റീമേക്ക് ചെയ്തോളൂ പക്ഷേ, അൽപം കൂടി മാന്യത ആകാം; ‘ബാംഗ്ലൂർ ഡെയ്സ്’ റീമേക്കിനെതിരെ ആരാധകർ
Mail This Article
അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സിന്റെ ഹിന്ദി പതിപ്പിനെതിരെ ആരാധകർ. റീമേക്കിന്റെ പേരിൽ സിനിമയെ വികലമാക്കരുതെന്ന് ആവശ്യപ്പെട്ടാണ് സമൂഹമാധ്യമങ്ങളിൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെതിരെ ആരാധകർ രംഗത്തെത്തിയത്. ഹിന്ദി പതിപ്പിലെ ഒരു രംഗം സമൂഹമാധ്യമത്തിൽ വൈറലായതോടെയാണ് റീമേക്കിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നത്.
ഫഹദ് അവതരിപ്പിച്ച ദാസ് എന്ന കഥാപാത്രം അറിയാതെ കസിൻസിനൊപ്പം കറങ്ങാൻ പോയ നസ്രിയയെ കയ്യോടെ പൊക്കുന്ന രംഗം ഹിന്ദിയിൽ ചിത്രീകരിച്ചതു കണ്ടാണ് ആരാധകർ രൂക്ഷ വിമർശനം ഉയർത്തിയത്. കസിൻസ് തമ്മിലുള്ള ആത്മബന്ധത്തെയും സൗഹൃദത്തെയും ആഘോഷിക്കുന്ന സിനിമയെ റീമേക്ക് ചെയ്ത് വികലമാക്കിയെന്ന് ആരാധകർ ആരോപിക്കുന്നു. ആ കഥാപാത്രങ്ങൾ സഹോദരങ്ങളാണെന്ന് ഓർക്കാത്ത തരത്തിലുള്ള ചിത്രീകരണം ആയിപ്പോയെന്നും ആരാധകർ ചൂണ്ടിക്കാട്ടി. എക്സ് പ്ലാറ്റ്ഫോമിൽ ചിത്രത്തിലെ ആ രംഗം വൈറലാണ്.
കഴിഞ്ഞ വർഷം യാരിയാൻ 2 എന്ന പേരിലാണ് ബാംഗ്ലൂർ ഡെയ്സിന്റെ ഹിന്ദി പതിപ്പ് ഇറങ്ങിയത്. രാധിക റാവു, വിനയ് സ്പറു എന്നിവർ സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളി താരങ്ങളായ അനശ്വര രാജനും പ്രിയ വാര്യരും അഭിനയിച്ചിരുന്നു. മുംബൈ പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയിൽ ദിവ്യ ഖോസ്‍ല കുമാർ, യഷ് ദാസ്ഗുപ്ത, മീസാൻ ജാഫ്രി, പേൾ വി. പുരി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളായെത്തിയത്.