ADVERTISEMENT

മോഹൻലാലിന്റെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് ചില കോണുകളിൽ നിന്നും വലിയ വിമർശമാണ് ഉയരുന്നത്. ഇപ്പോഴിതാ അത്തരം വിമർശനങ്ങൾക്കു മറുപടിയുമായി എത്തുകയാണ് എഴുത്തുകാരനായ സന്ദീപ് ദാസിനെപ്പോലുള്ള ആളുകൾ. വയനാടുകാരുടെ ദുഃഖം പൂർണമായും മാറ്റാൻ അദ്ദേഹത്തിന് കഴിയില്ലായിരിക്കും. പക്ഷേ അവർക്ക് ചെറിയൊരു ആശ്വാസം പകരാൻ മോഹൻലാലിനു സാധിക്കുമെന്ന് സന്ദീപ് ദാസ് പറയുന്നു.

സന്ദീപ് ദാസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് വായിക്കാം:

വയനാടിന്റെ മണ്ണിൽ മോഹൻലാലിനെ കണ്ടപ്പോൾ എനിക്ക് സന്തോഷമാണ് തോന്നിയത്. പക്ഷേ സോഷ്യൽ മീഡിയയിലെ ചിലർ ലാലിനെ വെറുപ്പുകൊണ്ട് പൊതിയുകയാണ്.

ലാൽ കാണിക്കുന്നത് ‘ചീപ്പ് ഷോ’ ആണെന്ന് കുറേപ്പേർ അഭിപ്രായപ്പെടുന്നു. ലാലിന്റെ പട്ടാള യൂണിഫോമിൽ ചെളി പുരണ്ടില്ല എന്ന് ചിലർ വിമർശിക്കുന്നു! ‘‘ഇയാൾ അവിടെപ്പോയിട്ട് എന്ത് കാട്ടാനാണ്’’ എന്ന ചോദ്യം ഉന്നയിക്കുന്നു.

മോഹൻലാലിന് മറ്റുള്ള സൈനികരെപ്പോലെ പ്രവർത്തിക്കാൻ കഴിയില്ല എന്ന കാര്യം എല്ലാവർക്കും അറിയാം. കണ്ണുനീർകൊണ്ട് പ്രളയമുണ്ടായ പ്രദേശത്ത് ഒരു ചെറുപുഞ്ചിരി വിരിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാൽ വയനാട് സന്ദർശിച്ചത്. അതിനെ പോസിറ്റീവ് ആയിട്ടല്ലേ സമീപിക്കേണ്ടത്?

ദുരന്തഭൂമിയിൽനിന്നുള്ള ഒരു ഫോട്ടോ കഴിഞ്ഞദിവസം  കണ്ടിരുന്നു. ഒരു ചെറിയ വീടിന്റെ ഉമ്മറത്ത് ഒരു കൂട്ടം ജവാൻമാർ ഇരുന്നുകൊണ്ട് ഉറങ്ങുന്ന കാഴ്ച്ച. വയനാട്ടിലുള്ള ആർമി ഉദ്യോഗസ്ഥർ നേരേചൊവ്വേ നീണ്ട് നിവർന്ന് കിടന്നിട്ടുതന്നെ ദിവസങ്ങളായിട്ടുണ്ടാകും. അത്ര വലിയ കഷ്ടപ്പാടുകളാണ് അവർ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

രണ്ടായിരത്തോളം ആളുകളാണ് വയനാടിന്റെ മുക്തിക്കുവേണ്ടി പ്രയത്നിക്കുന്നത്. സൈനികരും മറ്റുള്ള ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും സാധാരണക്കാരുമെല്ലാം രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നുണ്ട്. അവർക്ക് ഊർജ്ജം പകരാൻ മോഹൻലാലിന്റെ വരവിന് സാധിക്കും. 

മലയാളികൾക്ക് അദ്ദേഹം ഒരു കുടുംബാംഗത്തെപ്പോലെയാണ്. ഈ ദുരന്തത്തിൽ മുന്നൂറിലധികം പേർ മരിച്ചുകഴിഞ്ഞു. ഇരുനൂറിലധികം മനുഷ്യരെ ഇനിയും കണ്ടെത്താനുണ്ട്. അവരുടെ ബന്ധുക്കളെ എങ്ങനെ ആശ്വസിപ്പിക്കും എന്ന് ആലോചിച്ച് നാം ഇപ്പോഴും വിഷമിക്കുകയാണ്. ആ സാധുക്കളെ കാണാനാണ് മോഹൻലാൽ പോയത്. അവരുടെ ദുഃഖം പൂർണമായും മാറ്റാൻ അദ്ദേഹത്തിന് കഴിയില്ലായിരിക്കും. പക്ഷേ അവർക്ക് ചെറിയൊരു ആശ്വാസം പകരാൻ ലാലിന് സാധിക്കും.അത് വലിയൊരു കാര്യം തന്നെയാണ്‌. വയനാടിന്റെ അതിജീവനത്തിനുവേണ്ടി ലാൽ 25 ലക്ഷം രൂപ നൽകിയിരുന്നു എന്ന കാര്യവും മറക്കരുത്. എല്ലാ അർഥത്തിലും അദ്ദേഹം മാതൃകയാവുകയാണ്.

മോഹൻലാൽ വയനാട് സന്ദർശിച്ചപ്പോൾ ആളുകൾ കോപാകുലരാകുന്നു. അദ്ദേഹം അവിടെ പോയില്ലായിരുന്നുവെങ്കിൽ മറ്റൊരു തരത്തിൽ വിമർശനം ഉയരുമായിരുന്നു. ''ഇയാൾക്ക് എന്തിനാണ് കേണൽ പദവി കൊടുത്തത് ''എന്ന് പലരും ചോദിക്കുമായിരുന്നു! ലാൽ എന്ത് ചെയ്താലും അതിൽ കുറ്റങ്ങൾ കണ്ടെത്തുന്ന പ്രവണത ശരിയല്ല. മോഹൻലാലിനെ കണ്ടപ്പോൾ വയനാട്ടിലെ ആളുകൾ ചെറുതായിട്ടെങ്കിലും ഒന്ന് ചിരിക്കുന്നുണ്ട്. ലാലിനോട് ഐക്യപ്പെടാൻ എനിക്ക് അത് മാത്രം മതിയാകും.

ജിഷ്ണു അനിൽ മൂവി സ്ട്രീറ്റ് പേജിൽ പങ്കുവച്ച കുറിപ്പ്:

“മനുഷ്യനുള്ള കാലം വരെ ഇതിനൊന്നും ഒരു മാറ്റാവുമില്ലാതെ തുടരും“

പുഴു സിനിമയിൽ വല്ലാതെ സ്ട്രൈക്കിങ് ആയി തോന്നിയൊരു ഡയലോഗ് ആണിത്. കാരണം എന്നും പ്രസക്തി ആയൊരു കാര്യമാണത്.വയനാട് ദുരന്തത്തിൽ ജാതിയും മതവും എല്ലാം മറന്ന് മലയാളി ഒന്നിച്ച് നിന്നപ്പോൾ എല്ലാവരും യഥാർഥ കേരള സ്റ്റോറി എന്താണെന്ന് കാണിച്ച് തരുമ്പോഴും ഇതിലൊന്നും പെടാത്ത, നൽകുന്ന സഹായങ്ങൾക്ക് പോലും രാഷ്ട്രീയവും മതവും നോക്കുന്ന , മറ്റുള്ളവരിലും തങ്ങളുടെ ചീഞ്ഞ ചിന്താഗതി കലർത്താൻ നോക്കുന്ന , ദുരിത ബാധിതർക്ക് വേണ്ടി നിലകൊള്ളുന്നവരുടെ ഓചിത്യത്തെ കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ചിലരുണ്ട്.

ഇന്ന് മോഹൻലാൽ വയനാട് സന്ദർശനം നടത്തി. അതിന് പിന്നിലെ ഉദ്ദേശ്യം സന്തോഷം നൽകുന്ന ഒന്നാണ്. പക്ഷേ അത് കാണാതെ അദ്ദേഹത്തിനോടുള്ള വെറുപ്പ് മൂലം സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം അദ്ദേഹത്തിന്റെ സന്ദർശനത്തെ പ്രഹസനം ആയും മുതലെടുപ്പ് ആയും പറയുന്നു. ലെഫ്റ്റ്നന്റ് കേണൽ ആയ മോഹൻലാൽ അദ്ദേഹം കൂടി ഭാഗമായ ബറ്റാലിയൻ രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ദുരന്തമുഖത്ത് പട്ടാള യൂണിഫോമിൽ വന്നത് പോലും ഒരു ഷോഓഫ്‌ എന്ന നിലയിൽ കാണുന്ന ആളുകൾ ഉണ്ടെന്നറിയുമ്പോൾ പെട്ടെന്ന് 0.02 % കീടാണുക്കളെ ഓർമ വരും.

നമ്മുടെ കണ്ണിൽ കാണുന്നത് മാത്രം ആണ് 0.02%, മലയാളികളുടെ പൊതുസ്വഭാവം അറിയാവുന്നത്കൊണ്ട് പേടി കാരണം ഇത്തരം തരംതാണ ചിന്തകൾ മനസ്സിൽ ഒലിപ്പിച്ച് ജീവിക്കുന്നവരും കുറവല്ല. മലയാളി എത്ര വലിയ മനസ്സുള്ളവൻ ആണെന്ന് പറഞ്ഞാലും ഇവരെപോലെയുവർ മനുഷ്യനുള്ള കാലം വരെ ഈ നാട്ടിൽ ഉണ്ടാവും നമ്മളുടെ ഇടയ്ക്ക്. ഈ ദുരന്തകാലം കഴിയുമ്പോൾ കുറച്ച് കൂടി തീവ്രമായി ഇവർ സോഷ്യൽ മീഡിയയിലും നേരിട്ടും നിലനിൽക്കും. ഇനിയിപ്പോ ചിലർ ചോദിക്കും ഇങ്ങനെയുള്ളവരെ പറ്റി  എന്തിന് ചർച്ച ചെയ്യുന്നു മൈൻഡ് ചെയ്യാതെ പോകണം എന്ന് എന്നാൽ ഇവരെ പറ്റി ചർച്ച ചെയ്യണം കാരണം വൈറസ് പോലെ തന്നെ അപകടമാണ് ഇവരും ഇവരുടെ നിലപാടുകൾ ഒരാളെ എങ്കിലും സ്വാധീനിക്കുന്നുണ്ടെങ്കിൽ അത് ഒരു പ്രശ്നം തന്നെയാണ്.

മോഹൻലാൽ വെറുതെ വന്നു കാഴ്ച കണ്ട് പോകാൻ വന്നതാണെങ്കിൽ കളിയാക്കിയതിൽ എവിടെയെങ്കിലും കഴമ്പുണ്ടെന്ന് പറയാം. പക്ഷെ അയാൾ അവിടെ ഏറെ നേരം ചിലവഴിച്ച് തന്നാൽ എന്തു ചെയ്യാൻ കഴിയും എന്ന് വിലയിരുത്തി സഹായങ്ങൾ പ്രഖ്യാപിച്ചാണ് അവിടെ നിന്ന് മടങ്ങിയത്! ദുരിതശ്വാസ നിധിയിലേക്കു മുൻപ് നൽകിയ 25 ലക്ഷത്തിന് പുറമെ വിശ്വശാന്തി ഫൗണ്ടേഷൻ മുഖേന 3 കോടി നൽകുന്നു...പുറമെ ആ നാടിന്റെ മുന്നോട്ടുള്ള യാത്രക്കു വേണ്ടിയുള്ള മറ്റു സഹായങ്ങളും ഒപ്പം ഫാൻസ്‌ അസോസിയേഷൻ വഴിയുള്ള സഹായങ്ങളും. ആലോചിക്കണം, ഇന്ത്യയിലെ വലിയ താരങ്ങളിൽ ഒരാൾ തന്റെ വ്യക്തിപരമായ സമയം മാറ്റി വെച്ച് തന്റെ നാടിന് വേണ്ടി നിലകൊള്ളുന്നത് തന്നെ വളർത്തിയത് ഇവരാണ് എന്ന് ബോധ്യം ഉള്ളത് കൊണ്ടാണ് എന്നിട്ടും അയാളെ ഈ കാര്യത്തിൽ കളിയാക്കാൻ നിൽക്കുന്നവരോട് എന്ത് പറയാൻ.

ഇന്ന് ദുരന്തഭൂമിയിൽ വച്ച് ഒരു യുവതി മോഹൻലാലിനോട് പറഞ്ഞതാണ് എല്ലാവരും വന്നു എല്ലാം കണ്ടിട്ട് പോകും അവസാനം ഞങ്ങൾ ഒറ്റയ്ക്കാകും എന്ന്. അതിന് മോഹൻലാൽ നൽകിയ മറുപടി, ഇനി നിങ്ങൾ ഒരിക്കലും ഒറ്റക്കാവില്ല എന്ന് ഉറപ്പ് തരാനാണ് ഞാൻ നേരിൽ വന്നത് എന്നാണ്. അത് വെറും ഭംഗി വാക്ക് ആയിരിക്കില്ല എന്ന് അദ്ദേഹം മുൻപ് ഇത്തരം അവസ്ഥകളിൽ ദുരിതബാധിതർക്ക് നൽകിയ സഹായങ്ങൾ അറിയാവുന്നവർക്ക് മനസിലാകും.

അയാൾ ഏട്ടനാണ് രാജാവ് ആണ് എന്നൊക്കെയുള്ള ഭംഗിവാക്കുകൾ ഉപയോഗിക്കുന്നില്ല , പക്ഷെ അയാളുമൊരു മനുഷ്യനാണ്...മനുഷ്യസ്നേഹിയും. അന്ത മനസ് താൻ കടവുൾ.

English Summary:

Mohanlal in Wayanad: Sandeep Das Responds to Controversy and Criticism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com