റി–റിലീസിനൊരുങ്ങി മണിച്ചിത്രത്താഴ്; ട്രെയിലർ എത്തി
Mail This Article
മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് വീണ്ടും റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ റിമാസ്റ്റർ ചെയ്ത പതിപ്പ് ഓഗസ്റ്റ് 17ന് പുറത്തിറങ്ങും. ഫോർ കെ ദൃശ്യമികവോടെ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു.
ഇഫോർ എന്റർടെയ്ൻമെന്റ്സും മാറ്റിനി നൗവും ചേർന്നാണ് സിനിമയുടെ പുതിയ പതിപ്പ് തിയറ്ററിലെത്തിക്കുന്നത്. 1993ൽ പുറത്തിറങ്ങിയ ചിത്രം ഫാസിലാണ് സംവിധാനം ചെയ്തത്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, തിലകൻ, ഇന്നസെന്റ്, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങിയ മലയാളികളുടെ പ്രിയതാരങ്ങൾ ഒരുമിച്ചെത്തിയ സിനിമ ഇറങ്ങിയ കാലം മുതൽ നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും നേടിയ ഒന്നാണ്. ചിത്രത്തിലെ സംഭാഷണങ്ങൾ വരെ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.
മണിച്ചിത്രത്താഴിലെ പ്രകടനത്തിന് ശോഭനയ്ക്ക് ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ഏറ്റവും നല്ല ജനപ്രീതിയുള്ള ചിത്രത്തിനുള്ള ദേശീയ–സംസ്ഥാന പുരസ്കാരങ്ങളും മണിച്ചിത്രത്താഴ് നേടി. തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. എല്ലാ പതിപ്പുകളും ഗംഭീര വിജയം നേടിയിരുന്നു.
മോഹൻലാൽ നായകനായെത്തിയ ദേവദൂതൻ റി–റീലിസിനൊരുങ്ങുന്ന സമയത്താണ് മണിച്ചിത്രത്താഴും വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്.