത്തിൽ താരത്തിന്റെ ആരാധകർ സിനിമയുടെ റിലീസ് ആഘോഷമാക്കിയെങ്കിലും പിന്നീടു വന്ന മോശം റിപ്പോർട്ടുകൾ കലക്‌ഷനെ ബാധിച്ചു. 54 ശതമാനം കുറവാണ് വരും ദിവസങ്ങളിൽ കലക്‌ഷനിൽ വന്ന കുറവ്. കേരളത്തിലും ചിത്രം പൂർണമായും പരാജയമായി മാറി.
ആദ്യ ദിനം തെലുങ്കിൽ നിന്നും 5.55 കോടിയാണ് സിനിമയ്ക്കു ലഭിച്ചത്. തമിഴ്നാട്ടിൽ നിന്നും വെറും 20 ലക്ഷവും. രണ്ടാം ദിനം 3.45 കോടി, മൂന്നാം ദിനം 3.1 കോടി. ഇതുവരെ സിനിമ ഇന്ത്യയിൽ നിന്നും നേടിയത് 13.72 കോടിയാണ്. ആഗോള കലക്‌ഷൻ 23.2 കോടിയും.
ഒരാഴ്ച മുമ്പിറങ്ങിയ ഗോഡ്സില്ലയും ആടുജീവിതവും ഈ ദിവസങ്ങളിലും ഒരു കോടി അൻപത് ലക്ഷത്തിനു മുകളിൽ കലക്‌ഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ അഞ്ചിനാണ് ഫാമിലി സ്റ്റാർ തിയറ്ററുകളിലെത്തിയത്.
ഇതേ സ്ഥിതി തുടരുകയാണെങ്കിൽ കരിയറിലെ മറ്റൊരു ഫ്ലോപ്പ് കൂടി വിജയ് േദവരകൊണ്ടയുടെ പേരിലാകും. വിജയ്‌യുടെ കഴിഞ്ഞ ചിത്രങ്ങളെല്ലാം ബോക്സ്ഓഫിസി്‍ ബോംബ് ആയിരുന്നു.
70 കോടി മുടക്കി എത്തിയ ഖുഷി എന്ന സിനിമയും കഷ്ടിച്ചാണ് മുടക്കു മുതൽ തിരിച്ചുപിടിച്ചത്. പക്ഷേ തിയറ്ററിൽ ചിത്രം പരാജയമായി. 100 കോടി മുടക്കിയെത്തിയ ലിഗർ ദുരന്തമായിരുന്നു.
വിജയ് ദേവരകൊണ്ടയുടെ ഹിറ്റ് സിനിമയായ ‘ഗീതാഗോവിന്ദ’ത്തിന്റെ സംവിധായകൻ പരശുറാം ആണ് ഫാമിലി സ്റ്റാറും ഒരുക്കിയത്. പക്ഷേ കാലഹരണപ്പെട്ട കഥയാണ് സിനിമയ്ക്കു വിനയായതെന്നാണ് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്.
അതേസമയം ചിത്രത്തിനെതിരെ സംഘടിത നെഗറ്റീവ് ക്യാംപെയ്ന്‍ നടക്കുന്നുവെന്ന് ആരോപിച്ച് നിര്‍മാതാക്കള്‍ സൈബര്‍ സെല്ലിന് പരാതി നല്‍കി. വിജയ് ദേവരകൊണ്ടയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന്റെ പേരിലും പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.